പി വിജയനെതിരായ വ്യാജ മൊഴി; അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി, സിവിലായും ക്രിമിനലായും നടപടിയെടുക്കാം

എസ്പി സുജിത് ദാസ് പറഞ്ഞുവെന്നായിരുന്നു ഡിജിപിക്ക് നൽകിയമൊഴി. സുജിത് ദാസ് ഇക്കാര്യം നിഷേധിച്ചിരുന്നു. 
പി വിജയൻ നിയമനടപടി ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയിരുന്നു.

False statement against P Vijayan; DGP says case may be filed against mr Ajith Kumar, civil and criminal action may be taken

തിരുവനന്തപുരം: ഇൻറലിജൻസ് മേധാവി പി വിജയനെതിരെ വ്യാജമൊഴി നൽകിയതിന് എ‍ഡിജിപി എംആർ അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി. സ്വർണ്ണക്കടത്തിൽ പി വിജയന് ബന്ധമുണ്ടെന്ന മൊഴി നൽകിയ നടപടി ക്രിമനൽ കുറ്റമെന്നാണ് ഡിജിപിയുടെ കണ്ടെത്തൽ. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ അജിത് കുമാറിനെതിരായ ഡിജിപിയുടെ ശുപാർശയിൽ  മുഖ്യമന്ത്രി തന്നെയാണ് തീരുമാനമെടുക്കേണ്ടത്.

എംആർ അജിത് കുമാർ വീണ്ടും കുരുക്കിലേക്ക്. ഉന്നത ഐപിഎസ് ഉദ്യോഗസ്ഥനെതിരെ കേസെടുക്കാമെന്ന് ഡിജിപി തന്നെ ശുപാർശ ചെയ്യുന്നത് അസാധാരണ സാഹചര്യമാണ്. പിവി അൻവറിൻറെ ആരോപണത്തിൽ ഡിജിപിയുടെ അന്വേഷണത്തിൽ അജിത് കുമാർ നൽകിയ മൊഴിയാണ് കുരുക്കായത്. കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തിൽ പി വിജയന് ബന്ധമുണ്ടെന്ന് മലപ്പുറം മുൻ എസ്പി സുജിത് ദാസ് തന്നോട് പറഞ്ഞുവെന്നായിരുന്നു അജിത് കുമാറിൻറെ മൊഴി. മൊഴി പുറത്ത് വന്നതിന് പിന്നാലെ സുജിത് ദാസ് ഇക്കാര്യം തള്ളിപ്പറഞ്ഞു. പിന്നാലെ പി വിജയൻ സർക്കാറിനെ സമീപിച്ചു. ഒന്നുകിൽ അജിത് കുമാറിനെതിരെ സർക്കാർ നടപടി സ്വീകരിക്കണം. അല്ലെങ്കിൽ തനിക്ക് നിയമനടപടിക്ക് അനുമതി നൽകണം ഇതായിരുന്നു ആവശ്യം. വിജയൻ്റെ ആവശ്യത്തിലാണ് സർക്കാർ ഡിജിപിയുടെ അഭിപ്രായം തേടിയത്. 

Latest Videos

വ്യാജ മൊഴി നൽകിയ അജിത് കുമാറിൻറെ നടപടി ക്രിമിനൽ കുറ്റമെന്നാണ് ഡിജിപി ഷെയ്ക് ദർവ്വേസ് സാഹിബിനറെ അഭിപ്രായം. സിവിലായും ക്രിമിനലായും അജിത് കുമാറിനെതിരെ കേസെടുക്കാനുള്ള സാഹചര്യമുണ്ട്. ഗുരുതരമായ കുറ്റകൃത്യത്തിലേക്കാണ് മറ്റൊരു ഉന്നത ഉദ്യോഗസ്ഥനെ വലിച്ചിഴച്ചത്. വ്യാജ സത്യവാങ്മൂലം ഒപ്പിട്ട് നൽകി. ഇത്തരം നടപടിക്ക് ഭാരതീയ ന്യായ സംഹിത പ്രകാരം കേസെടുക്കാമെന്നാണ് നിർണ്ണായക ശുപാ‍ർശ. പൂരം കലക്കലിൽ അജിത് കുമാറിനെ നിശിതമായി വിമർശിച്ച് നേരത്തെ ഡിജിപി സർക്കാറിന് റിപ്പോർട്ട് നൽകിയിരുന്നു. ആ റിപ്പോർട്ടിൽ നടപടി എടുക്കാതെ ത്രിതല അന്വേഷണം പ്രഖ്യാപിച്ച് അജിത് കുമാറിനെ കൈവിട്ടില്ല സർക്കാർ. വൻവിവാദങ്ങളുണ്ടായിട്ടും മുഖ്യമന്ത്രിയുടെ വിശ്വസ്തനായ അജിത്കുമാറിനെ പരമാവധി സംരക്ഷിച്ചുപോരുന്നതാണ് സർക്കാർ രീതി. ഷെയ്ഖ് ദർവ്വേസ് സാഹിബ് വിരമിക്കുന്നതിന് പിന്നാലെ ജൂലൈയിൽ അജിത് കുമാർ ഡിജിപി തസ്തികയിലേക്കെത്തുകയാണ്. അതിനിടെയാണ് കേസിനുള്ള ശുപാർശ. മുഖ്യമന്ത്രിയുടെ തീരുമാനവും പി വിജയൻ്റെ നീക്കവും നിർണ്ണായകമാണ്. 

സുഹൃത്തുക്കളെ വിളിച്ച് മരിക്കുകയാണെന്ന് പറഞ്ഞു; ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

tags
vuukle one pixel image
click me!