തിരുവനന്തപുരത്ത് ലഹരി സംഘത്തിൻ്റെ ആക്രമണത്തിൽ പൊലീസുകാരന് വയറിലും കാലിലും കുത്തേറ്റു
തിരുവനന്തപുരം: ലഹരി ഉപയോഗിക്കുന്നത് സംബന്ധിച്ച രഹസ്യ വിവരം അന്വേഷിക്കാൻ ചെന്ന പൊലീസുകാരന് കുത്തേറ്റു. കരമന തീമൻകരയിലെ സ്വകാര്യ ആശുപത്രിക്ക് സമീപത്ത് വച്ചാണ് സംഭവം. ആശുപത്രിക്ക് പിന്നിൽ യുവാക്കൾ ലഹരി ഉപയോഗിക്കുന്നതായി പൊലീസ് സ്റ്റേഷനിലേക്കാണ് വിവരം ലഭിച്ചത്. ഇത് സംബന്ധിച്ച് അന്വേഷിക്കാനാണ് ബൈക്കിൽ ജയചന്ദ്രൻ എന്ന പൊലീസുകാരൻ സ്ഥലത്തെത്തിയത്. എന്നാൽ പൊലീസ് യൂനിഫോമിൽ ജയചന്ദ്രനെ കണ്ട യുവാക്കൾ ഇദ്ദേഹം ഒറ്റയ്ക്കാണെന്ന് മനസിലാക്കിയതോടെ ആക്രമിക്കുകയായിരുന്നു. ജയചന്ദ്രന് വയറിലും കാലിലുമാണ് കുത്തേറ്റത്. യുവാക്കൾ കഞ്ചാവുമായാണ് സ്ഥലത്ത് തമ്പടിച്ചിരുന്നതെന്നാണ് വിവരം. കുത്തേറ്റ് നിലത്ത് വീണ ജയചന്ദ്രനെ നാട്ടുകാരാണ് ഒരു വാഹനത്തിൽ ആശുപത്രിയിലേക്ക് എത്തിച്ചത്.