ഉന്നത ഐപിഎസ് ഉദ്യോഗസ്ഥനെതിരെ കേസെടുക്കാമെന്ന ഡിജിപിയുടെ ശുപാർശ അസാധാരണം; തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രി

ഇന്‍റലിജൻസ് മേധാവി പി വിജയനെതിരെ വ്യാജമൊഴി നൽകിയ എ‍ഡിജിപി എംആർ അജിത് കുമാറിനെതിരെ കേസെടുക്കാൻ ഡിജിപി ശുപാർശ ചെയ്തു. മുഖ്യമന്ത്രിയുടെ തീരുമാനം നിർണ്ണായകമാകും.

DGP recommendation to file case against top IPS officer is unusual now all eyes on cm pinarayi vijayan

തിരുവനന്തപുരം: ഇന്‍റലിജൻസ് മേധാവി പി വിജയനെതിരെ വ്യാജമൊഴി നൽകിയതിന് എ‍ഡിജിപി എംആർ അജിത് കുമാറിനെതിരെ കേസെടുക്കാമെന്നുള്ള ഡിജിപിയുടെ ശുപാര്‍ശയിൽ ഇനി തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രി. സ്വർണ്ണക്കടത്തിൽ പി വിജയന് ബന്ധമുണ്ടെന്ന മൊഴി നൽകിയ നടപടി ക്രിമനൽ കുറ്റമെന്നാണ് ഡിജിപിയുടെ കണ്ടെത്തൽ. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ അജിത് കുമാറിനെതിരായ ഒരു നടപടിക്ക് സര്‍ക്കാര്‍ തയാറാകുമോ എന്നതാണ് ആകാംക്ഷ. ഉന്നത ഐപിഎസ് ഉദ്യോഗസ്ഥനെതിരെ കേസെടുക്കാമെന്ന് ഡിജിപി തന്നെ ശുപാർശ ചെയ്യുന്നത് അസാധാരണ സാഹചര്യമാണ്. 

പി വി അൻവറിന്‍റെ ആരോപണത്തിൽ ഡിജിപിയുടെ അന്വേഷണത്തിൽ അജിത് കുമാർ നൽകിയ മൊഴിയാണ് കുരുക്കായത്. കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തിൽ പി വിജയന് ബന്ധമുണ്ടെന്ന് മലപ്പുറം മുൻ എസ്പി സുജിത് ദാസ് തന്നോട് പറഞ്ഞുവെന്നായിരുന്നു അജിത് കുമാറിന്‍റെ മൊഴി. മൊഴി പുറത്ത് വന്നതിന് പിന്നാലെ സുജിത് ദാസ് ഇക്കാര്യം തള്ളിപ്പറഞ്ഞു. പിന്നാലെ പി വിജയൻ സർക്കാരിനെ സമീപിച്ചു. ഒന്നുകിൽ അജിത് കുമാറിനെതിരെ സർക്കാർ നടപടി സ്വീകരിക്കണം. അല്ലെങ്കിൽ തനിക്ക് നിയമനടപടിക്ക് അനുമതി നൽകണം ഇതായിരുന്നു ആവശ്യം. വിജയന്‍റെ ഈ ആവശ്യത്തിലാണ് സർക്കാർ ഡിജിപിയുടെ അഭിപ്രായം തേടിയത്. 

Latest Videos

വ്യാജ മൊഴി നൽകിയ അജിത് കുമാറിന്‍റെ നടപടി ക്രിമിനൽ കുറ്റമെന്നാണ് ഡിജിപി ഷെയ്ക് ദര്‍വേഷ് സാഹിബിന്‍റെ അഭിപ്രായം. സിവിലായും ക്രിമിനലായും അജിത് കുമാറിനെതിരെ കേസെടുക്കാനുള്ള സാഹചര്യമുണ്ട്. ഗുരുതരമായ കുറ്റകൃത്യത്തിലേക്കാണ് മറ്റൊരു ഉന്നത ഉദ്യോഗസ്ഥനെ വലിച്ചിഴച്ചത്. വ്യാജ സത്യവാങ്മൂലം ഒപ്പിട്ട് നൽകി. ഇത്തരം നടപടിക്ക് ഭാരതീയ ന്യായ സംഹിത പ്രകാരം കേസെടുക്കാമെന്നാണ് നിർണ്ണായക ശുപാ‍ർശ. പൂരം കലക്കലിൽ അജിത് കുമാറിനെ നിശിതമായി വിമർശിച്ച് നേരത്തെ ഡിജിപി സർക്കാറിന് റിപ്പോർട്ട് നൽകിയിരുന്നു. 

ആ റിപ്പോർട്ടിൽ നടപടി എടുക്കാതെ ത്രിതല അന്വേഷണം പ്രഖ്യാപിച്ച് കൈവിടാതെ അജിത് കുമാറിനെ ചേര്‍ത്ത് പിടിക്കുകയായിരുന്നു സർക്കാർ. വൻ വിവാദങ്ങളുണ്ടായിട്ടും മുഖ്യമന്ത്രിയുടെ വിശ്വസ്തനായ അജിത്കുമാറിനെ പരമാവധി സംരക്ഷിച്ചുപോരുന്നതാണ് സർക്കാർ രീതി. ഷെയ്ഖ് ദർവേഷ് സാഹിബ് വിരമിക്കുന്നതിന് പിന്നാലെ ജൂലൈയിൽ അജിത് കുമാർ ഡിജിപി തസ്തികയിലേക്കെത്തുകയാണ്. അതിനിടെയാണ് കേസിനുള്ള ശുപാർശ. മുഖ്യമന്ത്രിയുടെ തീരുമാനവും പി വിജയന്‍റെ നീക്കവും ഇതോടെ നിർണ്ണായകമായി. 

സ്റ്റേഷനിൽ ഒപ്പിടാൻ വന്നപ്പോൾ ഇൻസ്പെക്ടറായ മേരി പ്രതിയെ കാണണമെന്ന് പറഞ്ഞു; ചോദിച്ചത് 30,000, പിന്നെ നടന്നത്!

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

vuukle one pixel image
click me!