വിദേശത്ത് നിന്ന് മാത്രമുള്ള എമ്പുരാന്റെ കളക്ഷൻ കണക്കുകള്‍ പുറത്തുവിട്ടു.
എമ്പുരാൻ വിവാദം നിന്നു കത്തുകയാണ്. അതിനിടെ വൻ കളക്ഷനുമായി മോഹൻലാല്‍ ചിത്രം കുതിക്കുകയുമാണ്. വിദേശത്ത് നിന്ന് മാത്രം നേടിയ കളക്ഷൻ മോഹൻലാല്‍ പുറത്തുവിട്ടു. വിദേശത്ത് നിന്ന് മാത്രം 86 കോടി രൂപയോളമാണ് എമ്പുരാൻ നേടിയിരിക്കുന്നതെന്നാണ് വ്യക്തമായിരിക്കുന്നത്.
മഞ്ഞുമ്മല്‍ ബോയ്‍സിനെ വീഴ്‍ത്തി മോഹൻലാല്‍ ചിത്രം വിദേശത്ത് ഒന്നാമതെത്തിയിരിക്കുകയാണ്. മലയാളത്തിന്റെ ഇൻഡസ്‍ട്രി ഹിറ്റ് സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‍സ്. മഞ്ഞുമ്മല്‍ ബോയ്‍സ് ആഗോളതലത്തില്‍ 242 കോടി രൂപയോളമാണ് നേടിയത്. ഇനിയിപ്പോള്‍ എമ്പുരാൻ മലയാള സിനിമയുടെ ഇൻഡസ്‍ട്രി ഹിറ്റായി മാറുമോ എന്നാണ് കണ്ടറിയേണ്ടത്.
ചിത്രം ഓപ്പണിംഗ് വീക്കെൻഡ് 60 കോടി രൂപയിലധികമാണ് പ്രീ സെയിലായി നേടിയിരിക്കുന്നത് എന്ന് നേരത്തെ മോഹൻലാല്‍ വ്യക്തമാക്കിയിരുന്നു. ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. സംവിധായകൻ പൃഥ്വിരാജാണ് എന്നതാണ് മോഹൻലാല്‍ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. പൃഥ്വിരാജും പ്രധാന കഥാപാത്രമായി ചിത്രത്തിലുണ്ട്.
2025 ജനുവരി 26 നു ആദ്യ ടീസർ പുറത്ത് വിട്ടു കൊണ്ട് പ്രമോഷൻ ജോലികൾ ആരംഭിച്ച ചിത്രത്തിന്റെ, കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന രീതിയും ആരാധകര്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഓരോ നടീനടൻമാരും തങ്ങളുടെ കഥാപാത്രങ്ങളെ കുറിച്ച് സംസാരിക്കുന്ന വീഡിയോകൾ പുറത്തു വിടുന്നത് ഫെബ്രുവരി ഒൻപത് മുതൽ ആരംഭിച്ച്, അതവസാനിച്ചത് ഫെബ്രുവരി 26 ന് വന്ന മോഹൻലാലിൻറെ കാരക്ടർ പോസ്റ്റർ, വീഡിയോ എന്നിവയിലൂടെയാണ്. മോഹൻലാൽ അവതരിപ്പിക്കുന്ന സ്റ്റീഫൻ നെടുമ്പള്ളി/ഖുറേഷി അബ്രാം, പൃഥ്വിരാജ് അവതരിപ്പിക്കുന്ന സയ്ദ് മസൂദ് എന്നിവരുടെ കാരക്ടർ പോസ്റ്ററുകളും വീഡിയോകളുമാണ് ഫെബ്രുവരി 26 നെത്തിയത്. ഓരോ ദിവസവും രണ്ട് കഥാപാത്രങ്ങളെന്ന കണക്കിൽ, 18 ദിവസം കൊണ്ട് ചിത്രത്തിലെ 36 കഥാപാത്രങ്ങളെ ആണ് പ്രേക്ഷകർക്ക് നേരത്തെ പരിചയപ്പെടുത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക