Health Tips: പ്രമേഹ സാധ്യത കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍

അമിതവണ്ണം, ഉദാസീനമായ ജീവിതശൈലി, മോശം ഭക്ഷണ ശീലങ്ങൾ, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, പാരമ്പര്യം തുടങ്ങിയവയൊക്കെ പ്രമേഹ സാധ്യത കൂട്ടുന്ന ഘടകങ്ങളാണ്. 

daily habits people should adopt to reverse prediabetes

ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളെയാണ് പ്രമേഹം ബാധിച്ചിരിക്കുന്നത്. പ്രായമായവരില്‍ മാത്രമല്ല, ചെറുപ്പക്കാർക്കിടയിലും പ്രമേഹത്തിനുള്ള സാധ്യത വർധിച്ചുവരികയാണ്. അമിതവണ്ണം, ഉദാസീനമായ ജീവിതശൈലി, മോശം ഭക്ഷണ ശീലങ്ങൾ, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, പാരമ്പര്യം തുടങ്ങിയവയൊക്കെ പ്രമേഹ സാധ്യത കൂട്ടുന്ന ഘടകങ്ങളാണ്. 

പ്രമേഹം രണ്ട് തരത്തിലുണ്ട്. ടൈപ്പ്-1 പ്രമേഹവും ടൈപ്പ്-2 പ്രമേഹവും. ശരീരത്തില്‍ ഇന്‍സുലിന്‍ എന്ന ഹോര്‍മോണ്‍ ഇല്ലാതാകുന്നതും അളവ് കുറയുന്നതുമൊക്കെയാണ് ടൈപ്പ്-2 പ്രമേഹത്തിന് കാരണം. അതേസമയം, പാന്‍ക്രിയാസിലെ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന ബീറ്റാ കോശങ്ങള്‍ നശിക്കുന്നതിനാല്‍ ഇന്‍സുലിന്‍ ഇല്ലാതെ പോകുന്നതും തുടര്‍ന്ന് രക്തത്തിലെ ഗ്‌ളൂക്കോസിന്റെ അളവ് കൂടുന്നതുമാണ് ടൈപ്പ്-1 പ്രമേഹത്തിനു കാരണം. മിക്കവരിലും ഇന്ന് കണ്ടുവരുന്നത് ടൈപ്പ് 2 പ്രമേഹമാണ്. പലര്‍ക്കും യാതൊരു ലക്ഷണങ്ങളും ഇല്ലാതെയാണ് പ്രമേഹം ഉണ്ടാകുന്നത്. അകാരണമായ ക്ഷീണം, ശരീരഭാരം കുറയല്‍, അമിതമായ ദാഹം, ഇടയ്ക്കിടെ മൂത്രമൊഴിക്കുക തുടങ്ങിയവയാണ് സാധാരാണയായി കണ്ടുവരുന്ന ലക്ഷണങ്ങള്‍.

Latest Videos

ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. ശരീരഭാരം നിയന്ത്രിക്കുക

അമിത വണ്ണമുള്ളവരില്‍ ടൈപ്പ് 2 പ്രമേഹ സാധ്യത കൂടുതലാകാം എന്നാണ് പഠനങ്ങള്‍ പറയുന്നത്. അതിനാല്‍ ശരീരഭാരം നിയന്ത്രിക്കുക. കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവിലുള്ള നിയന്ത്രണം കലോറി ഉപഭോഗം നിയന്ത്രിക്കാൻ സഹായിക്കുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. 

2. വ്യായാമം

ഉദാസീനമായ ജീവിതശൈലിയാണ് പ്രമേഹ സാധ്യത കൂടുന്നതിന്‍റെ ഒരു പ്രധാന കാരണം. അതിനാല്‍ ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യണം. 

3. ആരോഗ്യകരമായ ഭക്ഷണക്രമം

മോശം ഭക്ഷണ ശീലവും പ്രമേഹ സാധ്യതയെ കൂട്ടാം. ഉയർന്ന കലോറി അടങ്ങിയ, സംസ്കരിച്ച, പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പ്രമേഹ സാധ്യത വർധിപ്പിക്കുന്നു. അതിനാല്‍ പ്രമേഹ സാധ്യതയെ തടയാന്‍ ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. കഴിക്കുന്ന ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റ്, പഞ്ചസാര, കലോറി എന്നിവയെക്കുറിച്ച് ബോധ്യമുണ്ടായിരിക്കണം.   പച്ചക്കറികളും നാരുകളുമടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. പ്രമേഹരോഗികള്‍ ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കാനും ശ്രദ്ധിക്കണം. 

4. മദ്യപാനം ഒഴിവാക്കുക

മദ്യപാനവും നിയന്ത്രിക്കുക. കാരണം അമിത മദ്യപാനവും പ്രമേഹ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. 

5. ഉറക്കം

ഉറക്കക്കുറവ് മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാന്‍ കാരണമാകും. അതിനാൽ രാത്രി കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ഉറങ്ങേണ്ടത് അത്യാവശ്യമാണ്.

6. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക

മാനസിക സമ്മർദ്ദം അഡ്രിനാലിൻ, കോർട്ടിസോൾ എന്നിവയുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു. ഇതുമൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാം. അതിനാല്‍ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനുള്ള വഴികള്‍ സ്വീകരിക്കുക. 

Also read: ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും കഴിക്കേണ്ട ഭക്ഷണങ്ങള്‍

vuukle one pixel image
click me!