ആർടിസ്റ്റ് ശമ്പളം കുറക്കണോ എന്ന് എടുത്തു ചോദിച്ചാൽ അതൊക്കെ സാഹചര്യങ്ങൾ അനുസരിച്ച് പരിഗണിക്കേണ്ടതാണെന്നും വിന്ദുജ മേനോൻ.
പവിത്രത്തിലെ 'മീനാക്ഷി' എന്ന ഒരൊറ്റ കഥാപാത്രം മതി വിന്ദുജ മേനോൻ എന്ന നടിയെ മലയാളികൾ ഓർത്തിരിക്കാൻ. സിനിമകളിലും സീരിയലുകളിലും സജീവമായിരുന്ന മീനാക്ഷി ഇപ്പോൾ അഭിനയരംഗത്തു നിന്നും ചെറിയ ഇടവേള എടുത്തിരിക്കുകയാണ്. നർത്തകി എന്ന രീതിയിലും പ്രശസ്തയാണ് താരം. ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ചും അഭിനേതാക്കളുടെ വേതനം കൂട്ടുന്നതുമായി ബന്ധപ്പെട്ട ചർച്ചകളെക്കുറിച്ചുമൊക്കെയാണ് താരം ഏറ്റവും പുതിയ അഭിമുഖത്തിൽ സംസാരിക്കുന്നത്.
''സിനിമയിൽ മാത്രമാണ് ഇങ്ങനെയുള്ള പ്രശ്നങ്ങളെന്ന് പറയാനാകില്ല. പക്ഷേ ഹേമ കമ്മിറ്റി സിനിമക്കുള്ളിലെ പ്രശ്നങ്ങളാണല്ലോ പഠിച്ചത്. എനിക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല. അത്രയും സുരക്ഷിതമായ സാഹചര്യങ്ങളിലാണ് ഞാൻ ജോലി ചെയ്തിട്ടുള്ളത്. എന്നുകരുതി ഇങ്ങനെയുള്ള സംഭവങ്ങൾ നടന്നിട്ടില്ല എന്ന് പറയാൻ സാധിക്കില്ല. എന്റെ അറിവിലോ കൺമുൻപിലോ ഇങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ തീർച്ചയായും ഞാൻ ഇടപെടും. പിന്നെ ഇതൊക്കെ ഓക്കെ ആയിട്ടുള്ളവരും ഉണ്ട്. അതല്ലാത്ത പക്ഷം നിർത്തേണ്ടിണ്ടടത്ത് നിർത്താനും നോ പറയാനും ഉള്ള ധൈര്യം എല്ലാവരും കാണിക്കണം'', എന്ന് വിന്ദുജ മേനോൻ പറഞ്ഞു. ഒൺ ടു ടോക്ക് എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു നടിയുടെ പ്രതികരണം.
''പ്രൊഡക്ഷൻ കോസ്റ്റ് കൂടുന്നു എന്ന് എല്ലാവരും പറയുന്നു. അത് ആർടിസ്റ്റിന്റെ ശമ്പളം കൂടുന്നതു കൊണ്ടു മാത്രമല്ല. പെട്രോൾ, ഗ്യാസ്, പച്ചക്കറികൾ, അങ്ങനെ നിത്യജീവിതത്തിൽ നാം ഉപയോഗിക്കുന്ന എല്ലാ കാര്യങ്ങൾക്കും വില കൂടുകയാണ്. പത്ത് വർഷം മുൻപുള്ള വിലയല്ലല്ലോ ഇപ്പോ എല്ലാ സാധനങ്ങൾക്കും. പണ്ടൊക്കെ പത്തോ ഇരുപതോ പരമാവധി മുപ്പതോ ദിവസങ്ങൾക്കുള്ളിൽ സിനിമ തീർക്കുമായിരുന്നു. ഇപ്പോ അങ്ങനെയല്ല. കുറച്ചുകൂടി പ്ലാൻ ചെയ്ത് കാര്യങ്ങളൊക്കെ ശ്രദ്ധിക്കാൻ പറ്റിയാൽ നല്ലത്. ഇത്രയും വലിയ തുക മുടക്കുന്ന നിർമാതാവിന്റെ പണത്തിന്റെ കാര്യത്തിൽ നമുക്കും ഉത്തരവാദിത്തം വേണം. അത് ആർടിസ്റ്റിനു മാത്രമല്ല, ആ സിനിമയുമായി ബന്ധപ്പെട്ടു നിൽക്കുന്ന എല്ലാവർക്കും ഉണ്ടാകണം. ഇതെല്ലാം ബിസിനസ് ആണ്. ആ ബിസിനസ് നടക്കണമെങ്കിൽ എല്ലാവർക്കും കൂട്ടായ ഉത്തരവാദിത്തം ഉണ്ട്', എന്നും വിന്ദുജ മേനോൻ പറഞ്ഞു.
ആർടിസ്റ്റ് ശമ്പളം കുറക്കണോ എന്ന് എടുത്തു ചോദിച്ചാൽ അതൊക്കെ സാഹചര്യങ്ങൾ അനുസരിച്ച് പരിഗണിക്കേണ്ടതാണെന്നും വിന്ദുജ മേനോൻ പറഞ്ഞു. ''ബാഹുബലി പോലുള്ളൊരു സിനിമക്ക് വേണ്ടി അഞ്ച് വർഷമാണ് അതിൽ അഭിനയിച്ചവർ മാറ്റിവെച്ചത്. ഈ അഞ്ചു വർഷത്തിനിടെ അവർ എന്തെല്ലാം കാര്യങ്ങൾ നോക്കണം, എന്തെല്ലാം മാറ്റിവെയ്ക്കണം?. അപ്പോ അവരോട് പ്രതിഫലത്തിന്റെ കാര്യത്തിൽ അഡ്ജസ്റ്റ് ചെയ്യാൻ പറയാനാകുമോ?'', എന്ന് വിന്ദുജ മേനോൻ ചോദിച്ചു.
'ആക്ഷൻ ഹീറോ ബിജു'വിൽ അഭിനയിച്ചതിന് താൻ പൈസ വാങ്ങിയിട്ടില്ലെന്നും വിന്ദു മേനോൻ പറഞ്ഞു. നിവിൻ തരാഞ്ഞിട്ടോ, ഷൈൻ ചോദിക്കാത്തതുകൊണ്ടോ ഒന്നുമല്ല, അത് വളരെ ചെറിയൊരു റോൾ ആയിരുന്നു. സുരാജിന്റെ ഒരു സീൻ കണ്ട് ഇംപ്രസ്ഡ് ആയിട്ടാണ് ആ സിനിമ ചെയ്തത്. നിവിന്റെ പ്രൊഡക്ഷനാണ് അത്. ഞാൻ പൈസ ചോദിച്ചിട്ടില്ല. അത് എനിക്ക് ഇഷ്ടമുള്ളതുകൊണ്ട് ചെയ്തതാണ്. ഇങ്ങനെ ഒരുപാട് ആർടിസ്റ്റുകൾ ചെയ്യുന്നുണ്ട്. പക്ഷേ എല്ലാ സിനിമയും അങ്ങനെ ഫ്രീയായി ചെയ്യാൻ പറ്റില്ല. അങ്ങനെ ഭയങ്കരമായി ഡിമാൻഡ് ചെയ്യുന്ന ആളുകളൊന്നും ഇവിടെയില്ല എന്നാണ് ഞാൻ വിചാരിക്കുന്നത്'', വിന്ദുജ കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..