രണ്ട് വിക്കറ്റ് നഷ്ടത്തിനിടയിലും ഒരറ്റത്ത് രഹാനെയുടെ വെടിക്കെട്ട്! ഹൈദരബാദിനെതിരെ കൊല്‍ക്കത്ത പതറുന്നു

ക്യാപ്റ്റന്‍ കമ്മിന്‍സിന്റെ തീരുമാനം ശരിയെന്ന് തോന്നിപ്പിക്കുന്നതായിരുന്നു ഹൈദരാബാദിന്റെ തുടക്കം.


കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് രണ്ട് വിക്കറ്റ് നഷ്ടം. പവര്‍പ്ലേ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 52 എന്ന നിലയിലാണ് കൊല്‍ക്കത്ത. അജിന്‍ക്യ രഹാനെ (21), അങ്ക്കൃഷ് രഘുവംശി (16) എന്നിവരാണ് ക്രീസില്‍. ക്വിന്റണ്‍ ഡി കോക്ക് (1), സുനില്‍ നരെയ്ന്‍ (7) എന്നിവരുടെ വിക്കറ്റുകളാണ് കൊല്‍ക്കത്തയ്ക്ക് നഷ്ടമായത്. പാറ്റ് കമ്മിന്‍സ്, മുഹമ്മദ് ഷമി എന്നിവര്‍ക്കാണ് വിക്കറ്റ്.

ക്യാപ്റ്റന്‍ കമ്മിന്‍സിന്റെ തീരുമാനം ശരിയെന്ന് തോന്നിപ്പിക്കുന്നതായിരുന്നു ഹൈദരാബാദിന്റെ തുടക്കം. രണ്ടാം ഓവറില്‍ തന്നെ ഡി കോക്കിന്റെ വിക്കറ്റ് കൊല്‍ക്കത്തയ്ക്ക് നഷ്ടമായി. കമ്മിന്‍സിനെ പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ സീഷന്‍ അന്‍സാരിക്ക് ക്യാച്ച്. തൊട്ടടുത്ത് ഓവറില്‍ സഹ ഓപ്പണര്‍ നരെയ്‌നും പവലിയനില്‍ തിരിച്ചെത്തി. ഷമിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഹെന്റിച്ച് ക്ലാസന് ക്യാച്ച് നല്‍കുകയായിരുന്നു നരെയ്ന്‍. ഇതോടെ രണ്ടിന് 16 എന്ന നിലയിലായി കൊല്‍ക്കത്ത. പിന്നീട് രഹാനെയുടെ ഇന്നിംഗ്‌സാണ് തകര്‍ച്ചയില്‍ കൊല്‍ക്കത്തയ്ക്ക് ആശ്വാസമായത്. രഹാനെ ഇതുവരെ മൂന്ന് സിക്‌സുകള്‍ നേടിയിട്ടുണ്ട്.  

Latest Videos

നേരത്തെ, കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടിയ ഹൈദരബാദ് നായകന്‍ പാറ്റ് കമ്മിന്‍സ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഹൈദരാബാദ് ഇറങ്ങുന്നത്. കാമിന്ദു മെന്‍ഡിസ് ഐപിഎല്‍ അരങ്ങേറ്റം കുറിക്കും. സിമാര്‍ജീത് സിംഗ് പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി. കൊല്‍ക്കത്ത ഒരു മാറ്റം വരുത്തി. സ്‌പെന്‍സണ്‍ ജോണ്‍സണ് പകരം മൊയീന്‍ അലി ടീമിലെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), വെങ്കിടേഷ് അയ്യര്‍, റിങ്കു സിംഗ്, അങ്ക്കൃഷ് രഘുവംശി, മൊയിന്‍ അലി, ആന്ദ്രെ റസല്‍, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, രമണ്‍ദീപ് സിംഗ്.

സണ്‍റൈസേഴ്സ് ഹൈദരാബാദ്: അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, അനികേത് വര്‍മ, ഹെന്റിച്ച് ക്ലാസെന്‍ (വിക്കറ്റ് കീപ്പര്‍), കമിന്ദു മെന്‍ഡിസ്, സിമര്‍ജീത് സിംഗ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് ഷമി, സീഷന്‍ അന്‍സാരി.

കൊല്‍ക്കത്ത നൈറ്റ് റൈഡൈഴ്‌സിനോട് പകരം വീട്ടാന്‍ ഏറെയുണ്ട് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്. കഴിഞ്ഞ സീസണില്‍ ഫൈനലില്‍ ഉള്‍പ്പടെ നേര്‍ക്കുനേര്‍ വന്ന മൂന്ന് കളിയിലും ജയം കൊല്‍ക്കത്തയ്‌ക്കൊപ്പമായിരുന്നു. ആകെ ഏറ്റുമുട്ടിയ മത്സര കണക്കിലും തോല്‍വിയുടെ ഭാരം കൂടുതല്‍ ഹൈദരാബാദിനാണ്. ഇരുപത്തിയെട്ട് മത്സരങ്ങളില്‍ പത്തൊന്‍പതിലും കൊല്‍ക്കത്ത ജയിച്ചു. 

ഈ മികവ് ഈഡന്‍ ഗാര്‍ഡന്‍സിലെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ആവര്‍ത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ അജിങ്ക്യ രഹാനെയും സംഘവും. വെങ്കടേഷ് അയ്യര്‍, റിങ്കു സിംഗ്, ആന്ദ്രേ റസല്‍ എന്നിവര്‍ ഫോമിലേക്ക് ഉയരാത്തതാണ് കൊല്‍ക്കത്തയുടെ പ്രതിസന്ധി.

click me!