വാക്സിന്‍ എടുക്കരുതെന്ന് പ്രചരിപ്പിക്കുന്നതും തെറ്റാണെന്ന് മുജാഹിദ് വനിതാ വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്‍റ് വി സി മറിയക്കുട്ടി സുല്ലമിയ്യ
മലപ്പുറം: വീട്ടിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നതിനെതിരെ മുജാഹിദ് വനിതാ വിഭാഗം രംഗത്ത്. പ്രസവം വീട്ടില്‍ നടത്തണമെന്നത് അന്ധവിശ്വാസമെന്ന് എം ജി എം സംസ്ഥാന വൈസ് പ്രസിഡന്‍റ് വി സി മറിയക്കുട്ടി സുല്ലമിയ്യ പ്രതികരിച്ചു. പ്രസവത്തിനായി ആരോഗ്യ കേന്ദ്രങ്ങളെയാണ് സമീപിക്കേണ്ടത്. വാക്സിന്‍ എടുക്കരുതെന്ന് പ്രചരിപ്പിക്കുന്നതും തെറ്റാണെന്ന് മറിയക്കുട്ടി സുല്ലമിയ്യ പറഞ്ഞു.
ചിലര്‍ മതത്തില്‍ അനാചാരങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയാണ്. മതപരമായ വിശ്വാസങ്ങളല്ല ഇക്കൂട്ടര്‍ പറയുന്നത്. അവരാണ് വാക്സിനും ആശുപത്രിയിലെ പ്രസവത്തിനുമെതിരായി പ്രചാരണം നടത്തുന്നത്. ഈ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ അവരുടെ നിഗമനത്തിനനുസരിച്ചാണ് കാര്യങ്ങള്‍ പറയുന്നത്. ഇതിനെതിരെ സ്ത്രീകളില്‍ ബോധവത്കരണം നടത്തുമെന്നും വി സി മറിയക്കുട്ടി സുല്ലമിയ്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മന്ത്രവാദം എന്നത് ഇസ്ലാമികമല്ലെന്നും രോഗം വന്നാൽ ചികിത്സിക്കണമെന്നാണ് പ്രവാചകൻ പഠിപ്പിച്ചിട്ടുള്ളതെന്നും മറിയക്കുട്ടി പറഞ്ഞു. മന്ത്രവാദം പോലുള്ള കാര്യങ്ങൾക്കെതിരെയും ബോധവൽക്കരണം നടത്തുമെന്ന് മറിയക്കുട്ടി പ്രതികരിച്ചു.
മലപ്പുറത്ത് പ്രസവം വീട്ടിൽ നടത്തിയതിന് പിന്നാലെ അസ്മയെന്ന യുവതി മരിച്ച സംഭവത്തില്‍ ഭർത്താവ് സിറാജ്ജുദ്ദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രസവശേഷം വൈദ്യസഹായം ലഭിക്കാതെ രക്തം വാര്‍ന്നാണ് യുവതി മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. കൃത്യമായ പരിചരണം ലഭിച്ചിരുന്നുവെങ്കില്‍ മരണം സംഭവിക്കില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. യൂട്യൂബ് ചാനലിലൂടെ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ച ഭര്‍ത്താവ് സിറാജുദ്ദിന്‍, ഭാര്യയെയും ഇരയാക്കിയെന്നാണ് ആക്ഷേപം ഉയർന്നു.
അസ്മയുടെ നേരത്തെയുള്ള നാല് പ്രസവത്തില്‍ രണ്ട് പ്രസവം വീട്ടിലാണ് നടന്നത്. ആശുപത്രിയില്‍ പ്രസവത്തിന് സിറാജ്ജുദ്ദീൻ അനുവദിക്കാത്തതിനാലാണ് വീട്ടില്‍ പ്രസവിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. നരഹത്യ, തെളിവ് നശിപ്പിക്കല്‍ കുറ്റങ്ങളാണ് സിറാജുദ്ദീനെതിരെ ചുമത്തിയിട്ടുള്ളത്. സിറാജുദ്ദീനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം