
കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയുടെ ലഹരി കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം. എസിപിമാരായ കെ ജയകുമാർ,അബ്‌ദുൾ സലാം, രാജ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുക. ഡാൻസഫ്, സൈബർ ടീം അംഗങ്ങളും സംഘത്തിലുണ്ട്. ഷൈനുമായി ബന്ധപ്പെട്ട വിവര ശേഖരണം നടത്തുന്നതിനാണ് അന്വേഷണ സംഘം വിപുലീകരിച്ചതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അതിനിടെ, ഷൈൻ ടോം ചാക്കോക്കെതിരെ വിൻസി അലോഷ്യസിന്റെ പരാതി ശരിവച്ച് സിനിമാ താരം അപർണ്ണ ജോൺസും രംഗത്തെത്തി. സൂത്രവാക്യം സിനിമയുടെ സെറ്റിൽ ഷൈൻ തന്നോടും മോശമായി പെരുമാറിയെന്ന് നടി ആരോപിച്ചു. ലൈംഗിക ചുവയോടെയുള്ള തീർത്തും മോശമായ സംസാരമായിരുന്നു ഷൈനിന്റേതെന്നും ഷൂട്ടിങ്ങിനിടയിൽ ഇത് വലിയ ബുദ്ധിമുട്ടായെന്നും അപർണ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സംഭവത്തിൽ ഷൂട്ടിനിടയിൽ തന്നെ ഐസി അംഗത്തോട് പരാതി പറഞ്ഞിരുന്നുവെന്നും അവർ വ്യക്തമാക്കി.
തൻ്റെ പരാതിയിൽ ഇന്റേണൽ കംപ്ലയ്ൻ്റ്സ് കമ്മിറ്റി ഉടനെ പരിഹാരമുണ്ടാക്കിയെന്നും ഓസ്‌ട്രേലിയയിൽ കഴിയുന്ന അപർണ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. വിൻസി പങ്കുവെച്ച അനുഭവം നൂറ് ശതമാനം ശരിയാണ്. താനും കൂടെ ഇരിക്കുമ്പോഴാണ് ഷൈൻ വെള്ളപ്പൊടി തുപ്പിയത്. അത് മയക്കുമരുന്നാണോയെന്ന് അറിയില്ല. വിവരങ്ങൾ അമ്മ സംഘടനയ്ക്കും കൈമാറിയിട്ടുണ്ട്. ഓസ്ട്രേലിയലിൽ ജീവിക്കുന്നതിനാൽ നിയമനടപടികൾ ഉണ്ടായാൽ ഭാഗമാകുന്നതിൽ നിലവിൽ പരിമിതികളുണ്ട്. നാട്ടിലായിരുന്നെങ്കിൽ ഉറപ്പായും മുന്നോട്ട് പോകുമായിരുന്നെന്നും അവർ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam