പൊലീസുകാരന്റെ അമ്മ വീട്ടിൽ മരിച്ച നിലയിൽ, മൃതദേഹത്തിൽ മാലയും കമ്മലുമില്ല; സംശയത്തിനൊടുവിൽ പിടിയിലായത് 24കാരി

70കാരിയെ വീടിന് പുറത്ത് കാണാതായപ്പോഴാണ് നാട്ടുകാർ പൊലീസുകാരനായ മകനെ വിളിച്ച് വിവരമറിയിച്ചത്. അന്വേഷണത്തിൽ അയൽവാസിയായ 24കാരി അറസ്റ്റിലായി.

mother of policeman found dead inside house but there were no chain or earring on the body lead to suspicion

ചെന്നൈ: തമിഴ്നാട് തൂത്തുക്കുടിയിൽ പൊലീസുകാരന്റെ അമ്മയെ കൊന്ന് സ്വർണം കവർന്ന സംഭവത്തിൽ പ്രതി അറസ്റ്റിൽ. നാട്ടുകാരിയായ 24 കാരിയെ ആണ് പൊലീസ് അറസ്റ്റുചെയ്തത്. തൂത്തുക്കുടി തെരിപ്പണൈയിൽ തനിച്ച് താമസിച്ചിരുന്ന 70കാരിയായ വസന്ത ആണ് കഴിഞ്ഞ ദിവസം ക്രൂരമായി കൊലചെയ്യപ്പെട്ടത്.

വസന്തയുടെ രണ്ട് മക്കൾ കോയമ്പത്തൂരിലും പൊലീസ് കോൺസ്റ്റബിളായ മകൻ വിക്രാന്ത് അനന്തപുരത്തുമാണ് താമസം. സാധാരണ പകൽ അയൽ വീടുകളിലെത്തി കുശലാന്വേഷണങ്ങൾ നടത്താറുള്ള വസന്തയെ ഇന്നലെ വൈകുന്നേരമായിട്ടും പുറത്തൊന്നും കണ്ടില്ല. വീട്ടിലെ കതക് അടഞ്ഞു കിടന്നതും ശ്രദ്ധയിൽപ്പെട്ട അയൽക്കാർ വിക്രാന്തിനെ ബന്ധപ്പെട്ടു. വീട്ടിലെത്തിയ വിക്രാന്ത് പിൻവശത്തെ വാതിൽ വഴി അകത്തുകടന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്.

Latest Videos

വസന്തയുടെ മാലയും കമ്മലും മൃതദേഹത്തിൽ ഇല്ലെന്ന് തിരിച്ചറിഞ്ഞ വിക്രാന്ത്, മോഷണത്തിനിടെയുളള കൊലപാതകം എന്ന് ഉറപ്പിച്ചു. അടുത്തുള്ള വീടുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പ്രദേശവാസിയായ 24കാരി സെൽവരതി വസന്തയുടെ വീടിന്റെ ഭാഗത്തേക്ക് പോകുന്നത് കണ്ടെത്തി. മേഘനാപുരം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിച്ചു.

ഉറങ്ങിക്കിടന്ന വസന്തയെ തലയിണകൊണ്ട് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. ശേഷം സ്വർണം കവർന്ന് പിൻവശത്തെ വാതിലിലൂടെ കടന്നുകളഞ്ഞതായും സെൽവരതി വെളിപ്പെടുത്തി. വസന്തയുടെ ആഭരണങ്ങൾ ഇവരുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു. മുൻപും പല വീടുകളിൽ നിന്നും പണം മോഷ്ടിച്ചതിന് പിടിയിലായിട്ടുള്ള സെൽവരതിക്കെതിരെ 2015ൽ വധശ്രമത്തിനും കേസെടുത്തിട്ടുണ്ടെന്നാണ് വിവരം. കോടതിയിൽ ഹാജരാക്കിയ സെൽവരതിയെ റിമാൻഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!