പരാഗിന്‍റെ പാളിയ തന്ത്രങ്ങളും വിചിത്ര നീക്കങ്ങളും; രാജസ്ഥാന്‍ റോയല്‍സിന്‍റെ തോല്‍വിയുടെ കാരണങ്ങള്‍

ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും അമ്പേ പരാജയപ്പെട്ട് രാജസ്ഥാന്‍ റോയല്‍സ്, ഐപിഎല്‍ 2025 സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും രാജസ്ഥാന്‍ തോറ്റതിന് കാരണമെന്ത്? 

IPL 2025 Why Rajasthan Royals loss to Kolkata Knight Riders does all on Riyan Parag head

ഗുവാഹത്തി: ഐപിഎല്‍ 2025 സീസണില്‍ സഞ്ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സ് തുടര്‍ച്ചയായ രണ്ടാം തോല്‍വി രുചിച്ചിരിക്കുകയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് 8 വിക്കറ്റിന്‍റെ തോല്‍വിയാണ് രാജസ്ഥാന്‍ ഒടുവില്‍ വഴങ്ങിയത്. ബാറ്റിംഗിലും ബൗളിംഗിലും രാജസ്ഥാന്‍ റോയല്‍സ് നിരാശപ്പെടുത്തി. താല്‍ക്കാലിക നായകന്‍ റിയാന്‍ പരാഗിന്‍റെ ക്യാപ്റ്റന്‍സി വീഴ്ചകള്‍ വലിയ വിമര്‍ശനം ഏറ്റുവാങ്ങുകയും ചെയ്യുന്നു. എന്താണ് കെകെആറിനെതിരെ റോയല്‍സിന് സംഭവിച്ചത്. 

ഗുവാഹത്തിയില്‍ കൊല്‍ക്കത്ത ബൗളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് പ്രതിരോധം അമ്പേ പാളി. രാജസ്ഥാന് തരക്കേടില്ലാത്ത തുടക്കം കിട്ടിയിട്ടും മൊയീന്‍ അലി- വരുണ്‍ ചക്രവര്‍ത്തി സ്പിന്‍ദ്വയവും ഹര്‍ഷിത് റാണ- വൈഭവ് അറോറ പേസ് സഖ്യവും ബാറ്റര്‍മാരെ പ്രതിസന്ധിയിലാക്കി. സൂപ്പര്‍ താരം സഞ്ജു സാംസണ്‍ 13 റണ്‍സില്‍ വീണു. സ്റ്റെപ്പ്ഔട്ട് ചെയ്ത് കളിക്കാന്‍ ശ്രമിച്ച സഞ്ജുവിന്‍റെ സ്റ്റംപ് അറോറ കവരുകയായിരുന്നു. 33 എടുത്ത ധ്രുവ് ജൂരെലാണ് ടോപ്പര്‍. നിനീഷ് റാണയും വനിന്ദു ഹസരങ്കയും ഇംപാക്ട് സബ് ശുഭം ദുബെയും ബാറ്റിംഗ് പരാജയമായി. ഇതിനിടെ വിചിത്രമായ ഒന്ന് രാജസ്ഥാന്‍റെ ബാറ്റിംഗ് ലൈനപ്പില്‍ കണ്ടു. ഷിമ്രോന്‍ ഹെറ്റ്‌മെയറെ എട്ടാം സ്ഥാനത്തേക്ക് ഡീപ്രൊമോട്ട് ചെയ്ത് ഇറക്കിയതായിരുന്നു ഇത്. എന്തിനായിരുന്നു ഈ സാഹസിക നീക്കം രാജസ്ഥാന്‍ നടത്തിയത് എന്ന് വ്യക്തമല്ല. വെറും ഹിറ്റര്‍ മാത്രമല്ല, ഏറെ നേരം ബാറ്റ് ചെയ്ത് ഫിഫ്റ്റി+ നേടാന്‍ കഴിവുള്ള താരമാണ് ഹെറ്റ്‌മെയര്‍. വിക്കറ്റ് മഴയ്ക്കിടെ ഹെറ്റ്‌മെയര്‍ കൂറ്റനടിക്കള്‍ക്ക് കഴിയാതെ പ്രതിരോധത്തിലാവുകയും ചെയ്തു. 

Latest Videos

മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 17.3 ഓവറില്‍ രണ്ട് മാത്രം വിക്കറ്റ് നഷ്ടപ്പെടുത്തി ജയത്തിലെത്തി. രാജസ്ഥാന്‍റെ എല്ലാ ബൗളിംഗ് പോരായ്മകളും ക്യാപ്റ്റന്‍ പരാഗിന്‍റെ തന്ത്രങ്ങളില്ലായ്മയും മത്സരം തുറന്നുകാട്ടി. മികച്ച തുടക്കം ലഭിച്ച ആര്‍ച്ചറിനെ, കുഞ്ഞന്‍ സ്കോര്‍ പിന്തുടരുന്ന ഒരു ടീമിനെതിരെ ഡെത്ത് ഓവറിനായി കാത്തുവച്ചത് തിരിച്ചടിയായി. ഏഴ് ബൗളര്‍മാരെ ഉപയോഗിച്ചിട്ടും ക്യാപ്റ്റന് ബ്രേക്ക്ത്രൂകള്‍ കിട്ടിയില്ല. യുസ്‌വേന്ദ്ര ചാഹലിനെയോ ട്രെന്‍ഡ് ബോള്‍ട്ടിനേയോ പോലെ വിക്കറ്റ് ടേക്കിംഗ് ബൗളര്‍മാര്‍ ഈ സീസണില്ലാത്ത അവസ്ഥ. ഫീല്‍ഡിംഗും ശരാശരിയില്‍ ഒതുങ്ങി. 

ഐപിഎല്‍ പതിനെട്ടാം സീസണില്‍ രാജസ്ഥാന്‍ റോയല്‍ രണ്ടേ രണ്ട് മത്സരങ്ങളേ കളിച്ചിട്ടുള്ളൂ. റോയല്‍സ് പ്ലേ ഓഫ് കളിക്കുമോ എന്ന് ഇപ്പോഴേ പ്രവചിക്കുക കടന്ന കൈയാവും. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സിനെ അലട്ടുന്ന ചില പ്രശ്നങ്ങളുണ്ട് എന്ന് വ്യക്തമാണ്. 

1. ജോസ് ബട്‌ലര്‍, ട്രെന്‍ഡ് ബോള്‍ട്ട്, യുസ്‌വേന്ദ്ര ചാഹല്‍, രവിചന്ദ്ര അശ്വിന്‍ എന്നിവര്‍ക്ക് കൃത്യമായ പകരക്കാരെ രാജസ്ഥാന്‍ റോയല്‍സിന് ഈ സീസണില്‍ കണ്ടെത്താനായില്ല. 

2. പവര്‍പ്ലേയിലെ പ്രധാന ബൗളറായ പേസര്‍ ജോഫ്ര ആര്‍ച്ചര്‍ ശരാശരിയിലും താഴെയാണ് പന്തെറിയുന്നത്. 

3. ഒറ്റയാള്‍ പ്രകടനങ്ങളെ മാത്രം ആശ്രയിച്ച് രാജസ്ഥാന്‍ റോയല്‍സിന് മുന്നോട്ട് പോകാനാവില്ല. മികച്ച ബാലന്‍സ് ബാറ്റിംഗ് നിരയില്‍ വരേണ്ടിയിരിക്കുന്നു. 

4. ക്യാപ്റ്റനെന്ന നിലയില്‍ പ്രതീക്ഷ നല്‍കുന്നതല്ല മൈതാനത്ത് റിയാന്‍ പരാഗിന്‍റെ തന്ത്രങ്ങളും ശരീരഭാഷയും

പരിക്ക് പൂര്‍ണമായും മാറി സഞ്ജു സാംസണ്‍ ക്യാപ്റ്റന്‍റെ കസേരയിലേക്ക് മടങ്ങിയെത്തുമ്പോള്‍ ഇവയില്‍ പല പ്രശ്നങ്ങളും രാജസ്ഥാന്‍ റോയല്‍സ് പരിഹരിക്കുമെന്ന് പ്രതീക്ഷിക്കാം. 

Read more: നായകനായുള്ള ആദ്യ രണ്ട് കളികളിലും തോല്‍വി; റിയാന്‍ പരാഗ് നാണക്കേടിന്‍റെ റെക്കോര്‍ഡില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

vuukle one pixel image
click me!