തിരുവനന്തപുരം കരവാരത്ത് പ്രവാസി ദമ്പതികളുടെ കോടികൾ വിലമതിക്കുന്ന ഭൂമി സഹോദരങ്ങള്‍ക്ക് തട്ടിയെടുക്കാൻ റവന്യു രേഖകളിൽ തിരുത്തൽ വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയില്ല. മുഖ്യമന്ത്രിക്ക് നൽകിയ പരാതി അടക്കം അന്വേഷിച്ച റവന്യു, സര്‍വെ, വിജിലൻസ് വിഭാഗങ്ങളാണ് ഉദ്യോഗസ്ഥർ കൃത്രിമം കാണിച്ചെന്ന് കണ്ടെത്തിയത്.
തിരുവനന്തപുരം: തിരുവനന്തപുരം കരവാരത്ത് പ്രവാസി ദമ്പതികളുടെ കോടികൾ വിലമതിക്കുന്ന ഭൂമി, സഹോദരങ്ങള്‍ക്ക് തട്ടിയെടുക്കാൻ റവന്യു രേഖകളിൽ തിരുത്തൽ വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ചെറുവിരൽ പോലും അനക്കാതെ റവന്യു വകുപ്പ്. മുഖ്യമന്ത്രിക്ക് നൽകിയ പരാതി അടക്കം അന്വേഷിച്ച റവന്യു, സര്‍വെ, വിജിലൻസ് വിഭാഗങ്ങളാണ് ഉദ്യോഗസ്ഥർ കൃത്രിമം കാണിച്ചെന്ന് കണ്ടെത്തിയത്.
സര്‍വെ നമ്പറിൽ മാറ്റം വരുത്തിയും കോടതിയിൽ കേസ് നിലനില്‍ക്കെ ലൊക്കേഷൻ സര്‍ട്ടിഫിക്കറ്റ് നൽകിയും അധിക ഭൂമി പോക്ക് വരവ് ചെയ്ത് കൊടുത്തുമാണ് ക്രമക്കേട് നടത്തിയത്. വര്‍ഷങ്ങൾ നീണ്ട പ്രവാസം കഴിഞ്ഞ് നാട്ടിലെത്തിയപ്പോഴാണ് വര്‍ക്കല സ്വദേശികളായ റോയ് പ്രഭാകരനും നൈനാ റാണിയും ഭൂരേഖകളിലെ തിരിമറി അറിയുന്നത്.
കരവാരം പഞ്ചായത്തിലെ ഒരേക്കര്‍ 66 സെന്‍റിൽ റവന്യു രേഖകള്‍ പ്രകാരം സഹോദരങ്ങള്‍ക്കും അവകാശമുണ്ടെന്നാണ് കാണിച്ചിരുന്നത്. അന്വേഷിച്ച് ചെന്നപ്പോള്‍ രേഖകളിലെ തിരുത്തലും തിരിമറിയും വില്ലേജിൽ നിന്ന് തന്നെയെന്ന് മനസിലായി. ഉന്നം റിംഗ് റോഡിന് ഭൂമി വിട്ടു കൊടുക്കുമ്പോള്‍ കോടികളാണ് കിട്ടുക. തിരിമറി ബോധ്യമായതോടെ ദമ്പതികള്‍ പരാതി നൽകി. എതിര്‍കക്ഷികളായ സഹോദരങ്ങള്‍ കോടതിയെ സമീപിച്ചു. ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതി റവന്യു വിജിലൻസും സര്‍വെ വിജിലൻസും അന്വേഷിച്ചു.
അന്വേഷണത്തിലെ കണ്ടെത്തലുകള്‍
ഗുരുതര വീഴ്ചകള്‍ വരുത്തിയ കരവാരം മുൻ വില്ലേജ് ഓഫീസര്‍ വി എസ് ബിനു, വില്ലേജ് ഓഫീസര്‍ കെ സന്തോഷ് കുമാര്‍, ചിറയിൻകീഴ് താലൂക്ക് ഭൂരേഖ തഹസിൽദാര്‍ സജി എസ്. എസ്. എന്നിവര്‍ക്കെതിരെ നടപടിക്കും ശുപാര്‍ശ ചെയ്തു. എതിര്‍കക്ഷികളുടെ പരാതികളും അപേക്ഷകളും മാത്രം പരിഗണിച്ച് രേഖകളിൽ മാറ്റം വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ നവകേരള യാത്രയിൽ വരെ പരാതി നൽകി. റവന്യു മന്ത്രിക്കും പലതവണ പരാതി നൽകിയെങ്കിലും അന്വേഷണമല്ലാതെ യാതൊരു നടപടിയും ഇതുവരെയുണ്ടായിട്ടില്ല.