ബൈക്കിൽ യാത്ര ചെയ്യവെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; യുവാവിന് ഗുരുതര പരിക്ക്

ഹൈവേയിലൂടെ ബൈക്ക് ഓടിക്കുമ്പോഴാണ് പാന്റ്സിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചത്

mobile phone that kept in pants pocket exploded while riding bike from market and severe injuries reported

ഭോപ്പാൽ: ബൈക്ക് ഓടിച്ചുകൊണ്ടിരിക്കെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരിക്കേറ്റു. മദ്ധ്യപ്രദേശിലെ രാജ്ഗർ ജില്ലയിലുള്ള സാരംഗ്പൂരിലാണ് സംഭവം. അരവിന്ദ് എന്ന 19 വയസുകാരനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

നൈൻവാഡ സ്വദേശിയായ അരവിന്ദ് അടുത്തുള്ള മാർക്കറ്റിൽ നിന്ന് പച്ചക്കറി വാങ്ങിയ ശേഷം ബൈക്കിൽ സ്വന്തം ഗ്രാമത്തിലേക്ക് വരികയായിരുന്നു. ഹൈവേയിലൂടെയുള്ള യാത്രയ്ക്കിടെ പാന്റ്സിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. യുവാവിന്റെ തുടയിലും സ്വകാര്യ ഭാഗങ്ങളിലും പൊള്ളിലേറ്റിട്ടുണ്ട്. 

Latest Videos

പൊട്ടിത്തെറിയുടെ ആഘാതം കൊണ്ട് ബൈക്കിന്റെ നിയന്ത്രണം നഷ്ടമായി റോഡിൽ വീണതിനെ തുടർന്ന് തലയ്ക്കും പരിക്കേറ്റതായി റിപ്പോർട്ടുകൾ പറയുന്നു. സാംരഗ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അരവിന്ദിനെ പരിക്കുകൾ ഗുരുതരമായതിനാൽ അവിടെ നിന്ന ഷാജപൂരിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.

അരവിന്ദ് അടുത്തിടെ വാങ്ങിയ ഫോണായിരുന്നുവെന്നും രാത്രി ചാർജ് ചെയ്തിരുന്നുവെന്നും സഹോദരൻ പറഞ്ഞു. വീട്ടിൽ നിന്നിറങ്ങി ഒരു മണിക്കൂറോളം കഴിഞ്ഞാണ് ഫോൺ പൊട്ടിത്തെറിച്ചത്. അരവിന്ദ് അപകടാവസ്ഥ തരണം ചെയ്തുവെന്നും എന്നാൽ വിദഗ്ധ ചികിത്സയ്ക്കായി ഷാജപൂർ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു എന്നും ആദ്യം ചികിത്സ നൽകിയ സാംരഗ്പൂർ സിവിൽ ആശുപത്രിയിലെ ഡോക്ടർ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!