തോറ്റെങ്കിലും സഞ്ജുവിനെ തേടി ഒരു നേട്ടമെത്തി. രാജസ്ഥാന് വേണ്ടി 4000 റണ്‍സ് നേടുന്ന ആദ്യ താരമായിരിക്കുകയാണ് സഞ്ജു സാംസണ്‍.
ഹൈദരാബാദ്: ഐപിഎല്‍ 18-ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ തുടക്കം തോല്‍വിയോടെയായിരുന്നു. സണ്‍റൈസേഴസ്് ഹൈദരാബാദിനെതിരെ 44 റണ്‍സിനായിരുന്നു രാജസ്ഥാന്റെ തോല്‍വി. സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 287 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് 242 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ മലയാളി താരം സഞ്ജു സാംസണിന്റെയും (37 പന്തില്‍ 66) ധ്രുവ് ജുറെലിന്റെയും (35 പന്തില്‍ 70) തകര്‍പ്പന്‍ പ്രകടനത്തിനും രാജസ്ഥാനെ തോല്‍വിയില്‍ നിന്ന് കരകയറ്റാനായില്ല.
തോറ്റെങ്കിലും സഞ്ജുവിനെ തേടി ഒരു നേട്ടമെത്തി. രാജസ്ഥാന് വേണ്ടി 4000 റണ്‍സ് നേടുന്ന ആദ്യ താരമായിരിക്കുകയാണ് സഞ്ജു സാംസണ്‍. ഹൈദരാബാദിനെതിരെ 66 റണ്‍സ് നേടിയപ്പോഴാണ് സഞ്ജു നാലായിരം റണ്‍സ് ക്ലബിലെത്തിയത്. 147 മത്സരങ്ങളില്‍ 32 ശരാശരിയോടെയാണ് സഞ്ജുവിന്റെ നേട്ടം. രാജസ്ഥാന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും സഞ്ജു തന്നെ. 3098 റണ്‍സ് നേടിയിട്ടുള്ള മുന്‍ താരം അജിന്‍ക്യ രഹാനെയാണ് രണ്ടാം സ്ഥാനത്ത്. കൈവിരലിന് പരിക്കേറ്റതിനാല്‍ ബിസിസിഐ നിയന്ത്രണമുള്ള സഞ്ജു ബാറ്ററായി മാത്രമാണ് കളിക്കുന്നത്. ഹൈദരാബാദിനെതിരെ നാല് സിക്‌സും ഏഴ് ഫോറും സഞ്ജു നേടിയിരുന്നു.
വലിയ വിജയലക്ഷ്യം മുന്നില്‍ കണ്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറില്‍ മുഹമ്മദ് ഷമിയെ കടന്നാക്രമിച്ച് സഞ്ജു സാംസണ്‍ പ്രതീക്ഷ നല്‍കിയെങ്കിലും മറുഭാഗത്ത് വിക്കറ്റുകള്‍ കൊഴിഞ്ഞത് രാജസ്ഥാനെ പ്രതിസന്ധിയിലാക്കി. രണ്ടാം ഓവറില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായ രാജസ്ഥാന് പവര്‍ പ്ലേ അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റുകള്‍ പോയിരുന്നു. സഞ്ജുവും ധ്രുവ് ജുറെലും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ വലിയ പ്രതീക്ഷയര്‍പ്പിച്ച ആരാധകര്‍ക്ക് ഇരുവരും മികച്ച കൂട്ടുകെട്ടാണ് സമ്മാനിച്ചത്.
35 പന്തില്‍ 5 ബൌണ്ടറികളും 6 സിക്‌സറുകളും പറത്തി 70 റണ്‍സ് നേടിയ ജുറെലായിരുന്നു കൂടുതല്‍ അപകടകാരി. മൂന്ന് പന്തുകളുടെ വ്യത്യാസത്തില്‍ ഇരുവരെയും മടക്കിയയച്ച് സണ്‍റൈസേഴ് മത്സരം തിരിച്ച് പിടിക്കുന്ന കാഴ്ചയാണ് പിന്നീട് കാണാനായത്. അവസാന ഓവറുകളില്‍ ശുഭം ദുബെയും ഷിമ്രോണ്‍ ഹെറ്റ്‌മെയറും തകര്‍ത്തടിച്ചതോടെയാണ് ടീം സ്‌കോര്‍ 200 കടന്നത്. ഇത് പരാജയത്തിന്റെ ആഘാതം കുറയ്ക്കാനും സഹായകമായി.