തകര്‍ന്നടിഞ്ഞ് പഞ്ചാബ്! ഹര്‍ഷിത് റാണയ്ക്ക് മൂന്ന് വിക്കറ്റ്; കൊല്‍ക്കത്തയ്ക്ക് 112 റണ്‍സ് വിജയലക്ഷ്യം

തകര്‍ച്ചയോടെയായിരുന്നു പഞ്ചാബിന്റെ തുടക്കം. പ്രിയാന്‍ഷ് ആര്യയുടെ വിക്കറ്റാണ് ആദ്യം പഞ്ചാബിന് നഷ്ടമാകുന്നത്.

kolkata knight riders need 112 runs to win against punjab kings

മുല്ലാന്‍പൂര്‍: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സ് തകര്‍ന്നടിഞ്ഞു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പഞ്ചാബ് 15.3 ഓവറില്‍ 111 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ ഹര്‍ഷിത് റാണ, രണ്ട് വിക്കറ്റ് വീതം നേടിയ വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍ എന്നിവരാണ് പഞ്ചാബിനെ തകര്‍ത്തത്. 30 റണ്‍സ് നേടിയ പ്രഭ്‌സിമ്രാന്‍ സിംഗാണ് ടോപ് സ്‌കോറര്‍. പ്രിയാന്‍ഷ് ആര്യ 22 റണ്‍സെടുത്തു. 

തകര്‍ച്ചയോടെയായിരുന്നു പഞ്ചാബിന്റെ തുടക്കം. പ്രിയാന്‍ഷ് ആര്യയുടെ വിക്കറ്റാണ് ആദ്യം പഞ്ചാബിന് നഷ്ടമാകുന്നത്. 12 പന്തില്‍ 22 റണ്‍സെടുത്ത പ്രിയാന്‍ഷിനെ ഹര്‍ഷിത് റാണ, രമണ്‍ദീപിന്റെ കൈകളില്‍ എത്തിക്കുകയായിരുന്നു. നാലാം ഓവറിന്റെ രണ്ടാം പന്തിലാണ് പ്രിയാന്‍ഷ് മടങ്ങുന്നത്. അതേ ഓവറിലെ നാലാം പന്തില്‍ ശ്രേയസ് അയ്യരും (2) പുറത്തായി. വീണ്ടും രമണ്‍ദീപിന് ക്യാച്ച്. അഞ്ചാം ഓവറില്‍ ജോഷ് ഇംഗ്ലിസും മടങ്ങി. വരുണ്‍ ചക്രവര്‍ത്തി ഇംഗ്ലിസിനെ ബൗള്‍ഡാക്കുകയായിരുന്നു. അല്‍പനേരം പിടിച്ചുനിന്ന ശേഷം പ്രഭ്‌സിമ്രാനും (15 പന്തില്‍ 30) മടങ്ങി. ഇത്തവണയും പന്തെറിഞ്ഞത് ഹര്‍ഷിതും ക്യാച്ചെടുത്തത് രമണ്‍ദീപും. മത്സരത്തില്‍ രമണ്‍ദീപിന്റെ മൂന്നാം ക്യാച്ച്.

Latest Videos

ഗ്ലെന്‍ മാക്‌സ്‌വെല്‍ (7) വരുണിന്റെ പന്തില്‍ ബൗള്‍ഡായി. വധേരയ്ക്കും തിളങ്ങാന്‍ സാധിച്ചില്ല. ഇംപാക്റ്റ് സബ് സുര്യാന്‍ഷ് ഷെഡ്‌ജെ (4), ശശാങ്ക് സിംഗ് (18), മാര്‍കോ ജാന്‍സന്‍ (1), സേവ്യര്‍ ബാര്‍ലെറ്റ് (11) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അര്‍ഷ്ദീപ് സിംഗ് (1) പുറത്താവാതെ നിന്നു. ഒരു മാറ്റവുമായിട്ടാണ് കൊല്‍ക്കത്ത ഇറങ്ങിയത്. മൊയീന്‍ അലിക്ക് പകരം ആന്റിച്ച് നോര്‍ജെ ടീമിലെത്തി. പഞ്ചാബ് രണ്ട് മാറ്റം വരുത്തി. ജോഷ് ഇംഗ്ലിസ്, സേവ്യര്‍ ബാര്‍ട്ട്ലെറ്റ് എന്നിവര്‍ ടീമിലെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), വെങ്കടേഷ് അയ്യര്‍, റിങ്കു സിംഗ്, ആന്ദ്രെ റസല്‍, രമണ്‍ദീപ് സിംഗ്, ഹര്‍ഷിത് റാണ, വൈഭവ് അറോറ, ആന്റിച്ച് നോര്‍ജെ, വരുണ്‍ ചക്രവര്‍ത്തി.

പഞ്ചാബ് കിംഗ്സ്: പ്രിയാന്‍ഷ് ആര്യ, പ്രഭ്സിമ്രാന്‍ സിംഗ് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നെഹാല്‍ വധേര, ജോഷ് ഇംഗ്ലിസ്, ശശാങ്ക് സിംഗ്, ഗ്ലെന്‍ മാക്സ്വെല്‍, മാര്‍ക്കോ ജാന്‍സെന്‍, സേവ്യര്‍ ബാര്‍ട്ട്ലെറ്റ്, അര്‍ഷ്ദീപ് സിംഗ്, യുസ്വേന്ദ്ര ചാഹല്‍.

tags
vuukle one pixel image
click me!