ഒന്നാംഘട്ട ഗുണഭോക്താക്കളുടെ പട്ടികയിൽ ഉൾപ്പെട്ട 242 പേർ സമ്മതപത്രം നൽകിയിരുന്നു. രണ്ടാംഘട്ട 2 എയിൽ ഉൾപ്പെട്ട 87 ആളുകൾ സമ്മതപത്രം കൈമാറി
കല്‍പ്പറ്റ: ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നിർമിക്കുന്ന ടൗൺഷിപ്പിലേക്ക് സമ്മതപത്രം കൈമാറാനുള്ളത് ഇനി നാലുപേർ മാത്രം. രണ്ടാംഘട്ട 2- എ, 2- ബിയിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്ക് സമ്മതപത്രം നൽകുന്നതിനുള്ള അവസാന ദിവസമായ ഇന്ന് 20 പേരാണ് സമ്മതപത്രം കൈമാറിയത്.
ഒന്നാംഘട്ട ഗുണഭോക്താക്കളുടെ പട്ടികയിൽ ഉൾപ്പെട്ട 242 പേർ സമ്മതപത്രം നൽകിയിരുന്നു. രണ്ടാംഘട്ട 2 എയിൽ ഉൾപ്പെട്ട 87 ആളുകൾ സമ്മതപത്രം കൈമാറി. 2- ബി യിൽ ഉൾപ്പെട്ട 69 ആളുകളാണ് ഇന്നലെ വരെ സമ്മതപത്രം കൈമാറിയത്. 402 ഗുണഭോക്താക്കളുടെ മൊത്ത പട്ടികയിൽ ടൗൺഷിപ്പിൽ വീടിനായി സമ്മതപത്രം നൽകിയത് 289 ആളുകളാണ്. സാമ്പത്തിക സഹായത്തിനായി 109 പേരും സമ്മതപത്രം കൈമാറി.
അതേസമയം, വയനാട് പുനരധിവാസം ലോകത്തിന് മാതൃകയായിരിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. വീട് നിർമാണം കൊണ്ട് മാത്രം പുനരധിവാസം അവസാനിക്കില്ല. ചരിത്രത്തിൽ രേഖപ്പെടുത്തുന്ന വിധത്തിൽ പദ്ധതി പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മേപ്പാടിയിൽ പുനരധിവാസ പദ്ധതിയടെ പ്രതീകാത്മക തറക്കല്ലിടൽ ചടങ്ങ് ഉദ്ഘാടനം ചെയ്ത ശേഷമാണ് കേന്ദ്ര സർക്കാരിനെ വിമർശിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രസംഗം.
രാജ്യത്തെ തന്നെ കണ്ണീരിൽ മുക്കിയ ദുരന്തമാണ് ഉണ്ടായത്. കേന്ദ്ര സഹായമുണ്ടാകുമെന്ന് പ്രതീക്ഷിച്ചു. ഇതുവരെ ഒന്നും ലഭിച്ചില്ല. പഴയ അനുഭവം വെച്ച് ഇനി കിട്ടുമോയെന്നും അറിയില്ല. വായ്പ മാത്രമാണ് കേന്ദ്രം അനുവദിച്ചത്. അതിനി സംസ്ഥാനം തിരിച്ചടക്കേണ്ടതുമാണ്. കേരളത്തിൻ്റെ ഒരുമയും ഐക്യവും ആണ് അസാധ്യമായ ഈ ദൗത്യത്തിൻ്റെ ശക്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം