ചിത്രം 250 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു
മലയാളത്തിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് കളക്ഷനുമായി തലയുയര്‍ത്തിയാണ് മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍റെ നില്‍പ്പ്. മാര്‍ച്ച് 27 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം മലയാളത്തില്‍ നിന്ന് ആദ്യമായി 250 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന സിനിമയുമാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ചിത്രത്തില്‍ വനത്തില്‍ വച്ചുള്ള ഒരു ഫൈറ്റ് സീനില്‍ ഉപയോഗിച്ചിരിക്കുന്ന ഗാനമാണ് ഇത്.
ഖുറേഷി അബ്രാം/ സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ ഖുറേഷിക്കാണ് സ്ക്രീന്‍ ടൈം കൂടുതല്‍. സ്റ്റീഫന്‍ നെടുമ്പള്ളിയെ സംവിധായകന്‍ അവതരിപ്പിച്ച കുറച്ച് സമയങ്ങളില്‍ ഒന്നായിരുന്നു ഈ ഫൈറ്റ് സീന്‍. ചിത്രത്തില്‍ സ്റ്റീഫന്‍റെ ഇന്‍ട്രോ സീനും ഈ ഫൈറ്റിലൂടെ ആയിരുന്നു. ദീപക് ദേവ് ആണ് സംഗീത സംവിധായകന്‍.
പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ് ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ഗെയിം ഓഫ് ത്രോൺസിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്‌ളിന്നിന്റെ സാന്നിധ്യം ചിത്രത്തിന്റെ താരനിരക്ക് നൽകിയത് ഒരു ഇന്റർനാഷണൽ അപ്പീലാണ്.