രാജസ്ഥാന്‍ റോയല്‍സിനെതിരെ ജയിക്കാന്‍ 183; ചെന്നൈക്ക് തലവേദന ആ മോശം റെക്കോര്‍ഡ്

കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും ചെന്നൈ സൂപ്പര്‍ കിംഗ്സ് 180+ സ്കോര്‍ ഐപിഎല്ലില്‍ ചേസ് ചെയ്ത് വിജയിച്ചിട്ടില്ല

IPL 2025 RR vs CSK Highlights Chennai Super Kings not chased 180 plus target in last 6 years

ഗുവാഹത്തി: ഐപിഎല്‍ പതിനെട്ടാം സീസണിലെ അങ്കത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് മുന്നില്‍ 183 റണ്‍സ് വിജയലക്ഷ്യം വച്ചുനീട്ടിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. മികച്ച ബാറ്റര്‍മാരുള്ള സിഎസ്‌കെയ്ക്ക് ഈ സ്കോര്‍ ഈസിയായി അടിച്ചെടുക്കാം എന്ന് കരുതിയാല്‍ ചിലപ്പോള്‍ ആ കണക്കുകൂട്ടലുകള്‍ തെറ്റും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ചേസിംഗ് റെക്കോര്‍ഡ് ടീമിനും ആരാധകര്‍ക്കും ഒട്ടും പ്രതീക്ഷാനിര്‍ഭരമല്ല എന്നതുതന്നെ കാരണം. മെഗാതാരലേലം കഴിഞ്ഞുള്ള സീസണാണെങ്കിലും കോര്‍ ടീമില്‍ വലിയ മാറ്റം സിഎസ്‌കെയില്‍ കാണാനില്ല എന്നതും ശ്രദ്ധിക്കണം. പല ബാറ്റര്‍മാരും ഫോമിന്‍റെ ഏഴയലത്തുപോലുമില്ല എന്നത് മറ്റൊരു വസ്തുത. 

കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും ചെന്നൈ സൂപ്പര്‍ കിംഗ്സ് 180+ സ്കോര്‍ ഐപിഎല്ലില്‍ ചേസ് ചെയ്ത് വിജയിച്ചിട്ടില്ല. ഈ മോശം റെക്കോര്‍ഡാണ് രാജസ്ഥാന്‍ റോയല്‍സിനെതിരെ ബാറ്റിംഗിന് ഇറങ്ങുമ്പോള്‍ സിഎസ്‌കെ ആരാധകരെ ഭയപ്പെടുത്തുന്നത്.

Latest Videos

ഗുവാഹത്തിയിലെ ബര്‍സാപാര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് 182 റണ്‍സ് സ്കോര്‍ബോര്‍ഡില്‍ തെളിച്ചത്. ടീം സ്കോര്‍ നാല് റണ്‍സില്‍ നില്‍ക്കേ യശസ്വി ജയ്‌സ്വാള്‍ പുറത്തായതോടെ ക്രീസിലെത്തിയ നിതീഷ് റാണ നേടിയ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുടെ കരുത്ത് രാജസ്ഥാന് തുണയായി. റാണ 36 ബോളുകളില്‍ 81 റണ്‍സ് അടിച്ചെടുത്തു. ക്യാപ്റ്റന്‍ റിയാന്‍ പരാഗ് 28 പന്തുകളില്‍ 37 നേടി. എന്നാല്‍ വീണ്ടും പരാജയമായ സഞ്ജു സാംസണ്‍ 16 ബോളുകളില്‍ 20 റണ്‍സിലൊതുങ്ങി. ധ്രുവ് ജൂരെല്‍ (7 പന്തില്‍ 3), വനിന്ദു ഹസരങ്ക (5 പന്തില്‍ 4), ഷിമ്രോന്‍ ഹെറ്റ്‌മെയര്‍ (16 പന്തില്‍ 19) എന്നിങ്ങനെയായിരുന്നു മറ്റ് പ്രധാന ബാറ്റര്‍മാരുടെ സ്കോറുകള്‍. 

ചെന്നൈ സൂപ്പര്‍ കിംഗ്സിനായി പേസര്‍മാരായ ഖലീല്‍ അഹമ്മദും മതീഷ പതിരാനയും സ്പിന്നര്‍ നൂര്‍ അഹമ്മദും രണ്ട് വീതവും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും വീഴ്ത്തി. 

Read more: പീക്ക് നൊസ്റ്റു! അശ്വിന്‍റെ വൈഡ്, ധോണിയുടെ മിന്നല്‍ സ്റ്റംപിംഗ്; ഇത്തവണ ഇരയായി നിതീഷ് റാണ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

vuukle one pixel image
click me!