ഇക്കാര്യത്തിൽ സുദീക്ഷയുടെ പിതാവിന്റെ പ്രതികരണവം മറ്റ് വിദഗ്ധാഭിപ്രായങ്ങളുമാണ് പുറത്തുവരുന്നത്.
ന്യൂയോര്‍ക്ക്: ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിനി സുദിക്ഷ കൊണങ്കി മരിച്ചതായി പ്രഖ്യാപിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് കുടുംബം പൊലീസിന് കത്തയക്കുകയായിരുന്നു. എന്നാൽ എന്തുകൊണ്ടാണ് കുടുംബം മരണം ഔദ്യോഗികമായി സ്ഥിരീകരിക്കണമെന്ന് ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ സുദീക്ഷയുടെ പിതാവിന്റെ പ്രതികരണവം മറ്റ് വിദഗ്ധാഭിപ്രായങ്ങളുമാണ് പുറത്തുവരുന്നത്.
മകൾ മുങ്ങിമരിച്ചുവെന്ന വസ്തുത ഞങ്ങൾ വളരെയധികം ദുഃഖത്തോടും ഭാരിച്ച ഹൃദയത്തോടും കൂടിയാണ് സ്വീകരിക്കുന്നത്. ഇത് ഞങ്ങൾക്ക് ഉൾക്കൊള്ളാനും വളരെ ബുദ്ധിമുട്ടാണ്. മകൾ മുങ്ങി മരിച്ചതാണെന്ന് ഞങ്ങൾക്ക് മനസിലായി. മറ്റ് സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ല. എന്നാൽ മൃതദേഹം കിട്ടാത്തതിനാൽ അവളുടെ മരണത്തിന്റെ നിയമപരമായ പ്രഖ്യാപനം വൈകുകയാണ്. ഇങ്ങനെ പ്രഖ്യാപിക്കണമെന്നും അനാവശ്യ വിവാദങ്ങളിലൂടെ വലിച്ചിഴച്ച് മകളെ ഇനിയും മോശമായി ചിത്രീകരിക്കപ്പെടരുത് എന്ന് ആഗ്രഹിക്കുന്നുവെന്നും ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സൂദീക്ഷയുടെ പിതാവ് പറഞ്ഞു.
സുദീക്ഷ മുങ്ങിമരിച്ചതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വിശ്വസിക്കുന്നുണ്ടെങ്കിലും അവരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കേസ് ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും വിർജീനിയയിലെ ലൗഡൗൺ കൗണ്ടി ഷെരീഫ് ഓഫീസ് ചാപ്മാൻ പറഞ്ഞു. ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ അധികാരികൾ അന്വേഷണം തുടരുകയാണെന്നും അവര്‍ അറിയിക്കുന്നു. കുടുംബം ആവശ്യപ്പെട്ടെങ്കിലും മൃതദേഹമില്ലാതെ ഒരാളെ മരിച്ചതായി പ്രഖ്യാപിക്കുന്നത് രാജ്യത്ത് സങ്കീർണ്ണമായ ഒരു പ്രക്രിയയാണെന്ന് നിയമ വിദഗ്ധർ അഭിപ്രായപ്പെടുന്നു. അത്തരമൊരു പ്രഖ്യാപനത്തിന് കോൺഗ്രസിന്റെയോ പ്രസിഡന്റിന്റെയോ പ്രത്യേക അനുമതി ആവശ്യമാണെന്നും അഭിഭാഷകരടക്കം വ്യക്തമാക്കുന്നു.
നിയമപരമായ മരണ പ്രഖ്യാപനം കുടുംബത്തിന് ഈ ഘട്ടത്തിൽ ഏറെ സഹായകരമാകും. കോളേജ് സേവിംഗ്സ് പ്ലാനുകൾ, ഇൻഷുറൻസ് പോളിസികൾ തുടങ്ങിയ സാമ്പത്തിക നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കാനാകും. മരണ സർട്ടിഫിക്കറ്റ് നൽകുന്നതുവരെ, ഇവ നിയമപരമായ അനിശ്ചിതത്വത്തിൽ തുടരുമെന്നതാണ് കുടുംബത്തെ ബാധിക്കുന്ന വലിയ വിഷയം.
ഇന്ത്യൻ പൗരയും അമേരിക്കയിൽ സ്ഥിര താമസക്കാരിയുമായ 20 കാരിയായ സുദീക്ഷ കൊണങ്കിയെ അവസാനമായി മാർച്ച് 6ന് കണ്ടത് പുണ്ട കാന പട്ടണത്തിലെ റിയു റിപ്പബ്ലിക് റിസോർട്ടിലാണ്. നേരത്തെ, സുദീക്ഷ കൊണങ്കിയുടേതെന്ന് കരുതുന്ന വസ്ത്രം കടൽതീരത്തുനിന്ന് കണ്ടെത്തിയിരുന്നു. വെളുത്ത നെറ്റഡ് സരോങ്ങും ബീജ് നിറത്തിലുള്ള ഫ്ലിപ്പ്-ഫ്ലോപ്പുകളുമാണ് ലോഞ്ച് ചെയറിൽ നിന്ന് കണ്ടെത്തിയത്. വസ്ത്രങ്ങൾ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നതായും അലങ്കോലപ്പെടുത്തിയതിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. സുദീക്ഷ ബിക്കിനി ധരിച്ച് കടലിലിറങ്ങും മുമ്പ് വസ്ത്രങ്ങൾ കസേരയിൽ വെച്ചതാകാമെന്നുമാണ് നിഗമനം.
പിറ്റ്സ്ബർഗ് സർവകലാശാലയിലെ വിദ്യാർത്ഥിനിയാണ് സുദീക്ഷ. അഞ്ച് സുഹൃത്തുക്കൾക്കൊപ്പം വിനോദസഞ്ചാരത്തിനാണ് ഇവർ കടപ്പുറത്ത് എത്തിയത്. അവർ സുഹൃത്തുക്കളോടൊപ്പം ബീച്ചിലേക്ക് നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളിൽ ലഭിച്ചിട്ടുണ്ട്. മറ്റുള്ളവർ പിന്നീട് ഹോട്ടലിലേക്ക് മടങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. മിനസോട്ടയിലെ സെന്റ് ക്ലൗഡ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ സീനിയറായ 22 വയസുകാരൻ റഷ്യൻ പൗരനായ ജോഷ്വ റീബിനൊപ്പമാണ് ഇവരെ അവസാനമായി കണ്ടത്. റീബന്റെ പാസ്പോര്‍ട്ട് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് കാര്യമായ വിവരങ്ങൾ ലഭിച്ചില്ലെന്നും കൂടുതൽ ചോദ്യം ചെയ്യുമെന്നുമാണ് പൊലീസ് അറിച്ചത്. എന്നാൽ റീബിനെ പിന്നീട് വിട്ടയച്ചു. തിരമാലകളിൽ പെട്ട അവളെ രക്ഷിക്കാൻ അവസാമായി ശ്രമിച്ചിരുന്നു. സാധിച്ചില്ലെന്നായിരുന്നു റീബ് ഒു മാധ്യമത്തിന് നൽകിയ അഭിമുഖം.
അഞ്ച് സ്ത്രീകളും രണ്ടു പുരുഷന്മാരും അടങ്ങുന്ന സംഘത്തോടൊപ്പമായിരുന്നു സുദീക്ഷ എത്തിയത്.നേരത്തെ വിപുലമായ തിരച്ചിൽ നടത്തിയിട്ടും, അവളുടെ മൃതദേഹം കണ്ടെത്താനായിരുന്നില്ല. ഡൊമിനിക്കൻ സിവിൽ ഡിഫൻസ് ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് തിരച്ചിൽ നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. കാണാതാകുമ്പോൾ അവർ തവിട്ട് നിറത്തിലുള്ള ബിക്കിനിയാണ് ധരിച്ചിരുന്നത്. 2006 മുതൽ യുഎസിൽ സ്ഥിര താമസക്കാരാണ് സുദീക്ഷയുടെ കുടുംബം.
'15 ലക്ഷം നൽകണം, ജോർജിയ, ബൾഗേറിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് വമ്പൻ തൊഴിൽ വിസ റെഡി', തട്ടിപ്പിൽ അറസ്റ്റ്
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം