
തിരുവനന്തപുരം: അവഗണനയുടെ നെരിപ്പോടിൽ എരിയുന്ന ആശ സമരത്തിന് ഇന്ന് അമ്പതാം നാൾ. അവകാശപ്പോരാട്ടത്തെ അവഗണിക്കുന്ന സർക്കാറിന് മുന്നിലേക്ക് മുടി മുറിച്ചെറിഞ്ഞാണ് ആശമാർ ഇന്ന് പ്രതിഷേധിക്കുക. സംസ്ഥാനത്തെ മറ്റ് കേന്ദ്രങ്ങളിലും ആശ പ്രവർത്തകർ മുടിമുറിച്ച് പ്രതിഷേധത്തിൽ പങ്കാളികളാകും.
മാറ് മറക്കൽ സമരവും മുലക്കരത്തിനെതിരെയുള്ള നങ്ങേലിയുടെ പോരാട്ടവുമെല്ലാം അവകാശപോരാട്ടത്തിന്‍റെ പ്രതീകമായി കൊണ്ടുനടക്കുന്ന ആശയ സംഹിതയുടെ വക്താക്കൾ നാടുഭരിക്കുന്ന കാലത്താണ് ജോലിക്ക് കൂലി തുച്ഛമെന്ന് പറഞ്ഞ് സെക്രട്ടേറിയറ്റിന് മുന്നിലൊരു സമരം നടക്കുന്നത്.
നാട് തളർന്നു നിന്നപ്പോളെല്ലാം നീണ്ടുവന്ന കൈകളെ അമ്പത് ദിവസം പിന്നിട്ടും അധികാരികൾ പക്ഷെ അവഗണിച്ചും അക്ഷേപിച്ചും തട്ടിമാറ്റുകയാണ്. അവരുടെ മുഖത്തേക്ക് മുടി മുറിച്ചെറിഞ്ഞ് ആശമാർ പ്രതിഷേധിക്കാനൊരുങ്ങുന്നത് സഹനസമരം പലവഴി പിന്നിട്ടുകഴിഞ്ഞു. മുടി മുറിച്ചെറിയുകയെന്ന കടുത്ത പ്രതിഷേധത്തിലേക്ക് എത്തിയത് അത്രക്ക് മടുത്താണ്.
രാവും പകലും മഞ്ഞും മഴയും വെയിലും അതിജീവിച്ചാണ് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം മുന്നോട്ട് പോകുന്നത്. ഉപരോധമിരുന്നും നിരാഹാരമനുഷ്ടിച്ചും ആവശ്യങ്ങൾ അധികാരികളിലേക്ക് എത്തിക്കാൻ ശ്രമിച്ചിട്ടും മനസ്സലിയാത്തവര്‍ക്ക് മുന്നിലേക്കാണ് ആശാ സമരത്തിന്‍റെ അടുത്തഘട്ടം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam