ആപ്പിളിന്‍റെ വിപണി മൂല്യത്തിലടക്കം വൻ ഇടിവ് രേഖപ്പെടുത്തി. 250 ബില്ല്യൺ ഡോളറാണ് ആപ്പിൾ മൂല്യത്തിലുണ്ടായ ഇടിവ്. അഞ്ചു വർഷത്തെ ഏറ്റവും വലിയ പതനമാണ് ഇത്
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പകര തീരുവ പ്രഖ്യാപനം അമേരിക്കൻ വിപണിക്ക് ബൂമറാംഗാകുന്നു. ട്രംപിന്‍റെ തീരുവ യുദ്ധ പ്രഖ്യാപനത്തെ തുടർന്ന് അമേരിക്കൻ ഓഹരി വിപണിയിൽ വൻ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഡൗ ജോൺസ് സൂചിക 1200 പോയിന്‍റ് താഴേക്കാണ് പതിച്ചത്. നാസ്ഡാക്. എസ് ആൻഡ് പി 500 സൂചികകൾക്ക് നാലര ശതമാനത്തിന്‍റെ ഇടിവും രേഖപ്പെടുത്തി. ആപ്പിളിന്‍റെ വിപണി മൂല്യത്തിലും വൻ ഇടിവ് രേഖപ്പെടുത്തി. 250 ബില്ല്യൺ ഡോളറാണ് ആപ്പിൾ മൂല്യത്തിലുണ്ടായ ഇടിവ്. അഞ്ചു വർഷത്തെ ഏറ്റവും വലിയ പതനമാണ് ഇത്.
അതിനിടെ അമേരിക്കയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത പ്രസിഡന്റ് സ്ഥാനത്തേക്ക് മടങ്ങിയെത്തിയ ഡോണൾഡ് ട്രംപ് ആദ്യ വിദേശ സന്ദർശനം തീരുമാനിച്ചു എന്നതാണ്. രണ്ടാം വരവിലെ ട്രംപിന്‍റെ ആദ്യ സന്ദർശനം സൗദി അറേബ്യയിലേക്കായിരിക്കും. അടുത്ത മാസത്തോടെയാകും സൗദി സന്ദർശനം നടത്തുകയെന്ന് ട്രംപ് തന്നെയാണ് അമേരിക്കൻ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. സൗദി കൂടാതെ ഖത്തറും യു എ ഇയും സന്ദർശിക്കുമെന്നും വ്യക്തമായിട്ടുണ്ട്. 'സന്ദർശനം അടുത്ത മാസമാകാം, ചിലപ്പോൾ കുറച്ചു വൈകിയേക്കും, ഖത്തറിലേക്കും യു എ ഇയിലേക്കും സന്ദർശനം നടത്തുന്നുണ്ട്' - എന്നായിരുന്നു ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്. സാമ്പത്തിക സഹകരണം, നിക്ഷേപം തുടങ്ങിയ പ്രധാന മേഖലകളിൽ ട്രംപ് ഭരണകൂടവും സൗദിയും തമ്മിൽ ചർച്ച നടത്തുമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഈ മേഖലകളിൽ കൂടുതൽ ശക്തിപ്പെടുത്താനുമാണ് സന്ദർശനം കൊണ്ട് ലക്ഷ്യമിടുന്നതെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സന്ദർശനം നടത്തുന്നതിനായുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആദ്യ തവണ അമേരിക്കൻ പ്രസിഡന്‍റായപ്പോൾ ട്രംപ് നടത്തിയ ആദ്യ വിദേശ സന്ദർശനവും സൗദിയിലേക്കായിരുന്നു എന്നതും ശ്രദ്ധേയമാണ്. റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള യു എസ് ശ്രമങ്ങളിൽ സൗദി അറേബ്യ പ്രധാന പങ്കാണ് വഹിക്കുന്നത്. ഇതാണ് തന്‍റെ ആദ്യ വിദേശ സന്ദർശനത്തിന് സൗദി തെരഞ്ഞെടുക്കാൻ ട്രംപിനെ പ്രേരിപ്പിക്കുന്നതെന്നാണ് വ്യക്തമാകുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം