കവികളുടെ നിരാശ അവരെ കേൾക്കാന്‍ ആളില്ലെന്നതാണ്: ഡോ.എം.ആര്‍ വിഷ്ണുപ്രസാദ്

ലയാള കവിതയില്‍ സ്വന്തമായൊരു അവതരണ ശൈലിയുമായി കടന്ന് വന്ന യുവ കവിയാണ് എം ആര്‍ വിഷ്ണുപ്രസാദ്. കവി എന്ന നിലയില്‍ എഴുതുമ്പോൾ അനുഭവപ്പെടുന്ന ഭാഷയുടെ അപര്യാപ്തയില്‍ നിന്നാണ് അവതരണ കവിതയിലേക്ക് കടന്നതെന്ന് വിഷ്ണുപ്രസാദ് പറയുന്നു. കോതമംഗലം ഇന്ദിരാഗാന്ധി ട്രെയിനിങ് കോളേജിലെ ആർട്സ് ക്ലബ് ഉദ്‌ഘാടന വേളയില്‍, വിഷ്ണു പ്രസാദ് പാടിയ 'കോമഡിയുത്സവം' എന്ന കവിത വൈറലായിരുന്നു. കേരളത്തിലെ ഭാഷാവൈവിധ്യം ഉൾപ്പെടുത്തിയ ആ തുള്ളൽ പാട്ടിനെ കുറിച്ചും നാട്ടിന്‍ പുറത്തെ ശീലുകളില്‍‌ നിന്ന് കവിതയുടെ പുതുവഴികളിലേക്കുള്ള നടത്തത്തെ കുറിച്ചും എം ആര്‍ വിഷ്ണുപ്രസാദ് സംസാരിക്കുന്നു. വായിക്കാം. 

disappointment of poets is that there is no one to listen to them Dr M R Vishnuprasad


കവിതയിലേക്കുള്ള വഴി? 

ഠന കാലത്ത് തന്നെ കവിതകളിലേക്ക് കടന്നിരുന്നു. പമ്പ ഡിബി കോളേജില്‍ ബോട്ടണി ഡിഗ്രി, 2002 കാര്യവട്ടം ക്യാമ്പസില്‍ എണ്‍വയോണ്‍മെന്‍റൽ സയന്‍സ്. പിന്നെ ഒരു എട്ട് വര്‍ഷത്തെ ഗ്യാപ്പ്. അത് കഴിഞ്ഞാണ് സുധീഷ് കോട്ടേമ്പ്രം വഴി ദില്ലിയില്‍ പെർഫോമന്‍സ് സ്റ്റഡീസില്‍ എംഫിലിന് ചേരുന്നത്. അവിടെ നിന്നാണ് അവതരണ കവിത എന്ന പെർഫോമന്‍സ് പോയട്രിയിലേക്ക് കടക്കുന്നത്. 

Latest Videos

പെർഫോമന്‍സ് പോയട്രി എന്ന് കേൾക്കുമ്പോൾ പുതിയ എന്തോ സംഗതിയാണെന്ന് തോന്നും. എന്നാല്‍, അങ്ങനെയല്ല. അത് ലോകത്താകമാനം എല്ലാ സംസ്ക്കാരങ്ങളിലും പണ്ടേയുണ്ട് . നമ്മുടെ നാടന്‍ പാട്ടിന്‍റെ തുടര്‍ച്ച. സ്വന്തം കവിതകൾ അവതരിപ്പിക്കാന്‍ ഒരു പ്രസ്ഥാനത്തെ തന്നെ സൃഷ്ടിച്ച കവിയാണ് കുഞ്ചന്‍ നമ്പ്യാർ. അവിടെ നിന്നിങ്ങോട്ട് വള്ളം കളിക്കായിട്ട് വള്ളപ്പാട്ട്, ഓച്ചിറക്കളി എല്ലാറ്റിലും ഈ പെർഫോമന്‍സ് നമ്മുക്ക് കാണാന്‍ സാധിക്കും. അങ്ങനെയാണ് ദില്ലി സര്‍വകലാശാലയില്‍ പടയണിയില്‍ പിഎച്ച്ഡി ചെയ്യുന്നത്. അതും ഒരു പെർഫോമന്‍സാണ്. പിച്ച്ഡിയുമായി ബന്ധപ്പെട്ട് പമ്പാ നദിയുടെ കരയിലൂടെ ഒരു യാത്ര നടത്തിയിരുന്നു.  

പത്തനംതിട്ട ജില്ലയുടെ മുകളിൽ നിന്ന് റാന്നിക്കും കോന്നിക്കും മുകളില്‍ നിന്ന് സഹ്യപർവ്വതത്തിൽ നിന്ന് തുടങ്ങി അറബിക്കടലില്‍ പതിക്കുന്നത് വരെ പമ്പാനദിയുടെ ഇരുകരകളിലും എന്തെല്ലാം രൂപങ്ങളാണ് ഉള്ളത്. കുംഭം കളി പോലുള്ള ട്രൈബ്സ് അവതരിപ്പിക്കുന്ന പെർഫോമന്‍സുകൾ... താഴേക്ക് വരുമ്പോൾ പടയണിക്കാവുകൾ, വള്ളംകളി, കുത്തിയോട്ടം, ഓച്ചിറക്കളി... ഇതെല്ലാം പെർഫോമന്‍സും പാട്ടും ചേർന്നതാണ്. ഇത് ഒരു നദിയുടെ ഉദാഹരണമാണ്. അപ്പോ കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള 44 നദികളുടെ കരകളിലും സമാനമായ അതേസമയം വ്യത്യസ്തമായ പെർഫോമന്‍സുകൾ കണ്ടെത്താന്‍ കഴിയും. ഓരോ ജില്ലയിലും ഇത്തരത്തില്‍ എണ്ണിയാൽ ഒടുങ്ങാത്ത പെർഫോമന്‍സ് രൂപങ്ങളുണ്ട്. ഇത് പിന്നീടാണ് തിരിച്ചറിയുന്നത്.

(എം ആര്‍ വിഷ്ണുപ്രസാദ്)

അവതരണ കവിതയിലേക്ക് ? 

ദില്ലിയിലെ ഗ്യാലറികളില്‍, ബിനാലെയിൽ ഒക്കെ കവിത അവതരിപ്പിക്കുന്നത് ഒരു കണ്ടംപററി ആർട്ടായിട്ടാണ്. 2017 -ൽ മട്ടാഞ്ചേരി ബിസി ഗ്യാലറിയില്‍ 'ചേര' അവതരിപ്പിക്കുമ്പോഴും മൾട്ടിമീഡിയ സൌകര്യങ്ങൾ ഉപയോഗിച്ചിരുന്നു. അത്തരം പെർഫോമന്‍സ് നിരവധി പേര്‍ ചെയ്യുന്നുണ്ട്. നമ്മൾ ചെയ്യുമ്പോൾ കരുതുന്നത്, നമ്മളെന്തോ പുതുതായിട്ട് ചെയ്യുകയാണെന്നാണ്. മറ്റ് ചിലർ ഗിറ്റാറോ, മറ്റ് വാദ്യോപകരണങ്ങളുടെയോ സഹായത്തോടെ കവിത അവതരിപ്പിക്കുന്നു. ഇതെല്ലാം കവിതയിലേക്ക് കേൾവിക്കാരന്‍റെ ശ്രദ്ധ ലഭിക്കാനുള്ള ഓരോ വഴികളാണ്. 

ഒരു കവിത എഴുതുമ്പോൾ, അല്ലെങ്കില്‍ ചൊല്ലുമ്പോൾ പലപ്പോഴും അത് ഭാഷയ്ക്ക് അപ്പുറത്തേക്കുള്ള ഒരു അന്വേഷണം കൂടിയാണ്. വ്യക്തിപരമായി അങ്ങനെയാണ് തോന്നിയിട്ടുള്ളത്. അങ്ങനെ വരുമ്പോൾ പലപ്പോഴും ഭാഷ പോരാതെ, തികയാതെ വരുന്നതായി തോന്നും. ഒരു ചിത്രകാരൻ നിറങ്ങൾ കൊണ്ട് എന്തു ചെയ്താലും അത് കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ സാധിക്കും. പക്ഷേ, എഴുതുമ്പോൾ നമ്മുക്ക് ഭാഷ കൊണ്ട് വെളിപ്പെടുത്താന്‍ പറ്റാത്ത എന്തോ ഒന്ന് ഉണ്ടെന്ന തോന്നല്‍ അലട്ടിക്കൊണ്ടിരിക്കും. അപ്പോ അവിടെ ശരീരത്തിന്‍റെ ആവശ്യം വരും. അങ്ങനെയൊരു ചിന്തയില്‍ നിന്നാണ് പെർഫോമന്‍സ് എന്ന ആശയം വരുന്നത്. പിന്നെ, കവിതയില്‍ കുറച്ച് കാലമായി പ്രവർത്തിക്കുന്നത് കൊണ്ട് അത്തരമൊരു സാധ്യത കൂടിയുണ്ട്.

കണ്ടംപററി ആര്‍ട്ടിന്‍റെ സ്പേസിലാണ് പെർഫോമന്‍സ് പോയട്രി അവതരിപ്പിക്കുന്നത്. കാരണം ഇതിന് പെർഫോമന്‍സ് ആര്‍ട്ടുമായാണ് ബന്ധം. 1960 -കൾ മുതല്‍ യൂറോപ്യന്മാര്‍ക്കിടയിലുള്ള ഒരു അവാങ് ഗാദ് പാരമ്പര്യമാണ് ഇത്. ധാരാളം കവികൾ ആര്‍ട്ടിൽ കോണ്‍ട്രിബ്യൂട്ട് ചെയ്തിട്ടുണ്ട്. ദാദാ മൂവ്മെന്‍റ് പോലുള്ളവ. നമ്മളൊരു ഗ്യാലറിയില്‍ ഇത് അവതരിപ്പിക്കുമ്പോൾ, അവിടെ എത്തുന്നത് വളരെ ചെറിയൊരു കേൾവി സംഘം ആയിരിക്കും. അവര്‍ക്ക് കേൾക്കാന്‍ പോകുന്നതിനെ കുറിച്ച് ഒരു ധാരണയുണ്ടാകും. അതൊരിക്കലും അവതരിപ്പിക്കപ്പെടുന്നത് ഒരു തെരുവിലല്ല. ദില്ലിയില്‍ ഞാന്‍ നടത്തിയ ഒരു പെർഫോമന്‍സ്, 'കവിത എന്താണ്' എന്ന ചോദ്യമായിരുന്നു. തെരുവില്‍ ഇറങ്ങി ആളുകളോട് ചോദിക്കുകയാണ് 'കവിത ക്യാ ഹേ?' വളരെ വിചിത്രമായ മറുപടികളാണ് ലഭിച്ചിട്ടുള്ളത്. ഒരു കർഷകന്‍ ഹിന്ദിയില്‍ കൂറേ നേരം സംസാരിച്ച ശേഷം അടുത്ത് നിന്നിരുന്ന ഒരു കഴുതയെ ചൂണ്ടിക്കാട്ടി അതിനോട് ചോദിക്കാനാണ് ആവശ്യപ്പെട്ടത്. അതേസമയം ഒരു ദില്ലി പോലീസ് കോണ്‍സ്റ്റബിളാകട്ടെ മിനിറ്റുകളോളും നിർത്താതെ കവിത എന്താണെന്ന് ഒരു പ്രഭാഷണം തന്നെ നടത്തി. ഈ പെർഫോമന്‍സ് ഞങ്ങൾ ഷൂട്ട് ചെയ്തിരുന്നു. ഗ്യാലറിയില്‍ 'കവിത എന്താണ്' എന്ന പെർഫോമന്‍സ് അവതരിപ്പിക്കുമ്പോൾ ആ വിഷ്വലുകൾ പൊജക്റ്റ് ചെയ്യുന്നു. അവിടെയും കേൾവിക്കാരോട് നമ്മൾ അന്വേഷിക്കുകയാണ് 'എന്താണ് കവിത?'. ദില്ലിയിലെ ജർമ്മന്‍ കൾച്ചറൽ സെന്‍റർ, ഗോയ്ഥേ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അവതരിപ്പിച്ച പെർഫോമന്‍സാണ് അത്. 

കോതമംഗലത്തെ വൈറല്‍ കവിത? 

കോതമംഗലം കോളേജില്‍ ചൊല്ലിയത് കുഞ്ചന്‍ നമ്പ്യാരുടെ താളമാണ്. അതേ താളത്തെ ഒരല്പം വേഗത കുട്ടിയാല്‍ റാപ്പ് ആക്കി മാറ്റാം. അതായത് ഇന്ന് നമ്മൾ പാടുന്ന റാപ്പിന്‍റെ താളം നമ്മുക്ക് കുഞ്ചന്‍ നമ്പ്യാരില്‍ കണ്ടെത്താന്‍ കഴിയുമെന്നര്‍ത്ഥം. ഒന്നും പുതിയതല്ല. തുള്ളൽ പോലുള്ള ക്ലാസിക്കൽ കവിതകളിൽ ഇന്നത്തെ റാപ്പ് താളം ഒളിഞ്ഞിരിപ്പുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്. പുതിയൊരു താളത്തെ ഈണത്തെ നമ്മുടെ പരമ്പരാഗത വൃത്തങ്ങളില്‍, താളങ്ങളില്‍ നിന്നും നമ്മുക്ക് കണ്ടെത്താന്‍ കഴിയും. 

കവിതയില്‍ അർത്ഥം നോക്കിയല്ല കേൾവിക്കാരന്‍ ഇരിക്കുന്നത്. അവനിലേക്ക് ആദ്യമെത്തുന്നത് റിഥം ആകും. ഒപ്പം നമ്മൾ പറയുന്നത് കൂടി കേൾവിക്കാരനിലേക്ക് എത്തുമ്പോഴാണ് വ്യക്തിപരമായി നമ്മുക്ക് സന്തോഷം തോന്നുക. ഒരു കവിയ്ക്ക് തന്‍റെ കേൾവിക്കാരെയും തന്നോടൊപ്പം പാര്‍ട്ടിസിപ്പേറ്റ് ചെയ്യിക്കാന്‍ കഴിയും. അതുകൂടിയാണ് കോതമംഗലത്തെ വിദ്യാര്‍ത്ഥികളില്‍ നിന്നും കണ്ടത്. അതേ സമയം ഈ കവിത, കുറച്ച് കൂടി പതിഞ്ഞ താളത്തില്‍ പാടിയിരുന്നെങ്കില്‍ അത് കേൾവിക്കാരനിലേക്ക് അത്രയ്ക്ക് എത്തി ചേരണമെന്നുമില്ല. ഇതൊക്കെ കവിത അവതരിപ്പിക്കുന്ന ഇടങ്ങളുമായി മാത്രം ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമാണ്.
 

(എം ആര്‍ വിഷ്ണുപ്രസാദ് എഴുതിയ ആദ്യ നോവൽ മത്തിയാസിന്‍റെയും കവിതാ പുസ്തകം ആറ്റം പാട്ടിന്‍റെയും കവര്‍ പേജ്)

20 കൊല്ലം മുമ്പും നമ്മുക്ക് കവിതകളുണ്ടായിരുന്നു. അക്കാലത്ത് ഒരു കൂട്ടം മനുഷ്യരുടെ ഇടയിൽ കൂടിയിരുന്ന് കവിത ചൊല്ലുമ്പോൾ അതിൽ സാവധാനത്തിലുള്ള ഒരു ആസ്വാദനമുണ്ട്. നമ്മളിപ്പോൾ കോളേജുകളില്‍ പോകുമ്പോൾ ഗദ്യകവിതകൾ ചൊല്ലി. ഉദാഹരണത്തിന്, 'ഇന്നലെ ഞാന്‍ മാവിന്‍ തണൽ തൂത്തുവെടിപ്പാക്കി. എന്തൊരു ഭംഗിയായിരുന്നു. ഇന്ന് അത് തൂക്കാന്‍ മറന്നു. ഇന്ന് അത് ഇന്നലത്തെക്കാൾ ഭംഗിയായിരിക്കുന്നു...'  ഭംഗിയെ കുറിച്ച് വർണ്ണിക്കാന്‍ കോളേജുകളില്‍ നമ്മൾ ഈ ഗദ്യകവിത കാര്യമായി ചൊല്ലുന്നു. നമ്മൾ വലിയ കവിതയാണെന്നൊക്കെ കരുതിയാണ് ചൊല്ലുന്നത്. ഈ സമയത്തായിരിക്കും 'അതിനിപ്പോ എന്താ' എന്ന മട്ടില്‍ കുട്ടികൾ നമ്മുടെ മുന്നിലിരിക്കുന്നത്. അവരിതിലൊന്നും ശ്രദ്ധിക്കുന്നേയുണ്ടാകില്ല. 

പ്രത്യേകിച്ച് കോളേജ് പിള്ളേര്. അവരുടെ മുന്നില്‍ പോയി വളരെ പതിഞ്ഞ താളത്തില്‍ ഒരു ഗദ്യകവിത ചൊല്ലിയാല്‍ എന്താകും അവസ്ഥ? അവര് ശ്രദ്ധിക്കില്ല. കോതമംഗലത്ത് തന്നെ ആദ്യം ഒരു ഗദ്യ കവിത ചൊല്ലിയപ്പോൾ ആര്‍ക്കും ഒരു അനക്കവും ഇല്ല. ഒരാൾ കിഴക്കോട്ട്, മറ്റേയാൾ വടക്കോട്ടും നോക്കി ഇരിക്കുകയാണ്. ഒരു കവിയെ സംബന്ധിച്ച് അത് ഹ്യുമിലിയേഷനാണ്. അപ്പോഴാണ് 'കോമഡിയുത്സവം' എന്ന കവിത ചൊല്ലിയത്. ശബ്ദവേഗത അതിൽ പ്രധാനമാണ്. നമ്മുടെ കൈയിലിരിക്കുന്നത് മൊബൈൽ ആണ്. കുട്ടികളുടെ മാത്രമല്ല, നമ്മുടെയും മനസിന്‍റെ വേഗത കൂടി. അത് ആരുടെയും കുറ്റമല്ല. മെത്തം കാര്യങ്ങളും ഇന്ന് വേഗത്തിലാണ്. അത്തരം സമയങ്ങളില്‍ നമ്മൾ ശബ്ദത്തിന്‍റെ വേഗത കൂട്ടേണ്ടി വരും. അത് കേൾവിക്കാരന്‍റെ ശ്രദ്ധക്ഷണിക്കൽ കൂടിയാണ്. ഇപ്പോ, കേരളത്തില്‍ ലിറ്ററേച്ചർ ഫെസ്റ്റിവല്ലിന്‍റെ കാലമാണ്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം... അവിടങ്ങളെല്ലാം ഇപ്പോൾ പെർഫോമൻസ് ഇടങ്ങളായി മാറി. 

2023 ല്‍ ഇറങ്ങിയ ആറ്റംപാട്ട് എന്ന കവിതാ സമാഹാരത്തില്‍ നിന്നുള്ള കവിതയാണ് 'കോമഡിയുത്സവം' എന്ന കവിത. 

കോമഡിയുത്സവം 

ങ്ങനെയിങ്ങനെയകവെളിയറിയാന്‍
കണ്ടതിലൊക്കെ ഫലിതമുരുക്കാന്‍
വന്നിഹ ഞാനീ വേദിയിലെന്നുടെ
മുന്നും പിന്നും മുഴുവനുമാളുകള്‍
അങ്ങ് വടക്കാ കാസറഗോട്ടും
മുക്കടല്‍ വാഴും തെക്കറ്റം വരെ 
ഭാഷ കലക്കി ഭാഷയ്ക്കും മുന്‍പുറ്റ
വിലാസം പകരും കളികള്‍.
വെക്കമനക്കുമുനക്കുമണഞ്ഞൊരു
കാസറഗോഡിന്‍ പേയലുകള്‍ വഴി
കണ്ണൂര്‍ ചെന്നേ കണ്ടിനി കേട്ടിനി
ന്ത്ത്താന്ട്ര കോയിക്കോടെന്നെന്രോ
ടെങ്ങനെ ചോയിക്കും പടിയൂര്‍ന്നു
വരുന്നൊരു മലയുടെ പുറമതില്‍
ബേജാറാണ്ടാ കുത്തിയിരിക്കി 
പാലക്കാടിന്‍ കാറ്റിന്നുള്ളില്‍
തറ പറ കറ വറ മറയിനി
പൂരം കാണാന്‍ തിരുശിവപേരൂര്‍
എന്തുട്ടിസ്ട്ടാ മുട്ടാന്‍ നിന്ന് കുരുത്ത
കണക്കേ സ്കൂട്ടാവത് താന്‍ 
ഇപ്പം വന്നം മാറിതന്നം കൊച്ചി
ക്കാരുടെ വളവും തിരിവും
കോട്ടയമപ്പിടിയെന്നായെന്നുമൊഴിഞ്ഞു
വരും തുറയാലപ്പുഴയുടെ വായില്‍
നിന്നുമുരിഞ്ഞ വിശേഷം പറ്റത്തില്ല 
കൊള്ളത്തില്ല കേക്കത്തില്ലിനി
യെന്തോചെയ്യുവായെന്നു തിരക്കി
കൊല്ലത്തെത്തി കൈകഴുവുന്നു. 
കൂറ്റന്‍ പാമ്പു മലച്ചു കിടക്കും
തിരുവന്തോരമണഞ്ഞെന്നാലോ
എന്തിര് പറയാന്‍ പയലേ ഭേഷായ് 
പങ്കു പിടിച്ചേ പോവുക വേഗം.
 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Asianet News (@asianetnews)

(എം ആര്‍ വിഷ്ണുപ്രസാദിന്‍റെ വൈറലായ കവിത 'കോമഡിയുത്സവം' )

 

ഭാഷാ ഭേദം, ഫണ്‍, സ്പീഡ് അങ്ങനെ നിരവധി ഘടകങ്ങൾ ആ കവിതയിലുണ്ട്. ഇതെല്ലാം ഒത്തുവരുമ്പോൾ അത് കൂടുതല്‍ ആളുകളിലേക്ക് എത്തുന്നു. വൈറലാകുന്നു. ഈ കവിത വൈറലായപ്പോൾ, അതിന് താഴെ വന്ന ഒരു കമന്‍റ് നിങ്ങളെന്താ വയനാടിനെ അങ്ങ് മൈസൂരിലേക്ക് തള്ളിയോ എന്നായിരുന്നു. ഇടുക്കിയും വയനാടും മലപ്പുറവും വിട്ട് പോയതില്‍ ചിലര് പരിഭവം പറഞ്ഞു. എല്ലാ ജില്ലകളെയും കവിതയുടെ താളത്തിൽ ചേർക്കാന്‍ കഴിയുന്ന വാക്കുകൾ കിട്ടിയാല്‍ തീര്‍ച്ചയായും അവയെ കൂടി ഉൾപ്പെടുത്തി കവിത വീണ്ടും പുതുക്കുന്നതായിരിക്കും. ഇതൊരു അവസാന രൂപമൊന്നുമില്ലല്ലോ. അതേസമയം പെർഫോമന്‍സും അതിലൊരു വലിയ ഘടകമാണ്. അതിന് നിരന്തര പരിശീലനം ആവശ്യമാണ്. വിക്കുള്ളവര്‍ക്ക് പോലും കവിത ചൊല്ലാം. പക്ഷേ, അതിന് നമ്മൾ നിരന്തരം പരിശീലനത്തില്‍ ഏര്‍പ്പെടേണ്ടതുണ്ടെന്ന് മാത്രം. 

പൊതു ഇടത്തില്‍ കവിതയുടെ സ്വീകാര്യത? 

ദില്ലിയിലെ വിദ്യാർത്ഥി പ്രക്ഷോഭ കാലത്ത് കവിതയാണ് അതിനെ ചലിപ്പിച്ചതെന്ന് കാണാം. ആസാദി പോലുള്ള കവിതകൾ പാടി വിദ്യാര്‍ത്ഥികൾ ഉറങ്ങാതിരിക്കുകയാണ്. അതേസമയം ലോകം മുഴുക്കെയുള്ള കവികളുടെ പ്രശ്നം നിരാശയാണ്. ഈ നിരാശ വരുന്നത് അവരെ കേൾക്കാന്‍ ആകെ പത്ത് പേരെ കാണുകയുള്ളൂ എന്നിടത്താണ്. ലോകത്തില്‍ ഹിറ്റായിട്ടുള്ള കവിതകൾ പ്രധാനമായും മുദ്രാവാക്യ കവിതകളും, പ്രണയ കവിതകളുമാണ്. സംവേദനത്തിൽ പുതുമയുള്ള കവിതകള്‍ക്ക് ചിലപ്പോൾ ആസ്വാദകർ കുറഞ്ഞെന്നു വരും. 

അവതരണ കവിത നേരിടുന്ന വെല്ലുവിളി? 

വിത എല്ലാവർക്കും മനസിലാകണമെന്നില്ല. കവിതയില്‍ നമ്മുക്ക് മനുഷ്യനെ വര്‍ണ്ണിക്കണമെങ്കിലും പ്രകൃതിയിൽ നിന്നുള്ള ഇമേജറികൾ വേണം. ഉപമകളും അലങ്കാരങ്ങളും കൊണ്ടാണ് കവിത രൂപപ്പെടുന്നത്. അതേ, ഒരേസമയം പ്രകൃതിയിലും വ്യക്തിയിലും മാത്രമാണ് അത് നില്‍ക്കുന്നതും. ഇത് കേൾവിക്കാരന് ബോധ്യമാകണമെങ്കില്‍ അത്തരമൊരു മാനസികാവസ്ഥയിലൂടെ കേൾവിക്കാരനും കടന്ന് പോകേണ്ടതുണ്ട്. കവിത എപ്പോഴും പുതിയ ഭാഷയെ രൂപപെടുത്തുന്നു. പുതിയ മനുഷ്യനെ സൃഷ്ടിക്കുന്നു. 'പുതിയതാവുക' എന്ന പ്രവൃത്തി മനുഷ്യാവസാനം വരെ തുടരുന്നു. 
 

 

 

എം ആര്‍ വിഷ്ണുപ്രസാദ്

(കവി, നോവലിസ്റ്റ് )

കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളായി മലയാള കവിതാ ലോകത്ത് സജീവം. അദ്ദേഹം ഒരു അവതരണ കലാകാരന്‍ കൂടിയാണ്.  പരിസ്ഥിതി ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം. ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ നിന്ന് തീയറ്റര്‍ ആട്സില്‍ പി എച്ച് ഡി. ഋതുക്കളും ശ്രീബുദ്ധനും, ആണിറച്ചി,  ആറ്റംപാട്ട് തുടങ്ങി മൂന്ന് കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. 2008-ല്‍ കവിതയ്ക്കുള്ള ദേശാഭിമാനി ഐ വി ദാസ് പുരസ്ക്കാരം,  2014-ല്‍ കവിതയ്ക്കുള്ള എസ് ബി റ്റി സാഹിത്യ പുരസ്ക്കാരം, 2023- ൽ കവിതയ്ക്കുള്ള ഗുരു ഗോപാലകൃഷ്ണ പുരസ്‌കാരവും ലഭിച്ചു. 2024 ഡിസി ബുക്സ് സുവർണ ജൂബിലി നോവൽ മത്സരത്തിൽ വിഷ്ണുപ്രസാദിന്‍റെ 'മത്തിയാസ്' എന്ന നോവലിന് പുരസ്‌കാരം ലഭിച്ചു. 2022  കൊച്ചി മുസിരിസ് ബിയനാലെയിൽ വിഷ്ണുപ്രസാദിന്‍റെ കവിതാ വീഡിയോ പ്രദർശിപ്പിച്ചിട്ടുണ്ട്. കൂടാതെ ഗോവയിലെ Serendipity Arts Festival (2024), വിയന്നയിലെ Angewandte Interdisciplinary Lab (2022), ദില്ലിയിലെ Goethe Institute, KHOJ International Artist’s Association, Italian Cultural Centre; കൊച്ചിയിലെ B C ഗാലറി തുടങ്ങിയ ഇടങ്ങളില്‍ സ്വന്തമായി ചിട്ടപ്പെടുത്തിയ അവതരണങ്ങളും കലാസൃഷ്ടികളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ചെങ്ങന്നൂർ ബുധനൂർ സ്വദേശിയാണ്.

 

vuukle one pixel image
click me!