പരമ്പരയും പോയി പണിയും കിട്ടി! പാകിസ്ഥാൻ ടീമിനെതിരെ കടുത്ത നടപടിയെടുത്ത് ഐസിസി

സ്വന്തം നാട്ടില്‍ നടന്ന ചാമ്പ്യൻസ് ട്രോഫിയുടെ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായ നാണക്കേടിന് പിന്നാലെയാണിത്

ICC takes action against Pakistan Cricket team

ഏകദിന ക്രിക്കറ്റില്‍ ക്ലച്ച് പിടിക്കാനാകാതെ പാകിസ്ഥാൻ ക്രിക്കറ്റ് ടീം. സ്വന്തം നാട്ടില്‍ നടന്ന ചാമ്പ്യൻസ് ട്രോഫിയുടെ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായ നാണക്കേടിന് പിന്നാലെ ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയും നഷ്ടമായി. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ 2-0ന് പിന്നിലാണ് പാക് പട. ഹാമില്‍ട്ടണിലെ രണ്ടാം ഏകദിനത്തിന് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലും (ഐസിസി) പാകിസ്ഥാൻ ടീമിനെതിരെ കടുത്ത നടപടി സ്വീകരിച്ചിരിക്കുകയാണിപ്പോള്‍.

കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് ഐസിസി നടപടിയെടുത്തിരിക്കുന്നത്. മാച്ച് ഫീയുടെ അഞ്ച് ശതമാനം പിഴ ഒടുക്കേണ്ടിവരും പാകിസ്ഥാൻ ടീമിന്. അനുവദിച്ച സമയത്തില്‍ ഒരു ഓവര്‍ പിന്നിലായിരുന്നു പാകിസ്ഥാൻ. ഐസിസിയുടെ കോഡ് ഓഫ് കണ്ടക്റ്റിലെ ആര്‍ട്ടിക്കിള്‍ 2.22 പ്രകാരമാണ് ഐസിസിയുടെ നടപടിയുണ്ടായിരിക്കുന്നത്.

Latest Videos

ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് പാകിസ്ഥാനെതിരെ ഐസിസിയുടെ നടപടിയുണ്ടാകുന്നത്. പരമ്പരയിലെ ആദ്യ മത്സരത്തിലും സമാനമായ സംഭവം ഉണ്ടായി. അന്ന് രണ്ട് ഓവര്‍ പിന്നിലായിരുന്നു പാകിസ്ഥാൻ. 73 റണ്‍സിനായിരുന്നു ആദ്യ ഏകദിനത്തിലെ ന്യൂസിലൻഡിന്റെ ജയം. 

പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തയും ഏകദിനം ശനിയാഴ്ചയാണ്. ഏകദിന പരമ്പരയ്ക്ക് മുൻപ് നടന്ന ട്വന്റി 20 പരമ്പരയിലും ദയനീയ തോല്‍വിയായിരുന്നു പാകിസ്ഥാന്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഒന്ന് മാത്രമായിരുന്നു ജയിക്കാനായത്. ബാബര്‍ അസം, മുഹമ്മദ് റിസ്വാൻ എന്നിവരുടെ അഭാവത്തില്‍ സല്‍മാൻ അഗയായിരുന്നു ട്വന്റി 20യില്‍ പാകിസ്ഥാനെ നയിച്ചത്.

രണ്ടാം ഏകദിനത്തില്‍ 84 റണ്‍സിനായിരുന്നു ന്യൂസിലൻഡിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 292 റണ്‍സാണ് നേടിയത്. 99 റണ്‍സെടുത്ത മിച്ചല്‍ ഹെയായിരുന്നു ടോപ് സ്കോറര്‍. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്റെ പോരാട്ടം 208 റണ്‍സില്‍ അവസാനിച്ചു. 73 റണ്‍സെടുത്ത ഫഹീം അഷ്റഫായിരുന്നു ടോപ് സ്കോറ‍ര്‍. അഞ്ച് വിക്കറ്റെടുത്ത ബെൻ സിയേഴ്സായിരുന്നു പാകിസ്ഥാൻ ബാറ്റിങ് നിരയെ തകര്‍ത്തത്.

vuukle one pixel image
click me!