ഇത് അയ്യരുടെ പഞ്ച്! ഇതുവരെ കാണാത്ത പഞ്ചാബ്; ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മിന്നുന്ന ജയം

നല്ല തുടക്കമായിരുന്നു ഗുജറാത്തിന്. ഒന്നാം വിക്കറ്റില്‍ സായ് - ശുഭ്മാന്‍ ഗില്‍ (14 പന്തില്‍ 33) ഒന്നാം വിക്കറ്റില്‍ 61 റണ്‍സ് കൂട്ടിചേര്‍ത്തു.

punjab kings won over gujarat titans by 11 runs 

അഹമ്മദാബാദ്: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന് 11 റണ്‍സ് തോല്‍വി. അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ 243 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിന് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സെടുക്കാനാണ് സാധിച്ചത്. നേരത്തെ ശ്രേയസ് അയ്യര്‍ (42 പന്തില്‍ 97) പ്രിയാന്‍ഷ് ആര്യ (23 പന്തില്‍ 47), ശശാങ്ക് സിംഗ് (16 പന്തില്‍ 44) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് പഞ്ചാബിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ സായ് സുദര്‍ശന്‍ (41 പന്തില്‍ 74), ജോസ് ബട്‌ലര്‍ (33 പന്തില്‍ 54), ഷെഫാനെ റുതര്‍ഫോര്‍ഡ് (28 പന്തില്‍ 46) എന്നിവര്‍ മാത്രമാണ് ഗുജറാത്തിന് വേണ്ടി തിളങ്ങിയത്.

നല്ല തുടക്കമായിരുന്നു ഗുജറാത്തിന്. ഒന്നാം വിക്കറ്റില്‍ സായ് - ശുഭ്മാന്‍ ഗില്‍ (14 പന്തില്‍ 33) ഒന്നാം വിക്കറ്റില്‍ 61 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ പവര്‍പ്ലേയ്ക്ക് തൊട്ടുമുമ്പ് ഗില്‍ പുറത്തായി. ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ പന്തില്‍ പ്രിയാന്‍ഷ് ആര്യക്ക് ക്യാച്ച്. പിന്നീട് സായ് - ബട്‌ലര്‍ സഖ്യം 84 റണ്‍സ് കൂട്ടിചേര്‍ത്തു. ഇരുവരും ക്രീസില്‍ തുടരുമ്പോഴും ഗുജറാത്തിന് വിജയപ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ സായിയെ 13-ാം ഓവറില്‍ അര്‍ഷ്ദീപ് പുറത്താക്കി. പിന്നീട് ബട്‌ലര്‍ - റുതര്‍ഫോര്‍ഡ് സഖ്യം 54 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 18-ാം ഓവറിന്റെ അവസാന പന്തില്‍ ബട്‌ലര്‍ പുറത്തായത് ഗുജറാത്തിന് തിരിച്ചടിയായി. തുടര്‍ന്നെത്തിയ രാഹുല്‍ തെവാട്ടിയയുടെ (6) റണ്ണൗട്ടും ഗുജറാത്തിന് തിരച്ചടിയായി. അവസാന ഓവറില്‍ റുതര്‍ഫോര്‍ഡും മടങ്ങി. ഷാരുഖ് ഖാന്‍ (6), അര്‍ഷദ് ഖാന്‍ (1) പുറത്താവാതെ നിന്നു. അര്‍ഷ്ദീപ് സിംഗ് രണ്ട് വിക്കറ്റെടുത്തു.

Latest Videos

നേരത്തെ, പഞ്ചാബിന് ഓപ്പണര്‍മാരായ പ്രിയാന്‍ഷ് ആര്യ - പ്രഭ്‌സിമ്രാന്‍ സിംഗ് സഖ്യത്തിന് മികച്ച തുടക്കം നല്‍കാനായില്ല. ടീം സ്‌കോര്‍ 28ല്‍ നില്‍ക്കെ 5 റണ്‍സുമായി പ്രഭ്‌സിമ്രാന്‍ മടങ്ങി. പിന്നാലെ ക്രീസിലെത്തിയ നായകന്‍ ശ്രേയസ് അയ്യര്‍ തുടക്കം മുതല്‍ തന്നെ മികച്ച ഫോമിന്റെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. ഒരറ്റത്ത് വിക്കറ്റുകള്‍ വീണപ്പോഴും ശ്രേയസ് മറുഭാഗത്ത് ഉറച്ചുനിന്നു. പ്രിയാന്‍ഷ് ആര്യ 23 പന്തില്‍ നേടിയ 47 റണ്‍സാണ് പഞ്ചാബിന്റെ തുടക്കത്തില്‍ സ്‌കോറിംഗ് വേഗത്തിലാക്കാന്‍ സഹായിച്ചത്. പ്രിയാന്‍ഷ് മടങ്ങിയതോടെ ശ്രേയസ് മുന്നില്‍ നിന്ന് നയിക്കുന്ന കാഴ്ചയാണ് കാണാനായത്.

പ്രിയാന്‍ഷ് പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ അസ്മുത്തുള്ള ഒമര്‍സായിക്ക് വേഗത്തില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല. 15 പന്തില്‍ 16 റണ്‍സുമായി ഒമര്‍സായി മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ ഗ്ലെന്‍ മാക്‌സ്വെല്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. 105 റണ്‍സിന് 4 വിക്കറ്റ് എന്ന നിലയില്‍ ക്രീസിലൊന്നിച്ച ശ്രേയസ് - സ്റ്റോയിനിസ് സഖ്യം ഇന്നിംഗ്‌സിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സ്‌കോറിംഗ് തുടര്‍ന്നു. 15 ഓവര്‍ പൂര്‍ത്തിയാകും മുമ്പ് ടീം സ്‌കോര്‍ 150 കടത്തിയ ശേഷമാണ് ഇരുവരും പിരിഞ്ഞത്. 16-ാം ഓവറിന്റെ രണ്ടാം പന്തില്‍ സായ് കിഷോറിനെ റിവേഴ്‌സ് സ്വീപ്പ് ചെയ്യാനുള്ള സ്റ്റോയിനിസിന്റെ ശ്രമം അര്‍ഷാദ് ഖാന്റെ കൈകളില്‍ അവസാനിച്ചു. 

തമീം ഇഖ്ബാലിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി, താരം അപകടനില തരണം ചെയ്തു

പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ 17-ാം ഓവറില്‍ ശ്രേയസ് കൂടുതല്‍ അപകടം വിതച്ചു. ആദ്യ പന്തില്‍ റണ്‍സ് ലഭിച്ചില്ലെങ്കിലും രണ്ടാം പന്തില്‍ സിക്‌സറും മൂന്നാം പന്തില്‍ ബൗണ്ടറിയും കണ്ടെത്താന്‍ ശ്രേയസിനായി. നാലാം പന്തില്‍ സിക്‌സറിനുള്ള ശ്രമം റബാഡ കൈപ്പിടിയിലാക്കിയെങ്കിലും ബൗണ്ടറി ലൈനില്‍ തൊട്ടതിനാല്‍ അത് സിക്‌സറായി മാറി. അഞ്ചാം പന്തില്‍ ലോംഗ് ഓഫിന് മുകളിലൂടെ വീണ്ടും സിക്‌സര്‍ പായിച്ച് ശ്രേയസ് സ്‌കോര്‍ ഉയര്‍ത്തി. ആകെ 24 റണ്‍സാണ് പ്രസിദ്ധ് ഈ ഓവറില്‍ വഴങ്ങിയത്. 18-ാം ഓവറില്‍ റാഷിദ് ഖാനെ തലങ്ങും വിലങ്ങും പായിച്ച് ശശാങ്ക് ടീം സ്‌കോര്‍ 200 കടത്തി. രണ്ട് സിക്‌സറുകളും രണ്ട് ബൗണ്ടറികളും വഴങ്ങിയ റാഷിദ് 20 റണ്‍സ് വിട്ടുകൊടുത്തു. 

19-ാം ഓവറില്‍ വെറും ബൗണ്ടറി വഴങ്ങാതെ റബാഡ ശ്രേയസിനെയും ശശാങ്കിനെയും പിടിച്ചുനിര്‍ത്തി. അവസാന ഓവര്‍ മുഴുവന്‍ ശശാങ്ക് തകര്‍ത്തടിച്ചതോടെ ശ്രേയസിന് സെഞ്ച്വറി നഷ്ടമായി. 42 പന്തുകള്‍ നേരിട്ട ശ്രേയസ് 97 റണ്‍സുമായി പുറത്താകാതെ നിന്നു. 5 ബൗണ്ടറികളും 9 സിക്‌സറുകളുമാണ് ശ്രേയസ് അടിച്ചെടുത്തത്. 16 പന്തില്‍ 44 റണ്‍സുമായി ശശാങ്ക് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതോടെ പഞ്ചാബിന്റെ സ്‌കോര്‍ കുതിച്ചു. അവസാന ഓവറില്‍ 5 ബൗണ്ടറികള്‍ സഹിതം 23 റണ്‍സാണ് സിറാജ് വഴങ്ങിയത്.

vuukle one pixel image
click me!