സ്റ്റാർ സിംഗർ സീസൺ 9ലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ ഗോകുൽ ഗോപകുമാറും ഹരിഹരനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഏവരും കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം തുടരുമിന്റെ പുതിയ ഗാനം റിലീസ് ചെയ്തു. ജോക്സ് ബിജോയ് സംഗീതമൊരുക്കിയ മനോഹര മെലഡി ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. സ്റ്റാർ സിംഗർ സീസൺ 9ലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ ഗോകുൽ ഗോപകുമാറും ഹരിഹരനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. റിലീസിന് ഒരുങ്ങുന്ന എമ്പുരാൻ ബുക്കിങ്ങിൽ കത്തിപടരുമ്പോൾ ഇളംതെന്നലായി എത്തിയ തുടരുമിലെ ഗാനം ഏറ്റെടുത്തിരിക്കുകയാണ് മലയാളികൾ.
തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടരും. നേരത്തെ ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയ കണ്‍മണിപൂവേ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എംജി ശ്രീകുമാര്‍ ആയിരുന്നു ഗാനം ആലപിച്ചത്. രജപുത്ര നിര്‍മിക്കുന്ന ചിത്രമാണ് തുടരും. ഒരു റിയലിസ്‍റ്റിക് നായക കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ഷൺമുഖൻ എന്നാണ് കഥാപാത്ര പേര്. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ലളിത എന്ന കഥാപാത്രത്തെയാണ് ശോഭന അവതരിപ്പിക്കുന്നത്.
കുടുംബത്തെ ഏറെ സ്നേഹിക്കുന്ന ഒരു കുടുംബനാഥന്‍. നല്ല സുഹൃത് ബന്ധങ്ങളുള്ള, നാട്ടുകാരുടെ പ്രിയപ്പെട്ടവനായ ഒരു ടാക്സി ഡ്രൈവർ. ഇദ്ദേഹത്തിൻ്റെ ജീവിതം നർമ്മത്തിലൂടെയും ഹൃദയസ്പർശിയായ രംഗങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഇടവേളയ്ക്കു ശേഷമാണ് മോഹൻലാൽ സാധാരണക്കാർക്കൊപ്പം ചേർന്നു നിൽക്കുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.
ഇത് ബഷീർ അഹമ്മദ്; ടൊവിനോയുടെ 'നരിവേട്ട'യിൽ ഞെട്ടിക്കാൻ സുരാജ് വെഞ്ഞാറമൂട്
എമ്പുരാൻ ആണ് നിലവിൽ മോഹൻലാലിന്റേതായി റിലീസിന് ഒരുങ്ങുന്നത്. ചിത്രം മാര്‍ച്ച് 27ന് തിയറ്ററിലെത്തും. ജീത്തു മാധവന്റെ ചിത്രത്തിൽ മോഹൻലാൽ നായകനാകുന്നുവെന്ന് വിവരമുണ്ട്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നടൻ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരും ചിത്രത്തിൽ ഉണ്ട്. നയന്‍താരയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..