
ദില്ലി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ച ഇ ഡി നടപടിക്കെതിരായ തുടര്‍ നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് ഇന്ന് യോഗം ചേരും. വൈകീട്ട് നാല് മണിക്കാണ് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ വിളിച്ച യോഗം. ജനറല്‍ സെക്രട്ടറിമാര്‍ക്കൊപ്പം, മഹിളാ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, എന്‍ എസ് യു ഭാരവാഹികളും യോഗത്തില്‍ പങ്കെടുക്കും. റോസ് അവന്യൂ കോടതിയിലെ നടപടികളെ രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് കോൺഗ്രസ് തീരുമാനം. ഉയര്‍ന്ന കോടതികളിലേക്ക് തല്‍ക്കാലം പോകേണ്ടെന്നും കോൺഗ്രസിൽ ധാരണയായിട്ടുണ്ടെന്നാണ് വിവരം. ദില്ലി റോസ് അവന്യൂ കോടതി വെള്ളിയാഴ്ചയാണ് കേസ് ഇനി പരിഗണിക്കുക.
വിശദവിവരങ്ങൾ
നാഷണല്‍ ഹെറാള്‍ഡിലെ കുറ്റപത്രത്തെ നേരിടാന്‍ തുടര്‍ നീക്കങ്ങളാണ് കോണ്‍ഗ്രസ് ഇന്ന് ആലോചിക്കുക. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖർഗെ വിളിച്ചിരിക്കുന്ന ഇന്നത്തെ ജനറല്‍സെക്രട്ടറിമാരുടെ യോഗത്തില്‍ ഇക്കാര്യത്തിൽ രൂപരേഖയാകും. മഹിളാ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, എന്‍ എസ് യു നേതൃത്വത്തെയും യോഗത്തിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. കേസിലെ കുറ്റപത്രം ദില്ലിയിലെ റോസ് അവന്യൂ കോടതി പരിഗണിക്കുന്ന 25 ന് രാജ്യവ്യാപകമായി ഇ ഡി ഓഫീസുകള്‍ ഉപരോധിക്കുന്നത് ആലോചനയിലുണ്ട്. ദില്ലിയിലും സംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തമാക്കും. കഴിഞ്ഞ ദിവസം ദില്ലിയില്‍ നടന്ന പ്രതിഷേധത്തില്‍ പ്രധാന നേതാക്കളെത്താത്തത് പോരായ്മമയായി പാര്‍ട്ടി കാണുന്നുണ്ട്. കേസ് നടത്തിപ്പില്‍ നിയമ വിദഗ്ധരുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തി. മനു അഭിഷേക് സിംഗ്വിയുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘമാകും ഹാജരാകുക. കുറ്റപത്രം റദ്ദാക്കാനായി ദില്ലി ഹൈക്കോടതിയിലോ, സുപ്രീംകോടതിയിലോ പോകാന്‍ ആലോചനയുണ്ടായിരുന്നെങ്കിലും വേണ്ടെന്നാണ് ഒടുവിലെടുത്ത തീരുമാനം. മുന്‍പ് സുപ്രീംകോടതിയിലെത്തിയപ്പോള്‍ വിചാരണ നേരിടണമെന്ന നിര്‍ദ്ദേശം തിരിച്ചടിയായിരുന്നു. 2015 ല്‍ കേസില്‍ പട്യാല ഹൗസ് കോടതി നല്‍കിയ ജാമ്യത്തിലാണ് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ ബി ജെ പി നേതാവ് അനുരാഗ് താക്കൂര്‍ ഇ ഡി കേസ് മുറുകുമെന്ന സൂചന നല്‍കി. നാഷണല്‍ ഹെറാള്‍ഡിന്‍റെ നടത്തിപ്പുകാരായ എ ജെ എല്ലിന് കോണ്‍ഗ്രസ് വായ്പ നല്‍കിയതിനും, പിന്നീട് ഓഹരികള്‍ സോണിയയും രാഹുലും ഡയറക്ടര്‍മാരായ കമ്പനിയിലേക്കെത്തിയതും നിയമവിരുദ്ധമായാണെന്ന് അനുരാഗ് താക്കൂര്‍ വാദിച്ചു. കോണ്‍ഗ്രസിനെതിരെ പ്രതിഷേധിച്ച് ബി ജെ പിയും നീക്കങ്ങൾ ശക്തമാക്കുകയാണ്. സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും അഴിമതി ഇ ഡി പിടിച്ചുവെന്ന പ്രചാരണം ദില്ലിയില്‍ വ്യാപകമാക്കാന്‍ വാഹനജാഥയടക്കം സജ്ജമാക്കിയിരിക്കുകയാണ്. അഞ്ച് മാസത്തിനപ്പുറം തെരഞ്ഞടുപ്പ് നടക്കുന്ന ബിഹാറിലും ബി ജെ പി പ്രചാരണം തുടങ്ങിക്കഴിഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam