കൊടുങ്ങല്ലൂർ സ്വദേശികളായ അബ്ദുൾ ജലീലിനും സീനത്തിനും എല്ലാ മാസവും ഓരോ കുട്ടിയുടെയും വീട്ടിൽ നിന്നെത്തിക്കുന്ന സാധനങ്ങൾ സ്വരുക്കൂട്ടി ഭക്ഷ്യകിറ്റുകൾ നൽകും
തൃശൂർ: ലഹരിക്ക് അടിമയായ മകൻ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഉമ്മയ്ക്കും ഉപ്പയ്ക്കും കൈത്താങ്ങായി തൃശൂർ അഴീക്കോട് തിബ്യാൻ പ്രൈമറി സ്കൂൾ വിദ്യാർഥികൾ. കൊടുങ്ങല്ലൂർ സ്വദേശികളായ അബ്ദുൾ ജലീലിനും സീനത്തിനും എല്ലാ മാസവും ഓരോ കുട്ടിയുടെയും വീട്ടിൽ നിന്നെത്തിക്കുന്ന സാധനങ്ങൾ സ്വരുക്കൂട്ടി ഭക്ഷ്യകിറ്റുകൾ നൽകും. ഏഷ്യാനെറ്റ് ന്യൂസ് പരമ്പരയിലൂടെയാണ് ജലീലിന്‍റെയും സീനത്തിന്‍റെയും ജീവിതം ജനങ്ങളിലേക്ക് എത്തിയത്. പേടികൂടാതെ ജീവിക്കാനുള്ള സാഹചര്യം കൂടിയാണ് ഇനി
ഇവർക്ക് വേണ്ടത്.
ലഹരിയുടെ പിടിയിൽ അച്ഛനെയും അമ്മയെയും കൊലപ്പെടുത്താൻ ശ്രമിച്ച മകനോട് 'ഇനി ഇങ്ങനെ ഒരു മകനെ വേണ്ട, പെറ്റ വയറിനോട് ആണ് ഇത് ചെയ്ത'തെന്ന് നെഞ്ച് തകർന്നാണ് അവർ പറഞ്ഞത്. അവരെ ചേർത്ത് പിടിക്കാൻ തയ്യാറായിരിക്കുകയാണ് തിബ്യാൻ പ്രൈമറി സ്കൂൾ വിദ്യാർഥികൾ. ലഹരിയിൽ എല്ലാം നഷ്ടപ്പെട്ട് പോയവരുടെ അതിജീവനത്തിന് ഇത്തരം ശ്രമങ്ങൾക്ക് അതീവ പ്രധാന്യമുണ്ട്.
ഏഷ്യാനെറ്റിന്‍റെ വാർത്തയിലൂടെയാണ് ആ അമ്മയും അച്ഛനും തിരിച്ച് വീട്ടിലെത്തിയതായി അറിഞ്ഞതെന്ന് സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഷമീർ എറിയാട് പറഞ്ഞു. ഇഫ്താർ സംഗമത്തിലേക്ക് ഇരുവരെയും ക്ഷണിച്ചാണ് വിദ്യാർത്ഥികളുടെ സ്നേഹം അറിയിച്ചത്. സ്കൂളിലെ 200 കുട്ടികളുടെയും ഉപ്പയും ഉമ്മയുമായെന്നും വളരെയധികം സന്തോഷമെന്നും ജലീൽ പറഞ്ഞു.