ആദ്യ മത്സരം വിജയിച്ചാണ് ചെന്നൈയും ബെംഗളൂരുവും ഇന്ന് നേർക്കുനേർ പോരാട്ടത്തിന് എത്തുന്നത്
ഐപിഎല്ലിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ആദ്യ മത്സരം വിജയിച്ചാണ് ഇരുടീമുകളും ഇന്ന് നേർക്കുനേർ പോരാട്ടത്തിന് എത്തുന്നത്. ചെന്നൈയുടെ ഹോം ഗ്രൗണ്ടായതിനാൽ ധോണിയ്ക്കും സംഘത്തിനും നേരിയ മുൻതൂക്കമുണ്ട്. എന്നാൽ, വിരാട് കോഹ്ലിയുടെ ഫോമിലാണ് ആർസിബിയുടെ പ്രതീക്ഷ.
ഹൈ വോൾട്ടേജ് മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ സ്റ്റാർ പേസർ മതീഷ പതിരണ കളിക്കാൻ സാധ്യതയില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. പതിണ ഇപ്പോഴും ആരോഗ്യം വീണ്ടെടുത്തിട്ടില്ലെന്നും ഇതിനാൽ ആർസിബിയ്ക്ക് എതിരെ നടക്കാനിരിക്കുന്ന മത്സരത്തിൽ പ്ലേയിംഗ് ഇലവനിൽ മാറ്റം വരുത്താൻ നിർബന്ധിതരായെന്നും മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ് സ്ഥിരീകരിച്ചു. ചിരവൈരികളായ മുംബൈ ഇന്ത്യൻസിനെതിരായ സീസണിലെ ചെന്നൈയുടെ ആദ്യ മത്സരത്തിലും പതിരണ ടീമിൽ ഇല്ലായിരുന്നു.
അതേസമയം, പതിരണയുടെ പരിക്കിന്റെ സ്വഭാവത്തെ കുറിച്ച് ഫ്രാഞ്ചൈസി വിശദാംശങ്ങൾ പങ്കുവെച്ചിട്ടില്ല. താരം എപ്പോൾ വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്ന കാര്യത്തിലും വ്യക്തതയില്ല. ഐപിഎൽ കരിയറിൽ ഇതുവരെ ചെന്നൈയ്ക്ക് ഒരു മുതൽക്കൂട്ടായിരുന്നു പതിരണ എന്ന കാര്യത്തിൽ സംശയമില്ല. 20 മത്സരങ്ങളിൽ നിന്ന് താരം 34 വിക്കറ്റുകളാണ് വീഴ്ത്തിയത്. കഴിഞ്ഞ സീസണിൽ ഹാംസ്ട്രിംഗ് ഇൻജുറിയെ തുടർന്ന് പാതിവഴിയിൽ പതിരണ പുറത്തായി. എന്നാൽ, ടീം മാനേജ്‌മെന്റ് താരത്തിൽ വിശ്വാസം പ്രകടിപ്പിക്കുകയും മെഗാ ലേലത്തിന് മുമ്പ് അദ്ദേഹത്തെ നിലനിർത്തുകയും ചെയ്തു.
പതിരണയുടെ അഭാവത്തിൽ മുംബൈയ്‌ക്കെതിരെ നഥാൻ എല്ലിസിനെയാണ് ചെന്നൈ കളത്തിലിറക്കിയത്. ഓസ്‌ട്രേലിയൻ താരമായ എല്ലിസ് നാല് ഓവറിൽ 38 റൺസ് വഴങ്ങി ഒരു വിക്കറ്റും നേടിയിരുന്നു. ഖലീൽ അഹമ്മദ്, സാം കറൻ എന്നിവർക്കൊപ്പം നഥാൻ എല്ലിസിനെയും ചേർത്തുള്ള അതേ ബൗളിംഗ് യൂണിറ്റ് തന്നെ ഇന്നത്തെ മത്സരത്തിലും തുടരാൻ സാധ്യതയുണ്ട്.
ചെന്നൈ സൂപ്പർ കിംഗ്സ്: റിതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്റ്റൻ), എം.എസ് ധോണി, രവീന്ദ്ര ജഡേജ, ശിവം ദുബെ, മതീശ പതിരണ, നൂർ അഹമ്മദ്, രവിചന്ദ്രൻ അശ്വിൻ, ഡെവൺ കോൺവേ, സയ്യിദ് ഖലീൽ അഹമ്മദ്, രചിൻ രവീന്ദ്ര, രാഹുൽ ത്രിപാഠി, വിജയ് ശങ്കർ, സാം കറൻ, അൻഷ്ഉൽ ഛോദ് ശങ്കര്, അൻഷുൽ റാഷിദ്, ഹൂഡ, ഗുർജൻപ്രീത് സിംഗ്, നഥാൻ എല്ലിസ്, ജാമി ഓവർട്ടൺ, കമലേഷ് നാഗർകോട്ടി, രാമകൃഷ്ണൻ ഘോഷ്, ശ്രേയസ് ഗോപാൽ, വാൻഷ് ബേദി, ആന്ദ്രേ സിദ്ധാർത്ഥ്.