ബിഗ് ബോസ് മുന്‍താരവും സിനിമാ, ടെലിവിഷന്‍ അഭിനേത്രിയും
ബിഗ് സ്ക്രീനിലും ടെലിവിഷനിലും സജീവസാന്നിധ്യമാണ് നടി മഞ്ജു പത്രോസ്. കരിയറിലെയും വ്യക്തീജിവിതത്തിലെയുനൊക്കെ വിശേഷങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെയും അഭിമുഖങ്ങളിലൂടെയുമൊക്കെ പങ്കുവെയ്ക്കാറുണ്ട്. ഓവറിയും ഗർഭപാത്രവും നീക്കം ചെയ്തതിനെത്തുടർന്നുണ്ടായ ബുദ്ധിമുട്ടുകളാണ് മഞ്ജു ഏറ്റവും പുതിയ അഭിമുഖത്തിൽ പറയുന്നത്.
''എന്റെ അമ്മച്ചിയുടെ യൂട്രസും ഓവറിയും റിമൂവ് ചെയ്തതാണ്. ആ സമയത്ത് അമ്മച്ചിക്ക് നല്ല ദേഷ്യമായിരുന്നു. ചെറിയ കാര്യങ്ങൾക്ക് പോലും ദേഷ്യപ്പെടുമായിരുന്നു. അന്ന് ആ മൂഡ് സ്വിംഗിന്റെ കാര്യം എനിക്ക് മനസിലായില്ല. ആ അവസ്ഥ എനിക്ക് വന്നപ്പോഴാണ് കാര്യം മനസിലായത്. അന്ന് അമ്മച്ചി സപ്ലിമെന്റൊന്നും എടുത്തിരുന്നില്ല. എന്റെ സർജറി ഏറ്റവും നല്ലയിടത്താണ് ചെയ്തതെന്നാണ് ഞാൻ കരുതിയത്. എന്നാൽ സർജറിക്ക് ശേഷം ചെയ്യേണ്ട കെയറിനെപ്പറ്റി ആരും എന്നോട് പറഞ്ഞിരുന്നില്ല. സർജറി കഴിഞ്ഞാൽ പീരിയഡ്‌സില്ലാതെ സുഖമായി നടക്കാമെന്നായിരുന്നു എന്നോട് എല്ലാവരും പറഞ്ഞത്. എന്നാൽ അത് എന്റെ ബലമായിരുന്നുവെന്ന് സർജറി കഴിഞ്ഞതിന് ശേഷമാണ് മനസിലായത്. നിവൃത്തിയുണ്ടെങ്കിൽ ഇത് കളയരുത്. മരുന്നുകൊണ്ട് മാറുമെങ്കിൽ മാറ്റിക്കളയണം. സർജറിയാണ് ചെയ്യുന്നതെങ്കിൽ അതിനുശേഷം അനുഭവിക്കും.'', മഞ്ജു പത്രോസ് പറഞ്ഞു.
''ആ സമയത്ത് എന്തിനാണ് ദേഷ്യപ്പെടുന്നതെന്ന് പോലും നമുക്കറിയില്ല. ഒന്ന് പൊട്ടിച്ചിരിക്കാൻ പോലും സാധിച്ചിട്ടില്ല. വഴിയിലൂടെ ആരെങ്കിലും നടന്നുപോകുന്നത് കണ്ടാൽ പോലും ഞാൻ കരയുമായിരുന്നു. ഒരു മഴക്കാറ് കണ്ടാൽ പോലും കരച്ചിൽ വരും. ഇനിയെങ്കിലും സ്ത്രീകൾ ഇത്തരം മണ്ടത്തരത്തിൽ പോയി ചാടരുത്. യൂട്രസ് റിമൂവ് ചെയ്യേണ്ടി വന്നാലും അതിനുശേഷം കെയർ ചെയ്യണം. ഹോർമോൺ ട്രീറ്റ്‌മെന്റ് എടുക്കണം. ഡോക്ടർമാർ ഇക്കാര്യമൊന്നും പറഞ്ഞുതരണമെന്നില്ല'', മഞ്ജു കൂട്ടിച്ചേർത്തു.
ALSO READ : റാഫി മതിര സംവിധാനം ചെയ്യുന്ന 'പിഡിസി അത്ര ചെറിയ ഡിഗ്രി അല്ല'; ഗാനം എത്തി