കുടുംബസ്വത്ത് പങ്കുവെക്കണം എന്ന ആവശ്യം നിരസിച്ചതിന് ആണ് മര്‍ദനം.
അഹമ്മദാബാദ്: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് 65 കാരനായ പിതാവിനെയും അമ്മയേയും മകനും മരുമകളും ചേര്‍ന്ന് മര്‍ദിച്ചെന്ന് പരാതി. അഹമ്മദാബാദിലെ വിശാല്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. സ്കൂള്‍ അധ്യാപകനായിരുന്ന ബാല്‍ദേവ് ആണ് ഇളയ മകനും മരുമകള്‍ക്കുമെതിരെ പരാതി നല്‍കിയിരിക്കുന്നത്. ബാല്‍ദേവിനേയും ഭാര്യ നര്‍മ്മദയേയുമാണ് ഇളയ മകനായ അനിലും ഭാര്യയും ചേര്‍ന്ന് മര്‍ദിച്ചത്.
പരാതിപ്രകാരം സംഭവം നടന്നത് മാര്‍ച്ച് 28 നാണ്. ബാല്‍ദേവും ഭാര്യയും വീടിന് പുറത്തിരിക്കുകയായിരുന്നു. ഈ സമയത്ത് വീട്ടിലെത്തിയ ഇളയ മകന്‍ അനില്‍ കുടുംബ സ്വത്തിന്‍റെ ഓഹരി ആവശ്യപ്പെട്ടു. എന്നാല്‍ സ്വത്ത് നല്‍കാന്‍ സാധിക്കില്ലെന്ന് ബാല്‍ദേവ് പറഞ്ഞു. ഇതോടെ അനിലും ഭാര്യയും മര്‍ദിച്ചു എന്നാണ് പരാതി. നിലത്തേക്ക് തള്ളിയിട്ട് മര്‍ദിക്കുകയും തെറിവിളിക്കുകയും ചെയ്തെന്നും ഭാര്യ നര്‍മദയും അയല്‍വാസികളും ചേര്‍ന്നാണ് മര്‍ദനം തടഞ്ഞതെന്നും ബാല്‍ദേവ് പറഞ്ഞു. സ്വത്ത് നല്‍കിയില്ലെങ്കില്‍ മാതാപിതാക്കള്‍ക്കെതിരെ പൊലീസില്‍ കള്ളപ്പരാതി നല്‍കുമെന്ന് അനില്‍ പറഞ്ഞതായും ഇയാള്‍ ആരോപിക്കുന്നു. കൂടാതെ തന്‍റേയും ഭാര്യയുടേയും ജീവനില്‍ ഭീഷണിയുണ്ടെന്നും സംരക്ഷണം ആവശ്യമാണെന്നും ബാല്‍ദേവ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം