യാത്ര തുടങ്ങി കുറച്ച് കഴിഞ്ഞപ്പോഴാണ് ഒരു വരിയിലെ മൂന്ന് സീറ്റുകൾ ഒരുമിച്ച് പിന്നിലേക്ക് പോയതെന്ന് വീഡിയോയിൽ പറയുന്നു
ന്യൂഡൽഹി: വിമാന യാത്രയ്ക്കിടെ ആകാശത്തുവെച്ച് സീറ്റ് ഇളകിവന്ന അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഒരു യാത്രക്കാരൻ. ഡൽഹിയിൽ നിന്ന് ലക്നൗവിലേക്കുള്ള ഇന്റിഗോ വിമാനത്തിലായിരുന്നത്രെ ഈ അനുഭവം. സംഭവത്തിന്റെ വീഡിയോയും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. പിന്നാലെ ഇന്റിഗോ അധികൃതർ ഖേദം പ്രകടിപ്പിച്ചു. വിഷയം ഏറ്റവും ഗൗരവത്തിൽ തന്നെ പരിഗണിക്കുകയാണെന്നും കമ്പനി അറിയിച്ചു.
ആകാശത്തുവെച്ച് ഉണ്ടായ 'മിനി ഹാർട്ട് അറ്റാക്ക്' എന്നാണ് യുവാവ് വിമാനത്തിലെ അനുഭവത്തെ വിശേഷിപ്പിച്ചത്. ഇത്തരമൊരു അനുഭവം ഇത് ആദ്യമായിട്ടായിരുന്നു. വിമാനം പറന്നുയർന്ന് കുറച്ച് കഴിഞ്ഞപ്പോൾ സീറ്റിന് ചെറിയം ഇളക്കം. ഒരു നിരയിലെ മൂന്ന് സീറ്റുകൾ ഒരുമിച്ച് പിന്നിലേക്ക് പോയെന്ന് യുവാവ് പറയുന്നു. സീറ്റുകൾ മുന്നിലേക്കും പിന്നിലേക്കും ആടുന്ന അനുഭവമാണുണ്ടായതെന്നും ഇയാൾ പറഞ്ഞു. ഇതിന്റെ വീഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം പ്രശ്നമുണ്ടായപ്പോഴുള്ള വിമാന ജീവനക്കാരുടെ ഇടപെടലുംഅദ്ദേഹം എടുത്തുപറഞ്ഞു. ഉടനെ തന്നെ യാത്രക്കാരെ ഒഴിവുള്ള മറ്റ് സീറ്റുകളിലേക്ക് മാറ്റി. പിന്നീട് യാത്രക്കാരെ ഇറക്കിയ സമയത്ത് പ്രശ്നം പരിഹരിക്കാനായി മെയിന്റനൻസ് ജീവനക്കാരെ എത്തിച്ചുവെന്നും അദ്ദേഹം പറയുന്നു. വലിയൊരു പ്രശ്നമായി തോന്നില്ലെങ്കിലും പ്രായമായവരോ രോഗികളോ ഇത്തരമൊരു സീറ്റിൽ ഇരിക്കേണ്ടി വരുന്നത് ചിലപ്പോൾ അവർക്ക് ബുദ്ധിമുട്ടായേക്കുമെന്നും സേഥി പറയുന്നു.
സീറ്റുകളുടെ ലോക്കിങ് സംവിധാനത്തിൽ അസാധാരണമായുണ്ടായ പിഴവാണെന്ന് ഇന്റിഗോ അധികൃതർ അറിയിച്ചു. യാത്രക്കാരുടെ ബുദ്ധിമുട്ടിൽ കമ്പനി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. സംഭവം ഗൗരവത്തിലെടുത്ത് അന്വേഷിക്കുമെന്നും യാത്രക്കാരുടെ സുരക്ഷ തങ്ങൾക്ക് ഏറ്റവും വലിയ പരിഗണനയുള്ള കാര്യമാണെന്നും ഇന്റിഗോ തങ്ങളുടെ പ്രതികരണത്തിൽ കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം