കൊല്ലം കരുനാഗപ്പള്ളിയിൽ അമ്മ തീകൊളുത്തിയതിനെ തുടർന്ന് മരിച്ച പെൺമക്കളുടെയും ആത്മഹത്യ ചെയ്ത അമ്മ താരയുടെയും പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. ഭർത്താവിന്‍റെ വീട്ടുകാരുമായുള്ള സ്വത്ത് തർക്കമാണ് മക്കളുടെ ജീവനെടുത്ത് ആത്മഹത്യ ചെയ്യുന്നതിന് താരയെ പ്രേരിപ്പിച്ചതെന്നാണ് നിഗമനം
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ അമ്മ തീകൊളുത്തിയതിനെ തുടർന്ന് മരിച്ച പെൺമക്കളുടെയും ആത്മഹത്യ ചെയ്ത അമ്മ താരയുടെയും പോസ്റ്റ്മോർട്ടം ഇന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും. ഇന്നലെ വൈകിട്ടാണ് ഒന്നര വയസ്സുകാരി ആത്മികയെയും ആറുവയസുള്ള അനാമികയെയും ഒപ്പം നിർത്തി താര മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്.
ഗുരുതരമായി പൊള്ളലേറ്റ മൂന്ന് പേരെയും വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ഭർത്താവിന്‍റെ വീട്ടുകാരുമായുള്ള സ്വത്ത് തർക്കമാണ് മക്കളുടെ ജീവനെടുത്ത് ആത്മഹത്യ ചെയ്യുന്നതിന് താരയെ പ്രേരിപ്പിച്ചതെന്നാണ് നിഗമനം. ഓഹരി സംബന്ധിച്ച് താരയും ഭർതൃവീട്ടുകാരും തമ്മിൽ ഇന്നലെ വഴക്കുണ്ടായെന്നും പൊലീസ് പറയുന്നു. ആത്മഹത്യാ ഭീഷണി മുഴക്കിയ താരയെ പൊലീസ് എത്തിയാണ് അനുനയിപ്പിച്ചത്.
എന്നാൽ, വാടക വീട്ടിൽ തിരിച്ചെത്തിയ താര മക്കളെയും കൂട്ടി ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു. പ്രവാസിയായ ഭർത്താവ് ഗിരീഷ് നാട്ടിൽ മടങ്ങിയെത്താനിരിക്കെയായിരുന്നു താരയുടെയും മക്കളുടെയും ഭാരുണാന്ത്യം. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മൂവരുടെയും മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ വൈകിട്ടോടെയാണ് അമ്മ താര മരിച്ചത്. ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന മക്കള്‍ രാത്രിയോടെയാണ് മരിച്ചത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)