'ഇനി വൈകരുത്, ഞാന്‍ തീരുമാനിച്ചു, അങ്ങനെ സിനിമക്കാരനായി': ഒരു വിസി അഭിലാഷ് ചിത്രം ഉണ്ടായ കഥ

സിനിമയിലേക്കുള്ള വഴികള്‍, സിനിമായാത്രകള്‍,  സിനിമാ സ്വപ്‌നങ്ങള്‍. സംവിധായകന്‍ വിസി അഭിലാഷുമായി പ്രിന്‍സ് പാങ്ങാടന്‍ നടത്തിയ അഭിമുഖം.
 

Interview with VC Abhilash Malayalam filmmaker who directed Aalorukkam sabhash chandrabose and pan Indian story

തിരുവനന്തപുരം നഗരത്തിന്റെ പ്രാന്തപ്രദേശത്ത് സിനിമ ചെയ്യണമെന്ന ആഗ്രഹവുമായി ജീവിച്ച ഒരാള്‍. സിനിമ പഠിച്ചിട്ടില്ല. ആദ്യ സിനിമ ചെയ്യുന്നതിന് മുമ്പ് ഏതെങ്കിലും സിനിമയുടെ ഷൂട്ടിങ് പോലും കണ്ടിട്ടില്ല. സ്വന്തം സ്വപ്‌നം അയാളെ വഴിനടത്തി. അയാള്‍ സ്വപ്നത്തെ പിന്തുടര്‍ന്നു. അങ്ങനെ അയാള്‍ ശ്രദ്ധേയനായ സംവിധായകനായി മാറി. ചെയ്ത ആദ്യ സിനിമ തന്നെ ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ടു. പിന്നീട് ചെയ്ത സിനിമകള്‍ തിയറ്ററിലും ഫെസ്റ്റിവല്‍ സര്‍ക്യൂട്ടിലും ശ്രദ്ധിക്കപ്പെട്ടു. 

പറയുന്നത് സംവിധായകന്‍ വി സി അഭിലാഷിന്റെ കഥയാണ്. ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ട 'ആളൊരുക്കം' അഭിലാഷിന്റെ ആദ്യചിത്രമായിരുന്നു. ആ ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രന്‍സിന് മികച്ച നടനുള്ള സ്റ്റേറ്റ് അവാര്‍ഡ് കിട്ടി. അതിനു പിന്നാലെ തിയറ്റില്‍ വിജയമായ 'സബാഷ് ചന്ദ്രബോസ്' എന്ന സിനിമ. 'പാന്‍ ഇന്ത്യന്‍ സ്റ്റോറി' എന്ന മൂന്നാമത്തെ സിനിമ രാജ്യത്തിന് അകത്തും പുറത്തും നിരവധി ഫിലിംഫെസ്റ്റുകളില്‍ ഇടം പിടിച്ചു.  

Latest Videos

വി സി അഭിലാഷ് എന്ന നെടുമങ്ങാടുകാരന്‍ തന്റെ സിനിമാ യാത്രയും വിവാദങ്ങളും അഭിപ്രായങ്ങളും പങ്കുവെക്കുകയാണ് ഇവിടെ. പ്രിന്‍സ് പാങ്ങാടന്‍ നടത്തിയ അഭിമുഖം. 

നെടുമങ്ങാട് മുതല്‍ ന്യൂജേഴ്‌സി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റ് വരെ. ഈ സിനിമാ യാത്രയെ എങ്ങനെ കാണുന്നു? 

'പാന്‍ ഇന്ത്യന്‍ സ്റ്റോറിയില്‍ എത്തുമ്പോള്‍ അഭിമാനിക്കാവുന്ന വിധത്തിലുള്ള തൃപ്തിയുണ്ട്. ഇതിലെ അഭിനേതാക്കള്‍ വന്നതും സാങ്കേതിക പ്രവര്‍ത്തകര്‍ വന്നതും എന്നിലുള്ള വിശ്വാസത്തിന്റെ പേരിലാണ്. എന്റെ മുന്‍ സിനിമ കണ്ട് അതിലുള്ള വിശ്വാസത്തിലാണ് ഈ സിനിമയുടെ നിര്‍മ്മാതാവും വന്നത്. ഈ ഒരു ഘട്ടം ആര്‍ജിച്ചെടുക്കാന്‍ സാധിക്കുമെന്ന് കരിയറിന്റെ  തുടക്കത്തില്‍ ഞാന്‍ കരുതിയതല്ല. അതിലേക്ക് എത്തിച്ചേര്‍ന്നതില്‍ എന്നെപ്പോലൊരാളിന് സന്തോഷിക്കാതിരിക്കാന്‍ പറ്റില്ലല്ലോ. 

എല്ലാ സിനിമക്കാരെയും പോലെ ഞാനും കുഞ്ഞുന്നാള്‍ മുതലേ സിനിമ സ്വപ്നം കണ്ടു. എല്ലാവരും അഭിനയം കൊതിയ്ക്കുമ്പോള്‍ ഞാന്‍ പത്ത് മുതല്‍ സിനിമാ മേക്കിങ് അറിയാനാണ് ആഗ്രഹിച്ചത്. പക്ഷേ അത് പഠിക്കാന്‍ പറ്റിയില്ല. പല സാഹചര്യങ്ങളായിരുന്നു കാരണം. ഒരിക്കല്‍ ഒരു സിനിമയില്‍  അസി. ഡയറക്ടറാകാന്‍ അവസരം കിട്ടി. പൂര്‍ത്തിയായ സിനിമയായിരുന്നു. രണ്ട് ദിവസത്തെ പാച്ച് വര്‍ക്കിന് അവര്‍ എന്നെയും കൂട്ടി. കോസ്റ്റിയൂം കണ്ടിന്യുവിറ്റി നോക്കുന്നതായിരുന്നു എന്റെ പണി. തുണിയൊക്കെ സൂക്ഷിക്കുന്ന മുറിയിലാണ് താമസം. ഒരു ദിവസം പോലും ഷൂട്ടിംങ് കാണാന്‍ പറ്റിയില്ല. അതാണ് ആകെയുണ്ടായിരുന്ന സിനിമാ അനുഭവം.

പത്തില്‍ പഠിക്കുമ്പോഴാണ് ആദ്യ കഥ ആലോചിക്കുന്നത്. 'വിന്‍ഡ്' എന്നായിരുന്നു പേര്. മന്ത്രിയെ തട്ടിക്കൊണ്ട് പോകാന്‍ പ്ലാന്‍ ചെയ്യുന്ന മൂന്ന് കൂട്ടുകാരുടെ കഥ. വളരുന്നതിനനുസരിച്ച് ചിന്തയും ഭാവനയും എല്ലാം വളരുമല്ലോ. പിന്നീട് ഐ എഫ് എഫ് കെ പോലെയുള്ള സാധ്യതകള്‍ ഉണ്ടാകുന്നു. സിനിമകള്‍ കാണുന്നു. 2005 മുതല്‍ സിനിമയെ സീരിയസായി കാണാന്‍ തുടങ്ങി. എന്ത് പറഞ്ഞാലും അത് സിനിമയില്‍ വന്ന് നില്‍ക്കാന്‍ തുടങ്ങി. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഞാന്‍ സിനിമക്കാരനാകും എന്ന് ഞാന്‍ എന്നോട് തന്നെ പറഞ്ഞു തുടങ്ങി. മാധ്യമ പ്രവര്‍ത്തകനായി ജോലി ചെയ്യുന്ന കാലത്ത് ഒരു ചെറുപ്പക്കാരന്‍ എന്റെ വീട്ടിലേക്ക് വന്ന് അവന്റെ ഒരു ഷോര്‍ട്ട് ഫിലിം പ്രകാശനം ചെയ്യാമോ എന്ന് ചോദിച്ചു.  അപ്പോ ഞാന്‍ ആലോചിച്ചു, ഞാന്‍ ഒരു ഷോര്‍ട്ട്ഫിലിം പോലും ചെയ്യാതെ സിനിമക്കാരന്‍ എന്നും പറഞ്ഞ് നടക്കുകയാണ്. എന്നെക്കാള്‍ പ്രായം കുറഞ്ഞ ഒരു പയ്യന്‍ അവന് തോന്നിയ കാര്യം ചിത്രീകരിച്ച് അതുമായാണ് വന്നത്. ഇനി വൈകരുത്. ഞാന്‍ തീരുമാനിച്ചു. പിന്നെ കഥ ആലോചന. മാസങ്ങളോളം എഴുതി. പ്രൊഡ്യൂസറെ കണ്ടെത്തി. 'ആളൊരുക്കം' എന്ന ആദ്യ സിനിമ അനൗണ്‍സ് ചെയ്തു. 

അക്കാലത്ത് ഞാന്‍ ജനയുഗത്തിലാണ്. ഷൂട്ടിംഗിന് ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോള്‍ ഒരു ദിവസം ഈ സിനിമക്ക് ക്യാമറാമാനായി മനസ്സില്‍ കണ്ട ഒരു ചെറുപ്പക്കാരന്‍ എന്നെക്കാണാന്‍ ഓഫീസില്‍ വന്നു, സംസാരത്തിനിടെ അവന്‍ അപ്പോള്‍ വര്‍ക്ക് ചെയ്യുന്ന സിനിമയുടെ കാര്യം ചോദിച്ചു. ക്യൂരിയോസിറ്റി കൊണ്ട് ചോദിച്ചതാണ്. കഥ കേട്ടപ്പോള്‍ ഞെട്ടിപ്പോയി. ഞാന്‍ ചെയ്യാന്‍ എഴുതിത്തയ്യാറാക്കിയ കഥ വേറൊരു പശ്ചാത്തലത്തില്‍ പറഞ്ഞിരിക്കുന്നു! വളരെ യാദൃശ്ചികമായി സംഭവിച്ചതാണ്. ഇനിയെന്ത്? പ്രൊഡ്യൂസറോട് സത്യം പറഞ്ഞു. 'നമ്മള്‍ പ്ലാന്‍ ചെയ്ത സിനിമ മറ്റൊരു രീതിയില്‍ വേറൊരാള്‍ ചെയ്യുന്നു, എനിക്ക് സമയം തന്നാല്‍ നാളെത്തന്നെ അടുത്ത കഥ പറയാം, ഒരാഴ്ച കൊണ്ട് എഴുതാം' എന്ന് പറഞ്ഞു. 

പറയുമ്പോള്‍ മനസില്‍ ഒരു കഥ മാത്രമാണ് ഉണ്ടായിരുന്നത്. മുന്‍പേ ഞാന്‍ എഴുതിയ 'ആളൊരുക്കത്തിന്റെ  തിരയിളക്കങ്ങള്‍' എന്ന ഡ്രാഫ്റ്റാണ്. ആ കഥ പറഞ്ഞു, പ്രൊഡ്യൂസര്‍ക്ക് ഇഷ്ടപ്പെട്ടു. ഒരാഴ്ചകൊണ്ട് എഴുതി. 
ഷൂട്ട് തുടങ്ങുന്നതിന്റെ തലേന്ന്  വരെ ഞാന്‍ ജനയുഗത്തില്‍ ജോലിക്ക് പോയി. പകല്‍ മുഴുവന്‍ എഴുതി, വൈകിട്ട് ജോലിക്ക് പോയി, രാത്രി 12ന് വീട്ടിലെത്തി പിന്നെയും എഴുതി. 

എനിക്ക് സിനിമ ചെയ്ത പരിചയം ഇല്ലല്ലോ. പക്ഷേ ഞാന്‍ നല്ല രീതിയില്‍ ഹോംവര്‍ക്ക് ചെയ്തിരുന്നു. എക്‌സ്പീരിയന്‍സ്ഡ് അല്ലാത്തതിനാല്‍ എന്റെ സിനിമയെ പരിചയസമ്പന്നരായ ടെക്‌നീഷ്യന്‍സ് ഹൈജാക്ക് ചെയ്യുമോ എന്ന് എനിക്ക് ഭയം തോന്നിയിരുന്നു. പക്ഷേ ആവശ്യമുള്ളത് അവരോട് ചോദിച്ച് വാങ്ങാന്‍ ആദ്യ ദിവസം മുതലേ പറ്റി. ചോദിക്കാവുന്ന ആളുകളോട് പലതും ചോദിച്ചും മനസിലാക്കിയുമാണ് ആദ്യ ദിവസങ്ങളില്‍ ഷൂട്ട് മുന്നോട്ട് പോയത്. ആദ്യ രണ്ടോ മൂന്നോ ദിവസത്തെ ചിത്രീകരണം കഴിയുമ്പോഴേക്കും ഞാന്‍ ഫിലിം മേക്കര്‍ ആയി മാറിയതായി തോന്നി. ഒട്ടും പരിചയമില്ലാത്ത പോസ്റ്റ് പ്രൊഡക്ഷന്‍ മേഖലയില്‍ പോലും കോണ്‍ഫിഡന്‍സ് ഉണ്ടായി. ഇപ്പോള്‍ മൂന്ന് സിനിമ കഴിഞ്ഞ് നില്‍ക്കുമ്പോള്‍ ആ കോണ്‍ഫിഡന്‍സ് ആണ് എന്നെ മുന്നോട്ട് നയിക്കുന്നത്. 

 


 

ആദ്യ സിനിമ ആളൊരുക്കം ദേശീയ പുരസ്‌കാരം നേടുന്നു. പക്ഷ, ഐഎഫ്എഫ്‌കെയില്‍ ഇടം പിടിക്കുന്നില്ല. രണ്ടാമത്തെ സിനിമ തിയറ്ററില്‍ വിജയം തന്നു. മൂന്നാം സിനിമയുടെ പ്രീമിയര്‍ ഐഎഫ്എഫ്‌കെയില്‍, പിന്നെ മറ്റ് ഫെസ്റ്റിവലുകളില്‍. കേരളത്തിലെ പല ഫെസ്റ്റിവലുകളിലും ഉദ്ഘാടന ചിത്രമാവുന്നു. എന്താണ് അഭിലാഷിന് ഈ നിമിഷത്തെപ്പറ്റി തോന്നുന്നത്?

എന്റെ സിനിമായാത്രയില്‍ യാദൃശ്ചികതകളുണ്ട്. ആളൊരുക്കത്തിന് ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ കിട്ടുന്നു. അപ്പോഴാണ് പ്രളയം വരുന്നത്. ഞാന്‍ സിനിമ സബ്മിറ്റ് ചെയ്യാന്‍ അക്കാദമിയില്‍ എത്തുമ്പോഴാണ് ചെലവ് ചുരുക്കലിന്റെ  ഭാഗമായി ഇത്തവണ ഫെസ്റ്റിവല്‍ നടക്കാന്‍ സാധ്യതയില്ലെന്ന് അറിയുന്നത്. ഞാനാണെങ്കില്‍ 'ആളൊരുക്കം' ഐഎഫ്എഫ്‌കെയില്‍ ഉണ്ടാകും എന്ന് വിശ്വസിച്ച് ഇരിക്കുകയാണ്. എനിക്കാകെ നിരാശ തോന്നി. അടുത്തറിയാവുന്ന ഒരാള്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ്. ഞാന്‍ എംഎന്‍ സ്മാരകത്തിലേക്ക് പോയി കാനത്തെ  കണ്ടു. ഐഎഫ്എഫ്‌കെ നടന്നില്ലെങ്കില്‍ ഫെസ്റ്റിവലിന്റെ ഇന്റര്‍നാഷണല്‍ അക്രഡിറ്റേഷന്‍ നഷ്ടമാകുമെന്നും ഫെസ്റ്റിവല്‍ കലണ്ടറില്‍ നിന്ന് പുറത്താകുമെന്നും ഒക്കെ പറഞ്ഞു. 'ആളൊരുക്കം' ഫെസ്റ്റിവലില്‍ കാണിക്കണം എന്ന കടുത്ത മോഹം കൊണ്ട് ഞാനിങ്ങനെയൊക്കെ പറയുകയാണ്. കാനത്തിന് ഫെസ്റ്റിവല്‍ അക്രഡിറ്റേഷനെ കുറിച്ചൊന്നും അറിവില്ലായിരുന്നു. എങ്കിലും എല്ലാം കേട്ടിട്ട്, നമുക്ക് നോക്കാം എന്ന് മാത്രം പറഞ്ഞു, ഞാന്‍ എംഎന്‍ സ്മാരകത്തില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോള്‍ കുറേ മാധ്യമ പ്രവര്‍ത്തകര്‍ അവിടെയുണ്ട്. കാനം എന്തോ ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് നടത്താനായി വിളിച്ച് കൂട്ടിയ പ്രസ് മീറ്റ് ആണ്. 

ആ സമയം എനിക്കൊരു ബുദ്ധി തോന്നി. ആളൊരുക്കത്തില്‍ പാട്ടെഴുതിയ അജേഷ് ചന്ദ്രനും മാധ്യമപ്രവര്‍ത്തകരുടെ കൂട്ടത്തിലുണ്ട്. ഇത്തവണ ഐഎഫ്എഫ്‌കെ ഉണ്ടാകുമോ എന്ന് കാനത്തോട് ചോദിക്കണം എന്ന് അജേഷിനെ പറഞ്ഞേല്‍പ്പിച്ചു. അജേഷ് അക്കാര്യം കാനത്തോട് ചോദിച്ചു.  ഐഎഫ്എഫ്‌കെ  അക്രഡിറ്റേഷന്‍ നഷ്ടമാകുന്ന കാര്യമാണെന്നും അതുകൊണ്ട് ഫെസ്റ്റിവല്‍ നടത്തണമെന്നും ഇക്കാര്യം സി എമ്മുമായി സംസാരിക്കുമെന്നും അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാതെ കാനം മാധ്യമപ്രവര്‍ത്തകരോട് പറയുന്നു. അധികം വൈകാതെ ചലച്ചിത്രമേളയുടെ തീയതി പ്രഖ്യാപിക്കപ്പെടുന്നു. പക്ഷേ തെരഞ്ഞെടുത്ത സിനിമകളില്‍ ആളൊരുക്കം ഇല്ല! ഞാനുടനെ അക്കാദമിക്കെതിരെ പരസ്യമായി പ്രതികരിക്കുന്നു. അത് ചര്‍ച്ചയാകുന്നു. പ്രതിഷേധങ്ങളില്‍ ഞാന്‍ പങ്കാളിയാകുന്നു, മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നു. ഇന്ന് ചിന്തിക്കുമ്പോള്‍ അതൊക്കെ അനാവശ്യ വൈകാരികത ആയിപ്പോയി എന്ന് തോന്നുന്നുണ്ട്. ജൂറി തീരുമാനത്തെ  ബഹുമാനിക്കണമായിരുന്നു എന്ന് തോന്നാനുള്ള പക്വത ഇപ്പോഴെനിക്കുണ്ട്. 

'സബാഷ് ചന്ദ്രബോസ്' ഐഎഫ്എഫ്‌കെയില്‍ അയച്ചെങ്കിലും തെരഞ്ഞെടുക്കപ്പെട്ടില്ല.  അതൊരു കൊമേഴ്ഷ്യല്‍ സിനിമ ആണെങ്കിലും മേളയില്‍ ഇടം കിട്ടേണ്ട ചില അക്കാദമിക് കാര്യങ്ങള്‍ കൂടി ഉള്‍ച്ചേര്‍ന്ന സിനിമയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നുണ്ട്. എന്നാല്‍ ജൂറി തീരുമാനത്തെ അംഗീകരിക്കുകയാണ് ഞാന്‍ അപ്പോള്‍ ചെയ്തത്. അക്കൊല്ലം ഐഎഫ്എഫ്‌കെ നടക്കുമ്പോള്‍ അന്നത്തെ മലയാളം സിനിമയുടെ ജൂറി ചെയര്‍മാനെ നേരില്‍ കാണാന്‍ ഇടയായി. സംസാരത്തിനിടെ സബാഷ് ചന്ദ്രബോസും കടന്നു വന്നു, അപ്പോള്‍ അദ്ദേഹം ആ സിനിമ കണ്ടിരുന്നുവെന്നും ജൂറിയില്‍ ഉള്ള മറ്റുള്ളവര്‍ ആ ചിത്രം മേളയില്‍ ഉള്‍പ്പെടുത്തണമെന്ന് പറഞ്ഞതാണെന്നും താനാണ് ആ പടം വേണ്ടെന്ന് തീരുമാനിച്ചതെന്നും പറഞ്ഞു. പിന്നാലെ സിനിമയെ വളരെയേറെ അധിക്ഷേപിച്ച് സംസാരിച്ചു. അതും പക്വതയോടെ എടുക്കാനാണ് എനിക്ക് തോന്നിയത്. 

യാദൃശ്ചികത എന്താണെന്ന് വച്ചാല്‍ ആ മേളയുടെ അവസാന ദിവസം എന്നെക്കാണാന്‍ ഒരാള്‍ വന്നു. അമേരിക്കയില്‍ നിന്ന് വന്നതാണ്. 'സബാഷ് ചന്ദ്രബോസ്' കണ്ട് വളരെയേറെ ഇഷ്ടപ്പെട്ട ഒരാള്‍. അദ്ദേഹമാണ് പിന്നീട് 'പാന്‍ ഇന്ത്യന്‍ സ്റ്റോറി'യുടെ പ്രൊഡ്യൂസറായി മാറിയത്. അതായത് ഐഎഫ്എഫ്‌കെ യില്‍ സബാഷ് ചന്ദ്രബോസ് റിജക്ട് ചെയ്യപ്പെട്ടതിന്റെ കാരണമറിയുന്ന ഷോക്കില്‍ നില്‍ക്കുന്ന ദിവസം, അതേ സിനിമയുടെ പേരില്‍ എന്നെക്കാണാന്‍ വന്നയാള്‍ പ്രൊഡ്യൂസ് ചെയ്ത സിനിമക്ക് മറ്റൊരു ഐഎഫ്എഫ്‌കെയില്‍ സെലക്ഷന്‍ കിട്ടി! അതാണ് മറ്റൊരു യാദൃശ്ചികത.

പാന്‍ ഇന്ത്യന്‍ സ്റ്റോറി ഐഎഫ്എഫ്‌കെയില്‍ തെരഞ്ഞെടുക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നോ?

ഇത്തവണ ജിയോ ബേബിയായിരുന്നു 'മലയാള സിനിമ ഇന്നിന്റെ' ജൂറി ചെയര്‍മാന്‍. അക്കാര്യം എനിക്കറിയില്ലായിരുന്നു. കുറച്ച് കാലം മുമ്പ് ഞാന്‍ ജിയോയേ നാട്ടിലെ ഒരു പരിപാടിയുടെ കാര്യം പറയാന്‍ വിളിച്ചിരുന്നു. ജിയോ ഫോണ്‍ അറ്റന്‍ഡ് ചെയ്തില്ല. എന്നാല്‍ കുറേ ദിവസങ്ങള്‍ക്ക് ശേഷം, പാന്‍ ഇന്ത്യന്‍ സ്റ്റോറി തെരഞ്ഞെടുക്കപ്പെട്ട ശേഷം, ജിയോ എന്നെ വിളിച്ചു. സെലക്ഷന്‍ പ്രോസസ്  നടക്കുമ്പോള്‍ മറ്റൊരു സംവിധായകന്റെ ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്നത് ശരിയല്ലല്ലോ എന്ന് പറഞ്ഞു. അപ്പോഴാണ് ജിയോ ജൂറിയിലുണ്ടെന്ന് ഞാന്‍ അറിയുന്നത്. നിങ്ങളുടെ സിനിമ കണ്ടപ്പോള്‍ നിങ്ങളെയൊന്ന് കെട്ടിപ്പിടിക്കാനാണ് എനിക്ക് തോന്നിയതെന്ന് ജിയോ പറഞ്ഞപ്പോള്‍ എനിക്ക് അഭിമാനം തോന്നി. പിന്നീട് ജൂറിയില്‍ ഉണ്ടായിരുന്ന അഭിനേത്രി ദിവ്യപ്രഭയും മറ്റ് അംഗങ്ങളും സിനിമയെക്കുറിച്ച് നല്ല അഭിപ്രായം നേരിട്ട് പറഞ്ഞു. 

 


 

നെടുമങ്ങാട് പോലെ ഒരു പ്രദേശം. നഗരസഭയാണെങ്കിലും  ഗ്രാമസ്വഭാവമൊന്നും വിട്ടുകളഞ്ഞിട്ടില്ല. മനസ്സിലുള്ള ആ ഗ്രാമമാണോ അഭിലാഷിന്റെ സിനിമകളില്‍ കടന്നു വരുന്നത്? 

നെടുമങ്ങാട് നഗരം ഒരു കുന്നിലാണ് സ്ഥിതി ചെയ്യുന്നത്. ഒരു വശത്ത് കിള്ളിയാര്‍. പണ്ട് ഒരുപാട് വയലുകള്‍ ഉണ്ടായിരുന്നു. തൊണ്ണൂറുകള്‍ക്ക് ശേഷം  മിക്കതും നശിച്ചുപോയി. ഞങ്ങളുടെ പഴകുറ്റിയിലൊക്കെ നെല്‍കൃഷി വാഴകൃഷിയായി. എണ്‍പതുകളിലെ  സബാഷ് ചന്ദ്രബോസില്‍ നെടുമങ്ങാടിന്റെ കഥ പറഞ്ഞപ്പോള്‍, പാറയും വയലും ഒക്കെയുള്ള ഒരിടത്ത് നടക്കുന്നതായാണ് കാണിച്ചിരിക്കുന്നത്. 35 വര്‍ഷം മുന്‍പുള്ള എന്റെ കുട്ടിക്കാല ഓര്‍മ്മയാണ് സബാഷ് ചന്ദ്രബോസിലെ ഭൂ പ്രകൃതി. ഇപ്പോള്‍ ഈ സിനിമ കണ്ട പുതിയ തലമുറയില്‍പ്പെട്ട നെടുമങ്ങാട്ടുകാര്‍ ചോദിക്കുന്നത് എവിടെയാണ് ഈ പാറയും വയലും എന്നാണ്. ഇത് ഇപ്പോള്‍ ഇവിടെ ഷൂട്ട് ചെയ്യാനാവില്ല. അതുകൊണ്ടാണ് പാലക്കാട് കൊല്ലങ്കോട് പോയി ഷൂട്ട് ചെയ്യേണ്ടി വന്നത്. പാന്‍ ഇന്ത്യന്‍ സ്റ്റോറിയുടെ കഥയും സംഭവിക്കുന്നത് ഇടത്തരം ഗ്രാമത്തിലാണ്. എന്റെ സിനിമകള്‍ക്കെല്ലാം ലൊക്കേഷന്‍, ഭൂപ്രകൃതി വളരെ പ്രധാനപ്പെട്ടതാണ്.എനിക്കത് അങ്ങനെയേ ചെയ്യാന്‍ കഴിയൂ. അരുവിക്കരയാണ് പാന്‍ ഇന്ത്യന്‍ സ്റ്റോറി ഷൂട്ട് ചെയ്തത്. അത് ഗ്രാമത്തോടുള്ള പ്രത്യേക ഇഷ്ടം കൊണ്ടല്ല, കഥ ആവശ്യപ്പെടുന്ന ഭൂപ്രകൃതി അതാണ്.  'ആളൊരുക്ക'ത്തില്‍ ഗ്രാമമില്ല. നഗരത്തിലും ഫ്‌ലാറ്റിലും ഒക്കെയായാണ് കഥ സംഭവിക്കുന്നത്.

ഭൂപ്രകൃതി പോലെ തന്നെ അഭിലാഷിന്റെ  സിനിമകളിലെ പ്രധാന ഇടമാണ് വീടുകള്‍, അല്ലെങ്കില്‍ കഥാപാത്രങ്ങളുടെ പേഴ്‌സണല്‍ ഇടങ്ങള്‍. ആളൊരുക്കത്തിലെ ഇന്ദ്രന്‍സേട്ടന്‍ വന്ന് കയറുന്ന ഇടം. സബാഷ് ചന്ദ്രബോസിലെ വിഷ്ണുവിന്റെ വീട്, പാന്‍ ഇന്ത്യന്‍ സ്റ്റോറിയിലെ ധര്‍മ്മജന്റെ വീട്. എന്തുകൊണ്ടാണ് വീടുകള്‍ പ്രധാന ഇടം ആകുന്നത് ?

കഥയാണല്ലോ ആദ്യം ഉണ്ടാകുന്നത്, കഥ വികസിക്കുമ്പോള്‍ അതിന്റെ ജീവനനുസരിച്ചാണ് വീടുകള്‍ പ്രധാനമാകുന്നത്. ആളൊരുക്കത്തില്‍ പപ്പുപ്പിഷാരടിയുടെ വീട് ഒരു പാട്ട് രംഗത്തില്‍ മാത്രമേ കാണിക്കുന്നുള്ളൂ. അതിലെ ആശുപത്രിയും ഫ്‌ലാറ്റും എല്ലാം കഥാപാത്രങ്ങള്‍ തന്നെയാണ്. ഇരുപത് വയസ് വരെ മകനായിരുന്ന, ഇപ്പോള്‍ മകളായി മാറി കുടുംബിനിയായി കഴിയുന്നയാളിന്റെ അടുത്തേക്കാണ് യാഥാസ്ഥിതികനായ അച്ഛന്‍ പപ്പുപ്പിഷാരടി എത്തുന്നത്. വീടിനുള്ളില്‍ / ഫ്‌ലാറ്റിനുള്ളില്‍ കഥാസന്ദര്‍ഭങ്ങള്‍ ഉണ്ടാക്കാന്‍ എളുപ്പമാണ്. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഒരു ട്രാന്‍സ് വനിതയുടെ ദാമ്പത്യജീവിതം കാണിച്ച ആദ്യസിനിമയാണ് ആളൊരുക്കം എന്ന് എനിക്ക് തോന്നുന്നു. അവരുടെ വീടിനുള്ളിലെ ജീവിതം കാണിക്കണമായിരുന്നു. അതാണ് അതിലെ സ്‌പെയ്‌സിന്റെ പ്രാധാന്യം. 

സബാഷ് ചന്ദ്രബോസിലെ വിഷ്ണുവിന്റെയും ജോണി ആന്റണിച്ചേട്ടന്റെയും വീടുകള്‍ ഏറെ പ്രധാനപ്പെട്ടതാണ്, മുഖാമുഖം വീടുകള്‍ വേണം. നടുക്ക് വിളഞ്ഞ് നില്‍ക്കുന്ന വയലും.  ലൊക്കേഷന്‍ നോക്കി ഇറങ്ങിയപ്പോള്‍ പലയിടത്തും ഒരു വീടും വയലും കിട്ടും. എതിര്‍വശത്ത്  വീട് കിട്ടില്ല എന്ന അവസ്ഥ വന്നു. ഒടുവില്‍ വിഷ്ണുവിന്റെ വീട്  സെറ്റിടുകയായിരുന്നു. ആറ് മാസം മുന്‍പേ ആ വീടിന് ചുറ്റുമുള്ള ചെടികള്‍ വെച്ചുപിടിപ്പിച്ചു. പാടത്തെ നെല്ല് കൊയ്ത് പോകാതിരിക്കാന്‍ ഞങ്ങള്‍ പണം കൊടുത്ത് വാങ്ങി. വിഷ്ണുവിന്റെയും ജോണിച്ചേട്ടന്റെയും വീട്ടിലെ എല്ലാ വസ്തുക്കളും അക്കാലത്തിന് അനുയോജ്യമായി ആര്‍ട്ട് വര്‍ക്ക് ചെയ്താണ്. 

പാന്‍ ഇന്ത്യന്‍ സ്റ്റോറിയിലെ വീടും ഒരു കഥാപാത്രമാണ്. ഞങ്ങള്‍ ആ വീട് ചോദിച്ച് ചെന്നപ്പോള്‍  ആ വീട്ടുകാര്‍ മറ്റൊരിടത്തേക്ക് മാറിപ്പോവുകയാണ്. അവര്‍ വീട്ടുസാധനങ്ങളൊക്കെ മാറ്റാന്‍ നില്‍ക്കുകയാണ്. അവരോട് ആ വീട്ടില്‍ നിന്ന് ഒരു സാധനവും മാറ്റരുതെന്നാണ് ഞാന്‍ ആവശ്യപ്പെട്ടത്. അത് ആ വീട്ടുകാരെ അത്ഭുതപ്പെടുത്തി. സാധാരണ ചിത്രീകരണത്തിന് വരുന്നവര്‍ എല്ലാം മാറ്റിക്കൊടുക്കണം എന്നാണല്ലോ  ആവശ്യപ്പെടുന്നത്. 

 


കാസ്റ്റിങ് ആണ് അഭിലാഷിന്റെ സിനിമയില്‍ ശ്രദ്ധിച്ച മറ്റൊരു കാര്യം. ആദ്യ സിനിമയില്‍ ഇന്ദ്രന്‍സ്. അന്ന് അദ്ദേഹം അത്ര ശ്രദ്ധിക്കപ്പെട്ട നായകവേഷങ്ങള്‍ ചെയ്ത ഒരാളല്ല, രണ്ടാമത് വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, ഇപ്പോള്‍ ധര്‍മ്മജന്‍, ഡാവിഞ്ചി. ഈ മൂന്ന് പേരും കോമഡി കൈകാര്യം ചെയ്തവരാണ്. എന്തായിരുന്നു പ്രധാനവേഷം അവര്‍ക്ക് നല്‍കുമ്പോള്‍ സംവിധായകന്റെ ആത്മവിശ്വാസം? ആ തെരഞ്ഞെടുപ്പ് ഈസിയായിരുന്നോ?

ഫെമിലിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഒരു കഥാപാത്രത്തെ ചെയ്യുന്നതിലെ കുഴപ്പങ്ങളെപ്പറ്റി ഞാന്‍ കണ്‍സേണ്‍ഡ് ആണ്. കഥാപാത്രം മികവുറ്റതാകണമെങ്കില്‍ പുതിയ മുഖങ്ങള്‍ വരണം. ഇന്ദ്രന്‍സേട്ടന്‍ മുന്‍പ് ചെയ്ത കഥാപാത്രങ്ങള്‍ എന്റെ  മുന്നിലുണ്ട്. പക്ഷേ 99 ശതമാനവും ഫ്രെയിമിലുള്ള, അദ്ദേഹം തന്നെ കഥ മുന്നോട്ട് കൊണ്ടുപോകുന്ന ഒരു കഥ ഇതിന് മുന്‍പ് ഉണ്ടായിരുന്നില്ല. ആളൊരുക്കത്തില്‍ ഇന്ദ്രന്‍സേട്ടന്റെ പപ്പുപ്പിഷാരടിയുടെ തിളക്കത്തില്‍ ആളുകള്‍ ശ്രദ്ധിക്കാതെ പോയ ഒരാളുണ്ട്, കലാഭവന്‍ നാരായണന്‍കുട്ടിയുടെ അമ്മാവന്‍ വേഷം. കോമഡി ആര്‍ട്ടിസ്റ്റായിരുന്ന അദ്ദേഹത്തിനാണ് സീരിയസായ ഒരു അമ്മാവന്റെ വേഷം കൊടുത്തത്. ഇന്ദ്രന്‍സേട്ടന് പുരസ്‌കാരം കിട്ടി. അപ്പോള്‍ ആ തെരഞ്ഞെടുപ്പ് വളരെ കൃത്യമായിരുന്നു. ഇന്ദ്രന്‍സേട്ടന്‍ മകളായി മാറിയ മകനോട് സംസാരിക്കുമ്പോള്‍ ഉള്ള മുഖഭാവം ഞാന്‍ കൃത്യമായി ഡിഫൈന്‍ ചെയ്തിട്ടുണ്ടായിരുന്നു. ഇതുവരെ ചെയ്തതല്ല ഇവിടെ ചെയ്യേണ്ടതെന്ന് രണ്ട് അഭിനേതാക്കളെയും കണ്‍വിന്‍സ് ചെയ്യാന്‍ പറ്റി.

സബാഷ് ചന്ദ്രബോസില്‍ ആദ്യം  മനസിലുണ്ടായിരുന്നത് സുരാജായിരുന്നു. അദ്ദേഹത്തിനോട് കഥ പറയുകയും ചെയ്തതാണ്. പക്ഷേ അത് നടന്നില്ല, പിന്നീട് വിഷ്ണുവിലേക്ക് എത്തി. കഥ പറഞ്ഞപ്പോള്‍ തന്നെ ഇത് തിരുവനന്തപുരം സ്ലാങ്ങാണ്, പറ്റുമോ എന്ന് ചോദിച്ചിരുന്നു. ഞാന്‍ ഏത് സ്ലാങ്ങും പിടിക്കും ചേട്ടാ എന്നാണ് വിഷ്ണു ആ സമയത്ത് പറഞ്ഞത്. ജോണിചേട്ടനൊക്കെ കഥാപാത്രത്തിന് വേണ്ടി ഏതറ്റം വരെയും പോകാന്‍ തയ്യാറുള്ള നടനാണ്. സ്ലാങ് നന്നാക്കാന്‍ ഡബ്ബിംഗിന് തന്നെ അദ്ദേഹം ഇരുപത്തിയഞ്ചോളം ദിവസം സ്റ്റുഡിയോയില്‍ വന്നു എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? ഒരു ചെറിയ വാക്ക് പോലും തിരുത്താനുണ്ടെങ്കില്‍ ഞാന്‍ അഭിനേതാക്കളെ വീണ്ടും വിളിച്ച് വരുത്തുമായിരുന്നു. ഒരു മടിയും കൂടാതെ അവര്‍ വന്നിട്ടുണ്ട്. ഒരു സിനിമയുടെ പ്രമോഷന്‍ വീഡിയോയില്‍ ചന്ദ്രബോസിലെ ഒരു പ്രധാന കഥാപാത്രം ചെയ്ത രമ്യ സുരേഷിനോട്, അവര്‍ നമ്മുടെ സിനിമയില്‍ പറഞ്ഞ ഒരു വാചകം മമ്മൂക്ക എടുത്ത് പറഞ്ഞ് ചിരിക്കുന്നത് കേട്ടപ്പോ എനിക്ക് ഓസ്‌കര്‍ കിട്ടിയത് പോലെ തോന്നി. 

'പാന്‍ ഇന്ത്യന്‍ സ്റ്റോറി'യില്‍ ധര്‍മ്മജന്റെ മകനായി ഡാവിഞ്ചിയെ കൊണ്ടുവന്നത് അവരെ കണ്ടാല്‍ അച്ഛനും മകനും എന്നു തോന്നിക്കും എന്നത് കൊണ്ടാണ്. ചന്ദ്രബോസില്‍ വിഷ്ണുവും അമ്മയും ചേച്ചിയും ഒക്കെത്തമ്മില്‍ രൂപസാദൃശ്യം വരാന്‍ ഞാന്‍ ബോധപൂര്‍വ്വം ശ്രദ്ധിച്ചിട്ടുണ്ട്.    

അതിസൂക്ഷ്മ നിരീക്ഷണം വേണ്ട ഒന്നാണല്ലോ കാര്‍ട്ടൂണുകള്‍. പൊളിറ്റിക്കലി / സോഷ്യലി അപ്‌ഡേറ്റഡ് ആയിരിക്കണം, കൃത്യമായ പഞ്ചില്‍ പ്ലേസ് ചെയ്യണം, ഒരൊറ്റ നേര്‍രേഖ കൊണ്ടുപോലും വലിയ ഡെപ്ത് കൊടുക്കാന്‍ പറ്റും. അങ്ങനെ നിരീക്ഷണവും അത് അപ്ലൈ ചെയ്യാനുള്ള കഴിവും വിമര്‍ശനാത്മകവും ഹാസ്യാത്മകവുമായ ചിന്തയും ഒരു കാര്‍ട്ടൂണിസ്റ്റിന് വേണ്ടതാണ്, ഇതെല്ലാം ഒരു ചലച്ചിത്ര സംവിധായകനും വേണം. അഭിലാഷിലെ കാര്‍ട്ടൂണിസ്റ്റ് സിനിമയില്‍ എത്രത്തോളം പ്രയോജനപ്പെട്ടു?

'ആളൊരുക്കം' ഒരു തീയറ്ററില്‍ കാണിക്കുന്ന സമയത്ത് പപ്പുപ്പിഷാരടിയുടെ ഒരു തമാശ ഡയലോഗിന്  തിയറ്ററിന്റെ  ഏതോ മൂലയില്‍ നിന്നും ഒരാള്‍ ഹഹഹ എന്ന് ചിരിച്ചു. ആ ചിരി എന്നിലുണ്ടാക്കിയ ഒരു കുളിരുണ്ട്. അതിന്റെ പ്രൊഡക്റ്റാണ് സബാഷ് ചന്ദ്രബോസ്. ആളുകളെ നന്നായി ചിരിപ്പിക്കണം എന്നുദ്ദേശിച്ച് എടുത്ത സിനിമയാണ് അത്. എന്നാല്‍ ഒരു തമാശക്കഥ അല്ലെങ്കിലും പാന്‍ ഇന്ത്യന്‍ സ്റ്റോറി എഴുതുമ്പോഴും ഷൂട്ട് ചെയ്യുമ്പോഴും ചില സീനുകളില്‍ എനിക്ക് ചിരി വരുന്നുണ്ടായിരുന്നു. കറുത്ത ഹാസ്യം എന്നൊക്കെ പറയാറില്ലേ, അത് എല്ലായിടത്തും എല്ലാവര്‍ക്കും വര്‍ക്ക് ആവണമെന്നില്ല. എന്റെ വീട്ടിലുള്ളവരെ ഈ സിനിമ ടിവിയില്‍  കാണിച്ചപ്പോള്‍ അവര്‍ ചിരിച്ചില്ല. എന്നാല്‍ IFFK സ്‌ക്രീനിംഗില്‍ എന്നെ ഞെട്ടിക്കുന്ന റിസള്‍ട്ടാണ് ഉണ്ടായത്. ഞാന്‍ ചിരിച്ചിടത്ത് മാത്രമല്ല മറ്റ് ഒട്ടനവധി സ്ഥലങ്ങളില്‍ കൂട്ടച്ചിരി വന്നു. ആള്‍ക്കൂട്ടം ഒരുമിച്ചിരുന്ന് സിനിമ കാണുന്നതിന്റെ മാജിക്ക് ആണത്. പാന്‍ ഇന്ത്യന്‍ സ്റ്റോറി ഒടിടിയില്‍ വരുമ്പോള്‍ എനിക്കുറപ്പാണ് ആളുകള്‍, മനസ്സിലായിരിക്കും ഏറ്റവുമധികം ചിരിക്കുക. മനസ്സില്‍ ചിരിച്ച സിനിമകള്‍ അത്ര പെട്ടെന്ന് വിസ്മൃതിയിലാവുകയും ചെയ്യില്ല. എന്നാല്‍ കഥാപാത്രങ്ങളെ അങ്ങനെ കാര്‍ട്ടൂണിസ്റ്റിക് ആയൊന്നും ഞാന്‍ കണ്ടിട്ടില്ല. സബാഷ് ചന്ദ്രബോസിലെ ജോണി ആന്റണിച്ചേട്ടന്റെ കഥാപാത്രത്തെ പക്ഷേ എവിടെയൊക്കെയോ അങ്ങനെ അവതരിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്.

സിനിമയുടെ ഭാഷ എന്നൊന്നുണ്ടല്ലോ. അത് സിനിമ സംസാരിക്കുന്ന, കഥാപാത്രങ്ങള്‍ സംസാരിക്കുന്ന ഭാഷ തന്നെ ആകണം എന്നുണ്ടോ? അതോ സിനിമ ടോട്ടാലിറ്റിയില്‍ മുന്നോട്ടു വെക്കുന്ന ആഗോള ഭാഷയാണോ? എങ്ങനെയാണ് അഭിലാഷ് ഇതിനെ കാണുന്നത്?

സംഗീതത്തിന് ഭാഷ ആവശ്യമില്ല എന്ന് പറയാറുണ്ടല്ലോ, അത് പോലെ സിനിമയ്ക്കും ഭാഷ ആവശ്യമില്ലെന്ന് ചില വ്യാഖ്യാനങ്ങളുണ്ട്. അതിനെക്കുറിച്ചൊന്നും എനിക്കറിവില്ല. പക്ഷേ മറ്റൊരു കാര്യം എനിക്ക് നന്നായിട്ടറിയാം. സിനിമയില്‍ ദൃശ്യമാണ് പ്രാഥമിക ഭാഷ. കാഴ്ച നമ്മുടെ ബോധത്തെ പരുവപ്പെടുത്തുന്നു. സിനിമയുടെ കാര്യത്തില്‍ മാത്രമാണിത്. ക്ഷേത്രകലകളിലടക്കം ദൃശ്യം ശബ്ദത്തോട് ചേര്‍ന്ന് നിന്നാണ് പരമോന്നതിയിലെത്തുന്നത്.  നാടകങ്ങള്‍ ഒരു കാലത്തും നിശബ്ദമായിരുന്നില്ല. അകലത്തിലിരിക്കുന്ന കാണിയെ പോലും നാടക സ്രഷ്ടാക്കള്‍ക്ക്  തൃപ്തിപ്പെടുത്തണമായിരുന്നു.  രംഗകലകളില്‍ മൈമുകളും ടാബ്ലോ ആര്‍ട്ടുകളും മാത്രമാണ് ഒരു പരിധിവരെ ദൃശ്യത്തില്‍ ശബ്ദത്തെ ഒഴിവാക്കി കലയെ സമീപിച്ചിട്ടുള്ളതെങ്കില്‍ പോലും പശ്ചാത്തല സംഗീതത്തിന്റെി അടച്ചുവയ്പില്ലാതെ ആ ആര്‍ട്ടുകളും പൂര്‍ണ്ണമാകുന്നില്ല.

എന്നാല്‍ ശബ്ദം അതിന്റേതായ  ധര്‍മ്മം പൂര്‍ത്തീകരിക്കുന്നുണ്ട്. ഇന്ന് ഒരു സിനിമയിലും ദൃശ്യത്തെ നിശ്ശബ്ദമായി കാണാന്‍ പ്രേക്ഷകരും ആഗ്രഹിക്കുന്നില്ല.  സിനിമ സ്വതന്ത്രമായി തന്നെ ദൃശ്യത്തെയും ശബ്ദത്തെയും വേറിട്ട അവസ്ഥകളായി നില നിര്‍ത്തുന്നുണ്ട്.  അതുകൊണ്ട് ദൃശ്യവും ശബ്ദവും ചേര്‍ന്ന് സിനിമാനുഭവങ്ങളെ നിര്‍ണ്ണയിക്കുന്നു. ആഖ്യാനത്തിന് ഭാഷ പ്രധാനമാണ്. അത് ഏത് രീതിയില്‍ സിനിമ അവതരിപ്പിക്കണമെന്ന സംവിധായകന്റെു തീരുമാനത്തില്‍ അടിസ്ഥാനപ്പെട്ടിരിക്കുന്നു. ചിലപ്പോള്‍ മൗനമായിരിക്കും ഭാഷ. ആളൊരുക്കത്തില്‍ മൗനത്തിന് വളരെ വലിയ പ്രാധാന്യമുണ്ടായിരുന്നു. മകന്റെ ഫ്‌ലാറ്റില്‍ എത്തിയശേഷം പപ്പുപ്പിഷാരടി വലിയ മൗനത്തിലേക്കാണ് പോകുന്നത്. ആ സിനിമയുടെ ആദ്യ പകുതി സംഭാഷണബഹുലവും രണ്ടാം പകുതി മൗനമാണ്. എന്നിട്ടും രണ്ടാം പകുതിയിലാണ് പ്രേക്ഷകന്‍ എന്‍ഗേജ് ആവുന്നത്. പാന്‍ ഇന്ത്യന്‍ സ്റ്റോറിയിലും അങ്ങനെ തന്നെ. സബാഷ് ചന്ദ്രബോസില്‍ അതില്‍ മാറ്റമുണ്ട്. അവിടെ നാട്ടിന്‍പുറത്തെ ആളുകളുടെ വര്‍ത്തമാനമാണ് വേണ്ടത്. ആ ഭാഷയ്ക്കാണ് അവിടെ പ്രാധാന്യം. പാന്‍ ഇന്ത്യന്‍ സ്റ്റോറിയില്‍ പലയിടത്തും വോയിസ് ഓവറുകള്‍ ഒരുപാട് ചെയ്തിട്ടുണ്ട്. പശ്ചാത്തലത്തില്‍ കേള്‍ക്കുന്ന വീട്ടിലെ സംഭാഷണങ്ങളുണ്ട്.അത് അവിടെ ആവശ്യമായതുകൊണ്ടാണ് അങ്ങനെ ചെയ്തത്.

 

 

ആദ്യ സിനിമയില്‍ ഇന്ദ്രന്‍സേട്ടന്‍, സബാഷ് ചന്ദ്രബോസിലും പാന്‍ ഇന്ത്യന്‍ സ്റ്റോറിയിലും വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, കൂടെ ജോണി ആന്റണി. നിങ്ങളുടെ സൗഹൃദം എങ്ങനെയാണ്? സിനിമയ്ക്ക് അപ്പുറത്തേക്ക് സൗഹൃദം സൂക്ഷിക്കുന്ന ആളുകളാണോ നിങ്ങള്‍?

എന്റെ സിനിമയില്‍ ലഭിച്ച സ്റ്റേറ്റ് അവാര്‍ഡിലൂടെയാണ് ഇപ്പോഴത്തെ  കരിയര്‍ ചേഞ്ച് ഉണ്ടാവുന്നത് എന്നതിനാല്‍ എന്നോട് ഏറ്റവും സൗഹൃദം ഉണ്ടായേക്കുമെന്ന് ആളുകള്‍ കരുതുന്നത് ഇന്ദ്രന്‍സേട്ടന്റെ കാര്യത്തിലാകും, പക്ഷേ അത് അങ്ങനെയല്ല. ഞങ്ങള്‍ തമ്മില്‍ ഇടയ്ക്ക് പരസ്പരം വിളിക്കും, സുഖ വിവരം അന്വേഷിക്കും. അതില്‍പ്പരം ഒരു ബന്ധമില്ല. ഞങ്ങള്‍ തമ്മില്‍ പ്രൊഫഷണല്‍ ബന്ധം മാത്രമേ ഉള്ളൂ. പക്ഷേ വിഷ്ണുവും ജോണി ആന്റണിച്ചേട്ടനും ഞാനും തമ്മില്‍ അങ്ങനെയല്ല. വളരെ ഡെപ്ത്തുള്ള ഒന്നാണ്. ദീര്‍ഘനേരം ഫോണില്‍ സംസാരിക്കുന്ന ബന്ധം. സിനിമ ചെയ്യുന്ന സമയത്തേക്കാള്‍ അടുപ്പമാണ് ഇപ്പോള്‍.  ഒരുമിച്ച് സിനിമ ചെയ്തിട്ടില്ലെങ്കിലും സംവിധായകന്‍ ജിബു ജേക്കബ്, കലാഭവന്‍ റഹ്മാനിക്ക എന്നിവരുമായൊക്കെ അത്തരം ഇമോഷണല്‍ കണക്ഷനുണ്ട്. 


സിനിമയുടെ കാര്യത്തില്‍ ആരോടാണ് കടപ്പാടുള്ളത്?

ആദ്യ സിനിമയുടെ നിര്‍മ്മതാവിനോട് എന്നും കടപ്പാടുണ്ട്. പിന്നെ അദ്ദേഹത്തെ എനിക്ക് പരിചയപ്പെടുത്തി തന്ന തിരുവനന്തപുരത്തെ ബെന്നി എന്ന എന്റെ  ജ്യേഷ്ഠസുഹൃത്തിനോടും. ജോളി ലോനപ്പന്‍ എന്ന പ്രൊഡ്യൂസര്‍ നിങ്ങളുടെ എക്‌സ്പീരിയന്‍സ് എന്താണ് എന്ന് ചോദിച്ചിരുന്നെങ്കില്‍ സിനിമയിലേക്കുള്ള വരവ് അല്പം കൂടി വൈകിയേനെ. ഞാന്‍ പറഞ്ഞ കഥയില്‍ അദ്ദേഹം വിശ്വസിക്കുകയും ആവശ്യപ്പെട്ട പണം തരുകയും ചെയ്തിടത്ത് നിന്നാണ് തുടക്കം. അതിന് നാഷണല്‍ അവാര്‍ഡ് വരുന്നു, ഇന്ദ്രന്‍സേട്ടന് അവാര്‍ഡ് വരുന്നു, അങ്ങനെ ഒരുപാട് നല്ല കാര്യങ്ങള്‍. ആ  വിശ്വാസം കൊണ്ടാണ് അതിന്റെ ബജറ്റിനേക്കാള്‍ ആറിരട്ടി പണം അടുത്ത സിനിമയ്ക്കായി മുടക്കാന്‍ അദ്ദേഹം തയ്യാറാകുന്നത്. ആ വിശ്വാസം കാത്തുസൂക്ഷിച്ചാണ് ഇപ്പോഴും ഞാന്‍ മുന്നോട്ട് പോകുന്നത്. പാന്‍ ഇന്ത്യന്‍ സ്റ്റോറി ചെയ്യാന്‍ തുടങ്ങുമ്പോഴും എനിക്ക് അദ്ദേഹത്തിന്റെ ആശീര്‍വാദം ഉണ്ടായിരുന്നു. 

മലയാളത്തിലെ പല സംവിധായകരും മറ്റ് ഇന്ത്യന്‍ ഭാഷകളിലും സംവിധാന മികവ് തെളിയിച്ചവരാണ്. അന്യഭാഷാ നടന്മാരും നടിമാരും ടെക്‌നീഷ്യന്മാരുമൊക്കെ നമ്മുടെ ഇന്‍ഡസ്ട്രിയില്‍ വര്‍ക്ക് ചെയ്യാന്‍ താത്പര്യമുള്ളവരുമാണ്. അഭിലാഷിന് മലയാളത്തിന് പുറത്തേക്കുള്ള താത്പര്യം എന്താണ്?

ആദ്യ സിനിമയായ ആളൊരുക്കത്തിന് ദേശീയ അവാര്‍ഡ് കിട്ടിയപ്പോള്‍ അത് തമിഴിലേക്ക് റീമേക്ക് ചെയ്യുന്നതിന്  ഓഫര്‍ വന്നിരുന്നു, അന്ന് മൂലകഥയില്‍ നിന്ന് മാറ്റം വരുത്തി പൂര്‍ണ്ണാര്‍ത്ഥത്തില്‍ കൊമേഷ്യല്‍ ആയി ചെയ്യണമെന്ന രീതിയിലാണ് പ്രൊഡക്ഷന്‍ കമ്പനി സമീപിച്ചത്. അതിനാല്‍, സ്‌നേഹത്തോടെ നോ പറയേണ്ടി വന്നു. ഇപ്പോള്‍ സബാഷ് ചന്ദ്രബോസിന്റെ വിജയത്തിന് പിന്നാലെ തമിഴിലെ പ്രമുഖ അഭിനേതാവിന്റെ ഓഫീസ് എന്നെ ബന്ധപ്പെട്ടു. തമിഴ് റീമേക്ക് ചര്‍ച്ചകള്‍ ആരംഭിച്ചു. കഴിഞ്ഞ ക്രിസ്മസ് ദിനം ഞാന്‍ ആ നടനെ കണ്ടിരുന്നു, കാര്യങ്ങള്‍ മുന്നോട്ട് പോകുന്നുണ്ട്. എല്ലാം ശരിയായി വന്നാല്‍ 2026-ല്‍ ആ സിനിമ ചെയ്യാമെന്ന് കരുതുന്നു.
 

vuukle one pixel image
click me!