ഒടുവിൽ മൗനം വെടിഞ്ഞ് ഫെഫ്ക; എമ്പുരാൻ വിവാദം നിർഭാഗ്യകരം, 'വിമർശനം ഭീഷണിയും ചാപ്പകുത്തലുമാവരുത്'

എല്ലാ എമ്പുരാൻ ചലച്ചിത്ര പ്രവർത്തകരെയും ഫെഫ്ക ചേർത്തു നിർത്തുന്നുവെന്നും സംഘടന.

Fefka says the mohanlal movie Empuraan controversy is unfortunate

കൊച്ചി: മോഹൻലാൽ ചിത്രം എമ്പുരാൻ വിവാദത്തിൽ മൗനം വെടിഞ്ഞ് ഫെഫ്ക. എമ്പുരാൻ വിവാദം നിർഭാ​ഗ്യകരമാണെന്നും മോഹൻലാലിനും പൃഥിരാജിനുമെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വിമർശനം പ്രതിഷേധാർഹമാണെന്നും സംഘടന പറഞ്ഞു. സിനിമയെ വിമർശിക്കുന്നത് സ്വാഗതം ചെയ്യുന്നു. എന്നാൽ അത് വ്യക്തി അധിക്ഷേപവും, ഭീഷണിയും ചാപ്പ കുത്തലുമാകരുത്. എല്ലാ എമ്പുരാൻ ചലച്ചിത്ര പ്രവർത്തകരെയും ഫെഫ്ക ചേർത്തു നിർത്തുന്നുവെന്നും സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 

"എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളും ചിത്രത്തിൻ്റെ സംവിധായകൻ ശ്രീ.പൃഥ്വിരാജിനും മുഖ്യനടനായ ശ്രീ.മോഹൻലാലിനും എതിരെ (സാമൂഹ്യ)മാധ്യമങ്ങളിലൂടെ നടക്കുന്ന ആക്രമണങ്ങളും നിർഭാഗ്യകരവും പ്രതിഷേധാർഹവുമാണ്. സിനിമയുടെ രൂപത്തെയും ഉള്ളടക്കത്തെയും വിട്ടുവീഴ്ച്ചയില്ലാതെ വിമർശിക്കുന്നതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. സർഗ്ഗാത്മകമായ വിമർശനത്തിലൂടെ മാത്രമേ ഒരു കലാരൂപത്തിന് പരിണമിക്കാൻ സാധിക്കൂ. എന്നാൽ വിമർശനം വ്യക്ത്യാധിക്ഷേപവും, ഭീഷണിയും, ചാപ്പകുത്തലുമാവരുതെന്നാണ് കക്ഷിരാഷ്ട്രീയ-മത ഭേദമന്യേ എല്ലാവരോടും ഞങ്ങൾക്ക് പറയാനുള്ളത്. സാർത്ഥകമായ ഏതു സംവാദത്തിൻ്റേയും ലക്ഷ്യം മറുവശത്ത് നിലകൊള്ളുന്നവരെ നിശബ്ദരാക്കുകയല്ല, അവരെ സംസാരിക്കാൻ അനുവദിക്കുക എന്നതാണ്. എമ്പുരാനിൽ പ്രവർത്തിച്ച എല്ലാ ചലച്ചിത്ര പ്രവർത്തകരേയും ഞങ്ങൾ ചേർത്തു നിര്‍ത്തുന്നു. ഉറക്കത്തിൽ സിംഹങ്ങളെ സ്വപ്നം കണ്ട വൃദ്ധനായ സാൻ്റിയാഗോ എന്ന ഹെമിങ്ങ് വേ കഥാപാത്രം പറയുന്നുണ്ട്, "നിങ്ങൾക്കൊരാളെ നശിപ്പിക്കാൻ കഴിയും, പക്ഷേ അയാളെ തോല്പിക്കാനാവില്ല." കലയും കലാകാരന്മാരും ഇതുതന്നെയാണ് സദാ ലോകത്തോട് പറഞ്ഞുകൊണ്ടിരിക്കുന്നത്", എന്നാണ് ഫെഫ്ക പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. 

Latest Videos

കപ്പിത്താനെ ഉന്നം വെച്ച് തേജോവധം, രാജു...മുമ്പും അവഗണനകൾ നേരിട്ടതല്ലേ: പിന്തുണയുമായി ലിസ്റ്റിൻ സ്റ്റീഫൻ

മാര്‍ച്ച് 27നാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ തിയറ്ററുകളില്‍ എത്തിയത്. പിന്നാലെ ചില ഭാഗങ്ങള്‍ ചൂണ്ടിക്കാട്ടി വിമര്‍ശനങ്ങളും വിവാദങ്ങളും വന്നു. ഇതോടെ റീ സെന്‍സറിങ്ങിന് പോയ എമ്പുരാന്‍റെ മൂന്ന് മിനിറ്റ് രംഗങ്ങള്‍ വെട്ടി മാറ്റുകയും ചെയ്തിരുന്നു.  പ്രതിനായക കഥാപാത്രങ്ങളിലൊരാള്‍ ഗര്‍ഭിണിയെ ബലാല്‍സംഗം ചെയ്യുന്ന രംഗമടക്കമാണ് മാറ്റുന്നത്. ഒപ്പം ചിത്രത്തിലെ പ്രതിനായകന്‍റെ ബജ്‍റംഗി എന്ന പേരും മാറ്റും. റീ എഡിറ്റ് ചെയ്ത ചിത്രം നാളെ മുതല്‍ തിയറ്ററിലെത്തുമെന്നാണ് വിവരം. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

vuukle one pixel image
click me!