അഞ്ച് കമ്പനി ബിഎസ്എഫ് ജവാന്മാർ മുർഷിദാബാദിലേക്ക്; സാഹചര്യം വിലയിരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം സംഘ‍ർഷത്തിലേക്ക് നീങ്ങിയ പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ കേന്ദ്ര സേനയെത്തും

BSF Jawans to Murshidabad Waqf amendment law lead riot continues

ദില്ലി: വഖഫ് നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം അക്രമാസക്തമായ മുർഷിദാബാദിലേക്ക് കേന്ദ്ര സേനയെത്തും. മുർഷിദാബാദിലെ സംഘർഷ സാഹചര്യം വിലയിരുത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അഞ്ചു കമ്പനി ബിഎസ്എഫ് സേനയെ ഇവിടെ വിന്യസിക്കാൻ തീരുമാനിച്ചു. മേഖലയിലെ സ്ഥിതി സാധാരണ നിലയിലേക്ക് എത്തിക്കാൻ സംസ്ഥാന സർക്കാരിന് എല്ലാവിധ പിന്തുണയും നൽകുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുമായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി വീഡിയോ കോൺഫറൻസ് വഴി സംസാരിച്ചു.

കേന്ദ്രസേനയെ വിന്യസിക്കാൻ കൊൽക്കത്ത ഹൈക്കോടതിയാണ് ഉത്തരവിട്ടത്. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ ഹർജിയിലാണ് കോടതി ഈ തീരുമാനമെടുത്തത്. വഖഫ് നിയമഭേദഗതി പാർലമെന്റ് പാസാക്കിയതിന് പിന്നാലെ മുർഷിദാബാദിൽ നടന്ന പ്രതിഷേധമാണ് സംഘർഷത്തിന് തുടക്കമിട്ടത്. നിയമം പാസാക്കി ഒരാഴ്ച്ച പിന്നിടുമ്പോഴും വ്യാപക അക്രമമാണ് മുർഷിദാബാദിലെ പല പ്രദേശങ്ങളിലും നടക്കുന്നത്. ജാൻഗിപൂർ, സംസർഗഞ്ച് എന്നിവിടങ്ങളിൽ സ്ഥിതി രൂക്ഷമാണ്. സംഘർഷങ്ങളിൽ കൊല്ലപ്പെട്ടവരിൽ ഒരച്ഛനും മകനുമുണ്ട്. വെട്ടേറ്റ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. 

Latest Videos

വ്യാപക കല്ലേറ് പൊലീസിന് നേരെ നടന്നതായും റിപ്പോർട്ടുണ്ട്. ഇന്നലെ രാത്രിയിലും വ്യാപകമായി അക്രമം നടന്നു. ജാൻഗിപൂരിൽ പ്രതിഷേധക്കാർ പോലീസ് വാഹനത്തിന് തീയിട്ടു. തൃണമൂൽ കോൺഗ്രസ് എംപി ഖലിലൂർ റഹ്മാന്റെ ഓഫീസ് അടിച്ച് തകർത്തു. സംസർഗഞ്ചിലെ ധുലിയാനിൽ ഒരാൾക്ക് വെടിയേറ്റെന്നും റിപ്പോർട്ടുകളുണ്ട്. സംഘർഷവുമായി ബന്ധപ്പെട്ട് 130 ലേറെ പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമകാരികളെ കണ്ടെത്തുന്നതിന് മാൽഡ, ഹൂഗ്ലി, സൗത്ത് 24 പർഗ്‌നസ്‌ തുടങ്ങിയ ജില്ലകളിലും പോലീസ് പരിശോധന നടത്തുന്നുണ്ട്.

ബംഗാളിനെതിരെ ചിലർ ഗൂഢാലോചന നടത്തുകയാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്ന് ബംഗാൾ ഗവർണർ സി.വി ആനന്ദബോസ് മുന്നറിയിപ്പ് നൽകി.  കേന്ദ്രം കൊണ്ടുവന്ന നിയമ ഭേദഗതി സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് നേരത്തെ മുഖ്യമന്ത്രി മമതാ ബാനർജി വ്യക്തമാക്കിയിരുന്നു.
 

vuukle one pixel image
click me!