വരുണ്‍ ചക്രവര്‍ത്തിക്ക് മൊലീന്‍ അലിയുടെ പ്രത്യേക പ്രശംസ, വരുണിനൊപ്പമുള്ള മൊയീന്‍ അലിയുടെ ബൗളിംഗ് കൂട്ടുകെട്ട് രാജസ്ഥാന്‍ റോയല്‍സിനെതിരെ നിര്‍ണായകമായിരുന്നു
ഗുവാഹത്തി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 8 വിക്കറ്റിന് വിജയിച്ചപ്പോള്‍ നിര്‍ണായകമായത് കെകെആറിന്‍റെ രണ്ട് സ്‌പിന്നര്‍മാരായിരുന്നു. ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മൊയീന്‍ അലിയും ഇന്ത്യന്‍ മിസ്റ്റരി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയും. റണ്‍ വഴങ്ങുന്നതില്‍ പിശുക്ക് കാട്ടിയ ഇരുവരും രണ്ട് വിക്കറ്റ് വീതം നേടുകയും രാജസ്ഥാന്‍ ബാറ്റിംഗ് നിരയെ പ്രതിരോധത്തിലാക്കുകയും ചെയ്തു. രാജസ്ഥാന്‍ റോയല്‍സിനെതിരെ പയറ്റിയ തന്ത്രം എന്താണെന്ന് മത്സര ശേഷം മൊയീന്‍ അലി വെളിപ്പെടുത്തി.
പരിക്കേറ്റ സുനില്‍ നരെയ്ന് പകരക്കാരനായി അവസാന നിമിഷമാണ് മൊയീന്‍ അലി രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേയിംഗ് ഇലവനിലെത്തിയത്. കെകെആറില്‍ അലിയുടെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്. ലഭിച്ച അവസരം മുതലാക്കിയ 37 വയസുകാരനായ മൊയീന്‍ അലി നാലോവറില്‍ 23 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി. രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ ഹര്‍ഷിത് റാണയുടെ കൈകളിലെത്തിച്ചാണ് അലി തുടങ്ങിയത്. പിന്നാലെ നിതീഷ് റാണയെ ക്ലീന്‍ ബൗള്‍ഡാക്കി. അതേസമയം നാലോവറില്‍ 17 റണ്‍സിന് രണ്ട് വിക്കറ്റ് നേടിയ വരുണ്‍ ചക്രവര്‍ത്തി രാജസ്ഥാന്‍ ക്യാപ്റ്റന്‍ റിയാന്‍ പരാഗിനെയും ഓള്‍റൗണ്ടര്‍ വനിന്ദു ഹസരങ്കയെയും മടക്കി.
Read more: നായകനായുള്ള ആദ്യ രണ്ട് കളികളിലും തോല്‍വി; റിയാന്‍ പരാഗ് നാണക്കേടിന്‍റെ റെക്കോര്‍ഡില്‍
ഇരുവര്‍ക്കും പുറമെ പേസര്‍മാരായ ഹര്‍ഷിത് റാണയും വൈഭവ് അറോറയും രണ്ട് വീതവും സ്പെന്‍സര്‍ ജോണ്‍സണ്‍ 1 വിക്കറ്റും നേടിയതോടെയാണ് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് നിശ്ചിത 20 ഓവറില്‍ 151-9 എന്ന സ്കോറില്‍ ഒതുങ്ങിയത്. മറുപടി ബാറ്റിംഗില്‍ ക്വിന്‍റണ്‍ ഡികോക്കിന്‍റെ സെഞ്ചുറിയോളം പോന്ന മികവില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 17.3 ഓവറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കളി തീര്‍ത്തു. സ്കോര്‍: 153-2. കെകെആര്‍ 8 വിക്കറ്റ് ജയം സ്വന്തമാക്കിയപ്പോള്‍ ഡികോക്ക് 61 പന്തില്‍ 97* ഉം, ആങ്ക്രിഷ് രഘുവന്‍ഷി 17 ബോളുകളില്‍ 22* ഉം റണ്‍സുമായി പുറത്താവാതെ നിന്നു.
വരുണ്‍ ചക്രവര്‍ത്തിക്ക് പ്രശംസ
'വരുണ്‍ ചക്രവര്‍ത്തിക്ക് മുമ്പ് ഞാന്‍ പന്തെറിയാനെത്തി. വളരെ ടൈറ്റായി പന്തെറിയുകയായിരുന്നു എന്‍റെ ചുമതല. എന്നേക്കാളും മികച്ചതും എന്നേക്കാള്‍ നിഗൂഢതയുമുള്ള ഒരു സ്‌പിന്നര്‍ക്കൊപ്പം പന്തെറിയുന്നത് ശീലമാണ്. അതിനാല്‍ എന്‍റെ പരമാവധി മികവോടെ ടൈറ്റായി പന്തെറിയുക മാത്രമായിരുന്നു എന്‍റെ ദൗത്യം, അത് ആ വ്യക്തിക്ക് വിക്കറ്റ് ലഭിക്കാനുള്ള സാഹചര്യമൊരുക്കുമെന്ന് കരുതുന്നു. വരുണ്‍ ചക്രവര്‍ത്തി ഗംഭീര ബൗളറാണ്. കഴിഞ്ഞ രണ്ടുമൂന്ന് വര്‍ഷത്തിനിടെ വരുണിന്‍റെ ബൗളിംഗ് ഏറെ മെച്ചപ്പെട്ടു. അങ്ങനെയുള്ള ഒരാളുടെ കൂടെ പന്തെറിയുന്നത് മികച്ച അനുഭവമാണ്' എന്നും രാജസ്ഥാന്‍-കൊല്‍ക്കത്ത മത്സര ശേഷം മൊയീന്‍ അലി പറഞ്ഞു.
Read more: പരാഗിന്‍റെ പാളിയ തന്ത്രങ്ങളും വിചിത്ര നീക്കങ്ങളും; രാജസ്ഥാന്‍ റോയല്‍സിന്‍റെ തോല്‍വിയുടെ കാരണങ്ങള്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം