
തിരുവനന്തപുരം: തലശ്ശേരി സ്പിരിച്വല്‍ നെക്സസ്, വര്‍ക്കല-ദക്ഷിണ കാശി എന്നീ ടൂറിസം പദ്ധതികള്‍ക്കായി 50 കോടി രൂപ അനുവദിച്ചു. സംസ്ഥാന ടൂറിസം വകുപ്പ് തയ്യാറാക്കിയ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കേന്ദ്ര ടൂറിസം മന്ത്രാലയമാണ് ഫണ്ട് അനുവദിച്ചത്. തലശ്ശേരിയെ പൈതൃക തീര്‍ഥാടന ടൂറിസം ലക്ഷ്യസ്ഥാനമായി വികസിപ്പിക്കുന്ന 'തലശ്ശേരി: ദി സ്പിരിച്വല്‍ നെക്സസ്, 'വര്‍ക്കല-ദക്ഷിണ കാശി ഇന്‍ കേരള' പദ്ധതികള്‍ക്ക് 25 കോടി രൂപ വീതമാണ് അനുവദിച്ചത്. സ്വദേശ് ദര്‍ശന്‍ 2.0 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതികള്‍ നടപ്പാക്കുന്നത്.
തലശ്ശേരി, വര്‍ക്കല പദ്ധതികള്‍ക്ക് തുക അനുവദിച്ചത് സംസ്ഥാനത്തെ ഹെറിറ്റേജ്-തീര്‍ഥാടന ടൂറിസത്തിന്‍റെ വളര്‍ച്ചയ്ക്കും പ്രോത്സാഹനത്തിനും ഗുണകരമാകുമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ചരിത്രപരവും സാംസ്കാരികവുമായി ഏറെ പ്രാധാന്യമുള്ള സ്ഥലങ്ങളാണ് വര്‍ക്കലയും തലശ്ശേരിയും. രണ്ടിടത്തെയും സുപ്രധാന കേന്ദ്രങ്ങളുടെ നവീകരണവും വികസനവും സാധ്യമാകുന്നതോടെ ഇവിടേക്ക് കൂടുതല്‍ സന്ദര്‍ശകര്‍ എത്തും. ഇത് സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് പുതിയ ഉണര്‍വേകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
തലശ്ശേരി സ്പിരിച്വല്‍ നെക്സസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി താഴെ അങ്ങാടി പൈതൃക പ്രദേശത്തിന്‍റെ പുനരുജ്ജീവനത്തിനായി 4 കോടി രൂപ ചെലവഴിക്കും. തെരുവിലെ ഇരിപ്പിടങ്ങള്‍, ലൈറ്റിംഗ്, ലാന്‍ഡ് സ്കേപ്പിംഗ്, സൈനേജുകള്‍ മുതലായവ ഇതില്‍ ഉള്‍പ്പെടും. ചിറക്കകാവ് ഭഗവതി ക്ഷേത്രത്തിലെ ടൂറിസ്റ്റ് അമിനിറ്റി സെന്‍ററിന് 1.51 കോടി, ജഗന്നാഥ ക്ഷേത്രത്തിലെ ടൂറിസ്റ്റ് അമിനിറ്റി സെന്‍ററിന് 4.98 കോടി, പൊന്ന്യം കളരി സെന്‍ററിന് 1.93 കോടി, ചൊക്ലിയിലെ തെയ്യം സാംസ്കാരിക കേന്ദ്രത്തിന് 1.23 കോടി എന്നിങ്ങനെയാണ് അനുവദിച്ചിട്ടുള്ളത്. ഹരിത, സുസ്ഥിര ടൂറിസം, മാലിന്യ നിര്‍മാര്‍ജ്ജനം, പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്കായി 3.25 കോടി രൂപ അനുവദിച്ചു. സിസിടിവി, മൊബൈല്‍ ആപ്, വൈഫൈ, വെബ് പോര്‍ട്ടല്‍, സ്മാര്‍ട്ട് ഡെസ്റ്റിനേഷന്‍ എന്നിവയ്ക്കായി 2.66 കോടി രൂപ ചെലവിടും.
വര്‍ക്കല-ദക്ഷിണ കാശി പദ്ധതിയില്‍ ഗേറ്റ് വേ പാര്‍ക്ക്, ഹെറിറ്റേജ് സ്ട്രീറ്റ്, ബീച്ച് നവീകരണം, ഇന്‍റര്‍പ്രെട്ടേഷന്‍ സെന്‍റര്‍, സ്മാര്‍ട്ട് ടൂറിസം ഹബ് എന്നിവയ്ക്കായി 13.9 കോടി രൂപ അനുവദിച്ചു. ഹരിത ടൂറിസത്തിനും സുസ്ഥിര ഇടപെടലുകള്‍ക്കുമായി 2.4 കോടിയും ഡിജിറ്റൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 2.95 കോടിയും ചെലവഴിക്കും. എംഎസ്എംഇ, നൈപുണ്യ ശേഷി, ഡിജിറ്റല്‍ സാക്ഷരത, സംരംഭകത്വ വികസനം, മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡിംഗ് തുടങ്ങിയവയ്ക്കും തുക അനുവദിച്ചിട്ടുണ്ട്. 2026 മാര്‍ച്ച് 31 ന് പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച രണ്ട് ടൂറിസം പദ്ധതികള്‍ക്ക് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്‍റെ അനുമതി കഴിഞ്ഞ മാസം ലഭിച്ചിരുന്നു. സ്വദേശ് ദര്‍ശന്‍ 2.0 സ്കീം പരിധിയില്‍ ഉള്‍പ്പെടുത്തി ആലപ്പുഴയിലെ ജലടൂറിസം പദ്ധതിക്കും മലമ്പുഴ ഉദ്യാനവും പാര്‍ക്കും സൗന്ദര്യവത്കരിക്കുന്നതിനുമായി 169.05 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam