കിംഗ് ഖാൻ ഉൾപ്പെടെയുള്ള താരനിര അണിനിരന്ന ഉദ്ഘാടന ചടങ്ങ് ഈഡൻ ഗാർഡൻസിൽ ആവേശമായി.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 18-ാമത് സീസണ് കൊടിയേറി. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വർണാഭമായ ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചിരിക്കുകയാണ്. അരമണിക്കൂറോളം നീണ്ടുനിൽക്കുന്ന ഉദ്ഘാടന ചടങ്ങിൽ വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ, പ്രശസ്ത ഗായിക ശ്രേയ ഘോഷാൽ, കരൺ ഓജ്ല, ബോളിവുഡ് നടി ദിഷ പഠാണി എന്നിവർ പങ്കെടുക്കുന്ന പരിപാടികളോടെയാണ് പുതിയ സീസണ് തുടക്കം കുറിക്കുന്നത്. പരിപാടിക്ക് ശേഷം നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലാണ് ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരം നടക്കുക.
കഴിഞ്ഞ ജിവസം കൊൽക്കത്തയിൽ കനത്ത മഴ പെയ്തതോടെ ഐപിഎല്ലിന്റെ ഉദ്ഘാടന മത്സരം തന്നെ മഴയിൽ മുങ്ങുമോ എന്നതായിരുന്നു ആരാധകരുടെ ആശങ്ക. ഇത് ഇരുടീമുകളുടെയും കഴിഞ്ഞ ദിവസത്തെ പരിശീലനത്തെ പോലും പ്രതികൂലമായി ബാധിച്ചിരുന്നു.
എന്നാൽ ഇന്ന് ഉച്ചയ്ക്ക് ശേഷം മാനം തെളിഞ്ഞതോടെയാണ് ആരാധകർ വീണ്ടും ആവേശത്തിലായത്. തെളിഞ്ഞ കാലാവസ്ഥയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് നിരവധിയാളുകളാണ് സോഷ്യൽ മീഡിയയിലൂടെ ആവേശം പങ്കുവെച്ചത്.
Powered By