ഞാന്‍ വിശ്വസിക്കുന്നത് അധികാരത്തില്‍ ഉള്ളവരെ ചോദ്യം ചെയ്യുകയാണ് മാധ്യമങ്ങളുടെ ധര്‍മ്മം എന്നാണ്. അത് ഞാന്‍ തുടര്‍ന്നും ചെയ്യും. നിങ്ങള്‍ക്ക് യുപിഎ സര്‍ക്കാരിന്റെ കാലത്തും അതിന് മുന്‍പുണ്ടായിരുന്ന ഐക്യമുന്നണി, വാജ്പേയ് സര്‍ക്കാരുകളുടെ കാലത്തും ഞങ്ങള്‍ നല്‍കിയ വാര്‍ത്തകള്‍ പരിശോധിക്കാവുന്നതാണ്.
ഇന്ത്യ ടുഡേയുടെ കണ്‍സള്‍ട്ടിംഗ് എഡിറ്ററും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ രാജ്ദീപ് സര്‍ദേശായിയുടെ പുതിയ പുസ്തകമാണ് 'The Election That Surprised India' ( ഇന്ത്യയെ അത്ഭുതപ്പെടുത്തിയ തെരഞ്ഞെടുപ്പ്). 2024 -ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വിധിയിലെ സവിശേഷമായ സൂചനകളെക്കുറിച്ചുള്ള ആഴത്തിലുള്ള നിരീക്ഷണങ്ങളാണ് ഈ പുസ്തകത്തിന്റെ ശക്തി. ഈ പുസ്തകത്തിന്റെ പശ്ചാത്തലത്തില്‍ രാജ്ദീപ് സര്‍ദേശായി സംസാരിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ ചെന്നൈ ബ്യൂറോയിലെ ന്യൂസ് എഡിറ്റര്‍ ജോബി ജോര്‍ജ് നടത്തിയ അഭിമുഖം.
2014 -ല്‍ 'ഇന്ത്യയെ മാറ്റിമറിച്ച തെരഞ്ഞെടുപ്പ്' എന്നായിരുന്നു താങ്കളുടെ പുസ്തകത്തിന്റെ തലക്കെട്ട്. 10 വര്‍ഷത്തിന് ശേഷം അത് 'ഇന്ത്യയെ അത്ഭുതപ്പെടുത്തിയ തെരഞ്ഞെടുപ്പ്' എന്നായി. അത് സ്വഭാവികമായി വന്ന ഒരു തലക്കെട്ട് ആയിരുന്നോ?
നോക്കൂ, എന്റെ കാഴ്ചപ്പാടില്‍ അത് അപ്രതീക്ഷിതമായ ഒരു തെരഞ്ഞെടുപ്പ് ഫലം ആയിരുന്നു. ബിജെപിക്ക് നാനൂറില്‍ അധികം സീറ്റ് കിട്ടുന്നതിനെ കുറിച്ചാണ് ഏതാണ്ടെല്ലാവരും സംസാരിച്ചു കൊണ്ടിരുന്നത്. അയോദ്ധ്യ ക്ഷേത്രപ്രതിഷ്ഠ കഴിഞ്ഞപ്പോള്‍ അങ്ങനെ ആയിരുന്നില്ലേ പ്രചാരണം? പക്ഷെ, അവര്‍ 240 സീറ്റില്‍ ഒതുങ്ങി. കോണ്‍ഗ്രസ്സ് പാര്‍ട്ടി അവസാനിക്കുമെന്ന് എല്ലാവരും പറഞ്ഞു. എന്നാല്‍, ഇതിനു മുന്‍പ് നടന്ന രണ്ട് തെരഞ്ഞെടുപ്പുകളെക്കാളും കൂടുതല്‍ സീറ്റ് -99- കോണ്‍ഗ്രസ്സ് നേടി. നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രി ആയെങ്കിലും ഇന്ത്യന്‍ വോട്ടര്‍ നല്‍കിയ സന്ദേശം ആണ് എനിക്ക് പ്രധാനമായി തോന്നിയത്. 'ഞങ്ങളെ വില കുറച്ചു കാണരുത് എന്ന് അവര്‍ പറഞ്ഞു. അതുകൊണ്ടു സാധാരണക്കാരായ വോട്ടര്‍മാര്‍ വിജയിച്ച തെരഞ്ഞെടുപ്പ് ആയി ഇതിനെ കാണാനാണ് എനിക്കിഷ്ടം.
ഞങ്ങളാണ് രാജാവും രാജ്ഞിയും എന്ന് അവര്‍ തെളിയിച്ചു. അതുകൊണ്ട്, എല്ലാം അറിയാം എന്ന് മേനി നടിക്കുന്ന ഞങ്ങളെ പോലെയുള്ള തെരഞ്ഞെടുപ്പ് വിദഗ്ധരെ ഇതു അത്ഭുതപ്പെടുത്തി. ഈ പുസ്തകം അതിന്റെ പ്രതിഫലനം ആണ്. തെരഞ്ഞെടുപ്പിനു മുന്‍പുള്ള അഞ്ച് വര്‍ഷക്കാലം കൂടിയാണ് പറയുന്നത്. കൊവിഡ്, കര്‍ഷക ബില്ല്, രാജ്യത്തുണ്ടായ ചെറുത്തുനില്‍പ്പുകള്‍ എല്ലാം പരാമര്‍ശിക്കുന്നുണ്ട്.
2014ലാണ് ഞാന്‍ തെരഞ്ഞെടുപ്പുകളെ കുറിച്ച് എഴുതാന്‍ തുടങ്ങിയത്. ഞാന്‍ വിചാരിക്കുന്നത് തെരഞ്ഞെടുപ്പുകള്‍ വളരെ ആകര്‍ഷകമാണ് എന്നാണ്. രാജ്യത്തിന്റെ യഥാര്‍ത്ഥ വൈവിധ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ പ്രതിഫലിക്കുന്നത് കൂടിയാണ് തെരഞ്ഞെടുപ്പുകള്‍.
ഈ തലക്കെട്ട് ഇന്ത്യയിലെ മാധ്യമങ്ങളുടെ അവസ്ഥ കൂടി തുറന്നുകാട്ടുന്നതല്ലേ? മിക്ക മാധ്യമങ്ങളും എക്‌സിറ്റ് പോളുകള്‍ പുറത്തുവിടുന്നവരും എല്ലാം പറഞ്ഞത് തെറ്റിയെന്ന് സമ്മതിക്കുക കൂടി ആണല്ലോ താങ്കള്‍ ഇവിടെ?
വാസ്തവം ആണ്. യഥാര്‍ത്ഥത്തില്‍ താഴെത്തട്ടില്‍ സംഭവിക്കുന്നത് എന്താണെന്ന് തിരിച്ചറിയാതെ കുറച്ചു സംഖ്യകള്‍ പ്രചരിപ്പിക്കുകയാണ് അവര്‍ ചെയ്തത്. എക്‌സിറ്റ് പോളുകള്‍ തയാറാക്കുന്നവര്‍ സ്വയം ദൈവങ്ങള്‍ എന്ന് കരുതി. ദൈവങ്ങള്‍ പരാജയപ്പെട്ട ജനവിധി ആയിരുന്നു 2024. അധികാരത്തില്‍ ഇരിക്കുന്നവര്‍ക്ക് വാഴ്ത്തുപാട്ട് പാടിയിരുന്ന മാധ്യമങ്ങളെയും അത്ഭുതപ്പെടുത്തി ജനവിധി എന്നത് സത്യമാണ്. താങ്കള്‍ പറഞ്ഞ രണ്ട് കൂട്ടരും ശരിക്കും ഞെട്ടി.
കേരളത്തില്‍ താങ്കളെ ഇഷ്ടപെടുന്ന ഒരുപാട് പേരുണ്ട്. എന്നാല്‍ താങ്കളോട് വിയോജിപ്പുള്ളവരും ഏറെയാണ്. താങ്കള്‍ മറ്റുപലരില്‍ നിന്ന് വ്യത്യസ്തമായി അധികാരത്തില്‍ ഉള്ള പാര്‍ട്ടിയെ വിമര്‍ശിക്കുന്നുണ്ട്. അത് എളുപ്പമാണോ ഇന്ന്? അധികാരത്തില്‍ ഉള്ളവരും മാധ്യമങ്ങളും തമ്മില്‍ ഏത് തരത്തിലുള്ള ബന്ധമാണ് ഉചിതം എന്നതില്‍ പലര്‍ക്കും അവ്യക്തത ഉണ്ടെന്ന് തോന്നാറുണ്ട്. രാജ്യത്ത് പൊതുവില്‍ കാണുന്ന ഭയം ഏറ്റവും കൂടുതല്‍ പ്രകടം ആകുന്ന ഒരിടം മാധ്യമങ്ങള്‍ ആണെന്ന് തോന്നാറുണ്ട്.
ഞാന്‍ വിശ്വസിക്കുന്നത് അധികാരത്തില്‍ ഉള്ളവരെ ചോദ്യം ചെയ്യുകയാണ് മാധ്യമങ്ങളുടെ ധര്‍മ്മം എന്നാണ്. അത് ഞാന്‍ തുടര്‍ന്നും ചെയ്യും. നിങ്ങള്‍ക്ക് യുപിഎ സര്‍ക്കാരിന്റെ കാലത്തും അതിന് മുന്‍പുണ്ടായിരുന്ന ഐക്യമുന്നണി, വാജ്പേയ് സര്‍ക്കാരുകളുടെ കാലത്തും ഞങ്ങള്‍ നല്‍കിയ വാര്‍ത്തകള്‍ പരിശോധിക്കാവുന്നതാണ്. നിങ്ങള്‍ക്ക് എന്നെ ഇഷ്ടപ്പെടുകയോ വെറുക്കുകയോ ചെയ്യാം. സോഷ്യല്‍ മീഡിയ അല്ല എന്റെ സമീപനത്തെ നിശ്ചയിക്കുന്നത്. എന്റെ ഭാര്യക്കും കുട്ടികള്‍ക്കും കുടുംബത്തിനും ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയുമെങ്കില്‍ എനിക്ക് പ്രശ്‌നമില്ല. മറ്റുള്ളവര്‍ എന്നെ കുറിച്ച് എന്ത് ചിന്തിക്കും എന്നെനിക്ക് ആലോചിക്കേണ്ട കാര്യമില്ല. ഞാന്‍ എന്റെ ജോലി തുടരും.
മോദിയെ കുറിച്ചാണെങ്കില്‍ എന്റെയും അദ്ദേഹത്തിന്റെയും കരിയര്‍ ഒരുവിധത്തില്‍ സമാന്തരം ആണെന്ന് പറയാം, ആ വാക്ക് ഉപയോഗിക്കാന്‍ ഞാന്‍ താല്പര്യപ്പെടുന്നില്ലെങ്കിലും. 1980-കളില്‍ മോദി പല നേതാക്കളില്‍ ഒരാള്‍ മാത്രം ആയിരുന്നപ്പോള്‍ അദേഹത്തിന്റെ അഭിമുഖം ഞാന്‍ തയാറാക്കിയിട്ടുണ്ട്. പിന്നീട് അദേഹത്തിന്റെ കരിയര്‍ ഉയരങ്ങളിലേക്ക് പോയി. എന്റെ നേരേ തിരിച്ചും (ചിരിക്കുന്നു )
മോദി സര്‍ക്കാര്‍ ഏകാധിപത്യ പ്രവണത പ്രകടിപ്പിക്കുന്നു എന്ന് താങ്കള്‍ വിമര്‍ശിക്കാറുണ്ട്. എന്നാല്‍ അപ്പുറത്തുള്ള പാര്‍ട്ടികള്‍ ഭരിക്കുന്നിടത്ത് എന്താണ് വ്യത്യാസം? നമ്മള്‍ സംസാരിക്കുന്ന തമിഴ്‌നാട്ടില്‍ നോക്കൂ, സ്റ്റാലിന്‍ സര്‍ക്കാരിന്റെ വിമര്‍ശകന്‍ ആയ യൂട്യൂബര്‍ സവുക്ക് ശങ്കറെ സര്‍ക്കാര്‍ പിന്തുടര്‍ന്ന് പീഡിപ്പിക്കുകയാണ്. ഇന്നലെ ശങ്കറിന് ജാമ്യം നല്‍കിയ ഉത്തരവില്‍ ബഹു. മദ്രാസ് ഹൈക്കോടതി പറഞ്ഞത് ഡിഎംകെ സര്‍ക്കാരിന് ഫാഷിസ്റ്റ് സമീപനം ഉണ്ടെന്നാണ്. കേരളത്തില്‍ പിണറായി വിജയന്‍ നയിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിന് ചെറിയ വിമര്‍ശനം പോലും സഹിഷ്ണുതയോടെ നേരിടാനാകുന്നില്ല. രക്ഷാപ്രവര്‍ത്തനം എന്ന പേരില്‍ മുഖ്യമന്ത്രി തന്നെ ഇതിനെ പ്രോത്സാഹിപ്പിക്കുകയാണ്. അധികാരം കിട്ടിയാല്‍ ഇവരൊന്നും തമ്മില്‍ വ്യത്യാസം ഇല്ല എന്ന് അല്ലേ അര്‍ത്ഥം?
താങ്കള്‍ പറഞ്ഞ രണ്ട് സംസ്ഥാനങ്ങളിലെ ഈ സംഭവങ്ങളെ കുറിച്ചുള്ള കൃത്യമായ വിവരം ഇപ്പോള്‍ എന്റെ കൈയില്‍ ഇല്ല. പക്ഷെ ഒന്ന് പറയാം. താങ്കളുടെ നിരീക്ഷണം നൂറു ശതമാനം സത്യമാണ്. അധികാരത്തില്‍ എത്തിയാല്‍ ഉടന്‍ അവര്‍ നമ്മളെ ഭരിക്കാന്‍ തുടങ്ങുകയാണ്. പൗരന്മാരായ നമ്മള്‍ അവര്‍ക്ക് വോട്ട് ചെയ്യുന്നത് അവര്‍ നമ്മളോട് ഉത്തരം പറയേണ്ടവര്‍ ആകും എന്ന പ്രതീക്ഷയിലാണ്. പക്ഷെ, അവര്‍ ഭരണകര്‍ത്താക്കള്‍ ആകുന്നു. കൊളോണിയല്‍ ഭരണകര്‍ത്താക്കള്‍ മാത്രമേ പോയിട്ടുള്ളൂ. നമ്മുടെ രാഷ്ട്രീയ നേതാക്കളായ ഭരണകര്‍ത്താക്കള്‍ ഇവിടെയുണ്ട്. അവര്‍ വിമര്‍ശനം ഇഷ്ടപ്പെടുന്നില്ല. എല്ലാ പാര്‍ട്ടികളും അതില്‍ ഒരുപോലെയാണ്. ചിലര്‍ കുറച്ചധികം മോശമാണെന്ന് വേണമെങ്കില്‍ പറയാം. ആര്‍ക്കും വിമര്‍ശനം കേള്‍ക്കേണ്ടതില്ല.
അതുകൊണ്ട് തന്നെയാണ് ഇപ്പോള്‍ ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തനം ദുഷ്‌കരമായ ജോലിയാകുന്നത്. റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരെ ജയിലില്‍ അടയ്ക്കുന്നതും വേട്ടയാടുന്നതും എന്ത് കൊണ്ടാണ്? അത് സിദ്ധിക്ക് കാപ്പന്‍ ആകട്ടെ, നിങ്ങള്‍ പറഞ്ഞ സംസ്ഥാനങ്ങളിലെ ആളുകളാകട്ടെ, മാധ്യമപ്രവര്‍ത്തകര്‍ വേട്ടയാടപ്പെടുമ്പോള്‍ നമ്മള്‍ ഒന്നിച്ച് അതിനെ ചെറുക്കണം. അധികാരകേന്ദ്രങ്ങളോട് സത്യം വിളിച്ചു പറയണം.
രാജ്ദീപ് സര്‍ദേശായി, ജോബി ജോര്‍ജ്ജ്
മറ്റു ദേശീയ ചാനലുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളം പോലെയുള്ള തെക്കേയിന്ത്യന്‍ സംസ്ഥാനങ്ങളെ കുറിച്ച് കൂടുതല്‍ വാര്‍ത്ത നല്‍കുന്ന ചാനല്‍ ആണ് താങ്കളുടേത്. അങ്ങനെ താങ്കളുടെ ഷോയില്‍ അവകാശപ്പെടുന്നതും കേട്ടിട്ടുണ്ട്. എന്നാല്‍ ഈ പുസ്തകത്തില്‍ കേരളത്തെ കുറിച്ച് പരാമര്‍ശങ്ങള്‍ കുറവാണ്. കെ.സി. വേണുഗോപാല്‍ ഹിന്ദി അറിയാത്ത നേതാവാണ് എന്നോക്കെ പറയുന്നിടത്ത് കേരളം ഉണ്ട്. അത് എന്ത് കൊണ്ടാണ്? ദേശീയതലത്തില്‍ നിങ്ങള്‍ക്കും കേരളം അവഗണിക്കാന്‍ തോന്നുന്ന സംസ്ഥാനം ആയതുകൊണ്ടാണോ? അതോ കേരളത്തിലെ സവിശേഷ രാഷ്ട്രീയം ദേശീയ തലത്തില്‍ ചലനം ഉണ്ടാക്കില്ല എന്നത് കൊണ്ടാണോ?
അത് ശരിയല്ല. കര്‍ണാടകം, തമിഴ്‌നാട്, തെലങ്കാന സംസ്ഥാനങ്ങളെ കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്. പക്ഷെ കേരളം മറ്റൊരു കേസ് ആണ്. ഇവിടെ രണ്ട് മുന്നണികളും ദേശീയ തലത്തില്‍ ഒന്നല്ലേ? അതുകൊണ്ട് ആ സംഖ്യ കേന്ദ്രത്തില്‍ മാറ്റം ഉണ്ടാക്കുന്നില്ല. എന്നാല്‍ ഞാന്‍ കേരളത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ബിജെപി ആദ്യമായി ജയിച്ചതും തിരുവനന്തപുരത്തെ ശശി തരൂര്‍ -രാജീവ് ചന്ദ്രശേഖര്‍ മത്സരവുമൊക്കെ പറയുന്നുണ്ടല്ലോ. ഈ തെരഞ്ഞെടുപ്പില്‍ കേരളത്തിന് ആ നിലയില്‍ വലിയ പ്രാധാന്യം ഉണ്ടായിരുന്നില്ല. കേരളം പ്രധാനപ്പെട്ട സംസ്ഥാനം തന്നെയാണ്. പക്ഷെ തെക്കു തന്നെ മറ്റുള്ള സ്ഥലങ്ങള്‍ പോലെയല്ല. ഒരുകാര്യം കൂടി. നിങ്ങള്‍ തെക്കേയിന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്ന് പൊതുവെ പറയുന്നതും ശരിയാണെന്ന് തോന്നുന്നില്ല. ഇവിടെ ഉള്ളവര്‍ക്ക് അത് ഇഷ്ടപ്പെടില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഓരോ തെക്കേയിന്ത്യന്‍ സംസ്ഥാനവും വ്യത്യസ്തം ആണ്. വടക്കുള്ളവര്‍ പറയും തെക്കേ ഇന്ത്യ എന്ന്. പക്ഷേ ഇവിടെ ഓരോന്നും വ്യത്യസ്തമല്ലേ? അതാണ് ഇന്ത്യയുടെ വൈവിധ്യവും മനോഹാരിതയും.
താങ്കള്‍ക്ക് സുഖകരം ആയി തോന്നാന്‍ സാധ്യത ഇല്ലാത്ത ഒന്നുകൂടി ചോദിക്കാനുണ്ട്. താങ്കളുടെ ഭാര്യ (സാഗരിക ഘോഷ് ) തൃണമൂല്‍ കോണ്‍ഗ്രസ് എംപി ആണ്. താങ്കളുടെ മോദി വിമര്‍ശനം അതുകൊണ്ടാണ് എന്ന് പറയുന്നവര്‍ക്ക് എന്താണ് മറുപടി?
നോക്കൂ, അങ്ങനെ പറഞ്ഞ് എന്നെ ആക്രമിക്കുന്നവരെ എനിക്ക് മനസിലാക്കാനാകും. എന്റെ ഭാര്യ ഒരു പാര്‍ട്ടിയില്‍ ചേര്‍ന്നതുകൊണ്ട് എന്നെ വിമര്‍ശിക്കണമെങ്കില്‍ അവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യം ഉണ്ട്. പക്ഷെ അവരോട് പറയാനുള്ളത് -നിങ്ങള്‍ എന്റെ മാധ്യമപ്രവര്‍ത്തനം മാത്രം നോക്കൂ, അത് വിലയിരുത്തി എന്നെ വിധിക്കൂ എന്നാണ്. ഞാന്‍ എല്ലാവരെയും വിമര്‍ശിക്കാറുണ്ട്, എല്ലാവരോടും ഒരുപോലെ ചോദിക്കാറുണ്ട്.
രാജ്ദീപ് സര്‍ദേശായി ഭാര്യ സാഗരിക ഘോഷിനൊപ്പം
എന്റെ ഭാര്യയുടെ കാര്യം ആണെങ്കില്‍ അവരുടെ രാഷ്ട്രീയപ്രവര്‍ത്തനം വിലയിരുത്തി അവര്‍ക്ക് നിങ്ങള്‍ മാര്‍ക്ക് നല്‍കൂ. എന്റെ ഭാര്യ സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കാന്‍ അവകാശവും പ്രാപ്തിയും ഉള്ള സ്ത്രീയാണ്. അവര്‍ക്ക് അവരുടെ വഴിയും എനിക്ക് എന്റെ വഴിയും തെരഞ്ഞെടുക്കാന്‍ അവകാശമുണ്ട്. ബാക്കി ഞാന്‍ വായനക്കാര്‍ക്കും പ്രേക്ഷകര്‍ക്കും വിടുന്നു. അധികാരത്തിലുള്ളവരോട് സത്യം പറയുകയാണ് എന്റെ ധര്‍മ്മം. ഞാന്‍ അത് തുടര്‍ന്നും ചെയ്യും.