
സ്റ്റേജ് പ്രോഗ്രാമുകൾക്കിടയിൽ ആരാധകരെ കൈയിലെടുക്കാന്‍ കലാകരന്മാര്‍ ശ്രമിക്കുന്നത് സാധാരണമാണ്. കാഴ്ചക്കാരെ ആവേശത്തിലാക്കാനാണിത്. എന്നാല്‍, ഇത്തരം നീക്കം പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നു. സാമൂഹികമാധ്യമങ്ങളിലൂടെ ഇത്തരം സംഭവങ്ങളുടെ വീഡിയോകൾ വ്യാപകമായി പങ്കുവയ്ക്കപ്പെടാറുമുണ്ട്. സമാനമായ രീതിയിൽ അല്പം ഭീകരമായ ഒരു വീഴ്ചയുടെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരിക്കുകയാണ്. വേദിയിൽ വച്ച് പാട്ടുപാടുന്നതിനിടയിൽ ബാക്ക് ഫ്ലിപ്പ് ചെയ്യാൻ ശ്രമിച്ച ഗായകന് ചുവട് പിഴച്ച് കാണികൾക്ക് മുന്നിൽ നടുവടിച്ച് വീഴുകയായിരുന്നു.
d4vd എന്ന പേരിൽ അറിയപ്പെടുന്ന ഗായകനും ഗാന രചിതാവുമായ ഡേവിഡിനാണ് സ്റ്റേജ് പ്രോഗ്രാമിന് ഇടയിൽ ഗുരുതരമായി പരിക്കേറ്റത്. കാലിഫോർണിയയിലെ ഇൻഡിയോയിലുള്ള എംപയർ പോളോ ക്ലബ്ബിൽ നടക്കുന്ന വാർഷിക സംഗീത, കലാമേളയായ കോച്ചെല്ലയിലെ ഒരു പ്രകടനത്തിനിടെയാണ് ഇരുപതുകാരനായ ഡേവിഡിന് അപകടം പറ്റിയത്. ന്യൂയോർക്ക് സ്വദേശിയായ കലാകാരനാണ് ഇദ്ദേഹം. വേദിയിൽ സംഗീത പരിപാടി അവതരിപ്പിക്കുന്നതിനിടയിൽ ബാക്ക്ഫ്ലിപ്പ് ചെയ്യാൻ നടത്തിയ ശ്രമമാണ് അപകടത്തിൽ കലാശിച്ചത്.
Read More: 12 ഡോളറിന് ഗൂഗിൾ ഡൊമൈൻ സ്വന്തമാക്കിയ ഇന്ത്യക്കാരൻ; തിരിച്ച് വാങ്ങാൻ ഗൂഗിൾ മുടക്കിയത് ലക്ഷങ്ങൾ
ആയിരക്കണക്കിന് കാണികൾ തിങ്ങിനിറഞ്ഞ വേദിയിലായിരുന്നു സംഭവം നടന്നത്. ഡേവിഡ് വീണതും കാണികളും സംഘാടകരും ആശ്ചര്യപ്പെടുന്നതും ചിലർ പിടിച്ചെഴുന്നേൽപ്പിക്കാനായി ഓടിയെത്തുന്നതും വീഡിയോയിൽ കാണാം. എന്നാൽ അതിന് മുമ്പ് തന്നെ വീണ് കിടന്ന് കൊണ്ട് തന്നെ അദ്ദേഹം പാട്ടുപാടുന്നത് തുടരുകയും തനിയെ എഴുന്നേൽക്കുകയുമായിരുന്നു. നടുവടിച്ച് താഴെ വീണെങ്കിലും തന്‍റെ സംഗീത പരിപാടി പൂർത്തിയാക്കിയതിന് ശേഷമാണ് അദ്ദേഹം വേദിയിൽ നിന്നും മടങ്ങിയത്. വലിയ കരഘോഷത്തോടെയാണ് അപകടത്തിന് ശേഷം കാണികൾ അദ്ദേഹത്തിന്‍റെ കലാപ്രകടനത്തെ സ്വീകരിച്ചത്.
വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ നിരവധി ആളുകളാണ് ഡേവിഡിന് പിന്തുണ അറിയിച്ച് കൊണ്ടും അനുഭാവം പ്രകടിപ്പിച്ച് കൊണ്ടും അഭിപ്രായ പ്രകടനങ്ങൾ നടത്തിയത്. അപകടം സംഭവിക്കുന്നതിന്‍റെ വീഡിയോ വൈറലായതോടെ മറ്റൊരു സമൂഹ മാധ്യമ കുറിപ്പുമായി ഡേവിഡും രംഗത്തെത്തി. കണ്ണടച്ച് നിൽക്കുന്ന ഒരു നായ കുട്ടിയുടെ ചിത്രം പോസ്റ്റ് ചെയ്തു കൊണ്ട് അദ്ദേഹം കുറിച്ചത്, "അപമാന ചടങ്ങ് പൂർത്തിയായി... അടുത്ത ആഴ്ച കാണാം. കോച്ചെല്ല, ഞാൻ നിന്നെ സ്നേഹിക്കുന്നു" എന്നായിരുന്നു. ഒപ്പം ബാക്ക് ഫ്ലിപ്പ് പരിശീലനം നടത്തുന്ന മറ്റൊരു വീഡിയോയും അദ്ദേഹം പങ്കുവെച്ചു. ഡേവിഡ് ആന്‍റണി ബർക്ക് എന്ന d4vd, റൊമാന്‍റിക് ഹോമിസൈഡ്, ഹിയർ വിത്ത് മി തുടങ്ങിയ ഹിറ്റ് ട്രാക്കുകളിലൂടെയാണ് അടുത്തിടെ ജനപ്രീതി നേടിയത്.