"എനിക്ക് തോന്നുന്നില്ല മലയാളത്തിൽ നിന്നും അങ്ങനെ ലാഭം കിട്ടുമെന്ന്. രോമാഞ്ചം എല്ലാ ദിവസവും ഓടിയ സിനിമയല്ലേ, ഹൗസ് ഫുൾ ആയിരുന്നില്ലേ? എനിക്കറിയാം അതിൽ നിന്ന് എന്ത് കിട്ടിയെന്ന്."
ശരൺ വേണുഗോപാൽ സംവിധാനം ചെയ്യുന്ന 'നാരായണീന്റെ മൂന്നാണ്മക്കൾ' ഫെബ്രുവരി ഏഴിന് റിലീസ് ചെയ്യും. 'കിഷ്കിന്ധാ കാണ്ഡ'ത്തിന് ശേഷം ജോബി ജോർജ് തടത്തിൽ നിർമ്മിക്കുന്ന പുതിയ സിനിമയിൽ ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട്, അലൻസിയർ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങൾ. കഥാചിത്രമെന്ന് ജോബി ജോർജ് വിശേഷിപ്പിക്കുന്ന 'നാരായണീന്റെ മൂന്നാണ്മക്കൾ', മലയാളത്തിലെ ശ്രദ്ധിക്കപ്പെടുന്ന ചിത്രമാകുമെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. ജോബി ജോർജ് സംസാരിക്കുന്നു, സിനിമയെക്കുറിച്ച്, സിനിമാ നിർമ്മാണ അനുഭവങ്ങളെക്കുറിച്ച്.
ചോദ്യം: നാരായണീന്റെ മൂന്നാണ്മക്കൾ റിലീസിന് ഒരുങ്ങുകയാണ്. ജോബി ജോർജ് തടത്തിൽ 2011 മുതൽ സിനിമകൾ നിർമ്മിക്കുന്നുണ്ട്. എന്നാലും ഒരു ചിത്രം റിലീസിന് അടുത്തെത്തുമ്പോൾ പൊതുവെ മനസ്സിൽ എന്താണ് തോന്നാറ്?
ജോബി ജോർജ് തടത്തിൽ: എല്ലാ പ്രൊഡ്യൂസർമാരെയും പോലെ ആധിയുണ്ട്. പ്രാർത്ഥനയുണ്ട്. ഇത് നല്ലൊരു സിനിമയാണ്. ഒരു സിനിമ ജനങ്ങൾ ഏറ്റെടുക്കുമ്പോഴാണല്ലോ ഒരു പ്രൊഡ്യൂസർക്ക് അതുകൊണ്ട് ഗുണം ഉണ്ടാകുന്നത്. പണം മാത്രമല്ല മാനസികമായി ഉണ്ടാകുന്ന സന്തോഷമുണ്ട്, നമ്മൾ ചെയ്ത ഒരു കാര്യം നന്നായല്ലോ എന്ന്. അതുകൊണ്ട് അതിന്റേതായ ആങ്സൈറ്റിയും ഒരു ചെറിയ ടെൻഷനും ഉണ്ട്.
ആങ്സൈറ്റി അനുഭവം കൊണ്ടും മാറില്ലേ?
കോടികൾ കൂടുതൽ മുടക്കുന്നതു കൊണ്ടോ കുറവ് മുടക്കുന്നത് കൊണ്ടോ, ആദ്യ സിനിമയെന്നോ അവസാന സിനിമയെന്നോ അതിന് ഇല്ല. എല്ലാ സിനിമക്കും ഒരേ വേദനയാണ്. ഒരേ ശ്രമം തന്നെയാണ്.
താങ്കൾ നിർമ്മിച്ച അവസാനത്തെ രണ്ട് സിനിമകൾ - കിഷ്കിന്ധാ കാണ്ഡം, രോമാഞ്ചം വലിയ ഹിറ്റുകളായിരുന്നു. ഈ സിനിമകളുടെ പ്രത്യേകത ഒരുപക്ഷേ, കഥയ്ക്ക് വലിയ പ്രാധാന്യം നൽകുന്ന, താരമൂല്യം പരിഗണിക്കാത്ത ചിത്രങ്ങളായിരുന്നു എന്നതാണ്. താരമൂല്യം എത്രമാത്രം പ്രധാനപ്പെട്ട ഘടകമാണ് ഇപ്പോൾ മലയാള സിനിമയിൽ?
അത് ഒരു സങ്കീർണ്ണമായ ചിന്താവിഷയമാണ്. ഞാൻ സത്യസന്ധമായി അതിന് ഉത്തരം പറഞ്ഞാൽ മലയാളത്തിലെ സിനിമാ ആസ്വാദനത്തിന്റെ ലെവൽ മാറിയിട്ടുണ്ടോ എന്ന് ചിന്തിക്കേണ്ടതാണ്. താരമൂല്യം ആവശ്യമാണ്, കാരണം തീയേറ്ററിലേക്ക് ആളുകൾ എത്താൻ അത് ആവശ്യമാണ്. പക്ഷേ, പുതുമയുള്ള പ്രമേയത്തിനും കാമ്പുള്ള കഥയ്ക്കും 150 രൂപ ടിക്കറ്റ് വാങ്ങാൻ മലയാളികൾ തയാറാണ്.
കിഷ്കിന്ധാ കാണ്ഡം കഴിഞ്ഞ വർഷത്തെ സർപ്രൈസ് ഹിറ്റുകളിലൊന്നാണ്. എന്തുകൊണ്ടാണ് ആ സിനിമ നിർമ്മിക്കാം എന്ന് തീരുമാനിച്ചത്?
ഒരു സിനിമയുടെ കഥ വരുമ്പോൾ ഞാൻ എനിക്കത് റിലേറ്റ് ചെയാൻ പറ്റുമോ എന്ന് നോക്കും. ഞാൻ ഒരു സാധാരണ മനുഷ്യനാണ്. വികാരവിചാരങ്ങൾ കൂടുതലുള്ള മനുഷ്യനാണ്. 'മന്ദാരച്ചെപ്പുണ്ടോ...' എന്ന പാട്ടു കേട്ടാൽ ഇപ്പോഴും എന്റെ കണ്ണ് നിറയും. അല്ലെങ്കിൽ 'വാത്സല്യം' സിനിമ കണ്ടാൽ ഞാൻ പൊട്ടിക്കരയും. ഞാൻ ജീവിതത്തിലെ പലമേഖലയിലൂടെയും യാത്ര ചെയ്യുകയും ഒരുപാട് തരം ആളുകളെ അടുത്തറിയാൻ അവസരം കിട്ടുകയും ചെയ്ത ആളാണ്. ഇപ്പോൾ ഞാൻ എന്റെ കുടുംബത്തോടും ചോദിക്കും, അവരുടെ ചോയ്സും സിനിമ തെരഞ്ഞെടുക്കുന്നതിൽ മാനദണ്ഡമാണ്.
ഇനി കിഷ്കിന്ധാ കാണ്ഡത്തിലേക്ക് വന്നാൽ അതിലെ അപ്പു പിള്ളയ്ക്ക് മറവിരോഗമാണ്. ഡിമൻഷ്യുള്ളവരുടെ ജീവിതം കൂടുതൽ അടുത്തു കാണാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. കാരണം, മറവിരോഗം ബാധിച്ചവരെ ചികിത്സിക്കുന്ന ഒരു പ്രസ്ഥാനം എനിക്കുണ്ട്. അതും ചിലപ്പോൾ ഒരു കാരണമായിട്ടുണ്ടാകാം.
'നാരായണീന്റെ മൂന്നാണ്മക്കളി'ൽ എന്താണ് അടുപ്പംതോന്നാൻ കാരണം?
ഒത്തിരി കാര്യങ്ങളുണ്ട്. എന്റെ നാടിന്റെ തൊട്ടടുത്തുള്ള നീണ്ടൂർ എന്ന സ്ഥലത്ത് ഒരു കുടുംബത്തിൽ നടന്ന ഒരു സംഭവം എനിക്ക് ഈ പ്രമേയവുമായി യാദൃശ്ചികത തോന്നി. എന്റെ കുടുംബത്തിലെ പഴയ തലമുറയിലെ ആളുകൾ, അവർ കാട്ടിക്കൂട്ടിയത് എനിക്കറിയാം. അതും സ്വാധീനിച്ചിട്ടുണ്ട്. പിന്നെ മലയാളത്തിൽ വളരെ ഡാർക്ക് ആയ, അന്വേഷണാത്മക സിനിമകളാണ് വരുന്നത്. കുടുംബസിനിമയ്ക്ക് മലയാളത്തിൽ സ്പേസ് ഇല്ലേ? കഥയുള്ള സിനിമയ്ക്ക് സ്പേസ് ഉണ്ടെന്നാണ് എന്റെ തോന്നൽ.
പൊതുവെ മറ്റു ഭാഷകളിലും ഇപ്പോൾ മലയാളത്തിലും കളക്ഷൻ നമ്പറുകൾ ഉയർത്തിക്കാണിക്കുന്ന പ്രവണതയുണ്ട്. 50 കോടി, 100 കോടി ക്ലബ്ബുകൾ...
ഞാനിന്ന് വരെ അങ്ങനെ സിനിമ പ്രൊമോട്ട് ചെയ്തിട്ടില്ല. എനിക്ക് അതിനോട് യോജിപ്പില്ല. അത് രണ്ട് തരം പ്രശ്നങ്ങൾ ഉണ്ടാക്കും എന്നാണ് എനിക്ക് തോന്നുന്നത്. ഒന്ന്, അത് മനുഷ്യനിൽ അത്യാഗ്രഹം ഉണ്ടാക്കും. എനിക്ക് തോന്നുന്നില്ല മലയാളത്തിൽ നിന്നും അങ്ങനെ ലാഭം കിട്ടുമെന്ന്. രോമാഞ്ചം എല്ലാ ദിവസവും ഓടിയ സിനിമയല്ലേ, ഹൗസ് ഫുൾ ആയിരുന്നില്ലേ? എനിക്കറിയാം അതിൽ നിന്ന് എന്ത് കിട്ടിയെന്ന്. അനാവശ്യ പൊങ്ങച്ചമാണ് ബാക്കിയെല്ലാം.
രണ്ട്, അനാവശ്യമായി സാലറി കൂട്ടാൻ അല്ലാതെ ഇത്തരം കണക്കുകൾ കൊണ്ട് കാര്യമില്ല. ഇപ്പോൾ ഞാൻ ഒരു നടനെ വച്ച് സിനിമയെടുക്കുന്നു എന്ന് വെക്കുക. ബാക്കിയുള്ളവരെ ഇംപ്രസ് ചെയ്യാൻ ഞാൻ 50 കോടി കളക്ഷൻ കിട്ടി എന്ന് എഴുതിവിടുന്നു. ഈ ഈഗോ കാരണം അടുത്ത പ്രൊഡ്യൂസർ പറയും അയാളുടെ സിനിമയ്ക്ക് 60 കോടി രൂപ കിട്ടി. ഇത് കാണുമ്പോൾ ആ നടൻ എന്ന് വിചാരിക്കും? അയാളെ വിറ്റ് പൈസയുണ്ടാക്കുന്നു. അയാളുടെ ശമ്പളം കൂട്ടാം എന്ന്. സിനിമ ആദ്യം ആളുകളെ രസിപ്പിക്കണം. അതാണ് പ്രധാനം. പണം വേണ്ട എന്നല്ല അതിന്റെ അർത്ഥം.
ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ പത്ത് സിനിമകളെടുത്തു. സിനിമകളുടെ പരാജയം എങ്ങനെയാണ് ബാധിക്കാറ്?
പാഠം ഉൾക്കൊള്ളുക. മുന്നോട്ടു പോകുക.
നിർമ്മിച്ച ചിത്രങ്ങളിൽ നല്ല സിനിമയായിരുന്നു പക്ഷേ ശ്രദ്ധിക്കപ്പെട്ടില്ല എന്ന് തോന്നിയ ഒരു സിനിമയുണ്ടോ?
സംഭവിച്ചതും നല്ലതിന്. സംഭവിക്കുന്നതും നല്ലതിന്. സംഭവിക്കാൻ പോകുന്നതും നല്ലതിന്. ഞാൻ പോയ വണ്ടിക്ക് കൈ കാണിക്കാറില്ല.
അഭിനേതാക്കളുടെ പ്രതിഫലത്തെക്കുറിച്ച് പറഞ്ഞല്ലോ. നിലവിൽ അവർ കൂടുതൽ പണം വാങ്ങുന്നു എന്ന് അഭിപ്രായമുണ്ടോ?
ഇല്ല. അഭിനേതാക്കളെയല്ലേ അൾട്ടിമേറ്റ്ലി വിൽക്കുന്നത്. അവർക്ക് അവരുടെ മൂല്യം തീരുമാനിക്കാനുള്ള അവകാശം ഉണ്ട്. ഇവരാരും കാര്യങ്ങൾ പറഞ്ഞാൽ മനസ്സിലാകാത്തവരല്ല. ഇപ്പോൾ 'നാരായണീന്റെ...' അഭിനേതാക്കൾ ജോജു ജോർജ്ജും സുരാജ് വെഞ്ഞാറമൂടും അവർ വാങ്ങുന്ന പ്രതിഫലത്തിൽ നിന്ന് കുറവ് വരുത്തിയിട്ടാണ് അഭിനയിച്ചത്. കാര്യങ്ങൾ പറഞ്ഞാൽ മനസ്സിലാക്കാനുള്ള സാഹചര്യം ഇവിടെയുണ്ട്.
നാരായണീന്റെ മൂന്നാണ്മക്കൾ ഫെബ്രുവരി ഏഴിനാണ് റിലീസ്...
അതെ. നിങ്ങളും പോയി കാണണം.
ശരി, എവിടെയായിരിക്കും മലയാളത്തിൽ ഈ സിനിമയുടെ സ്ഥാനം?
മലയാളത്തിലെ എണ്ണംപറഞ്ഞ സിനിമകളിലൊന്നായിരിക്കും ഇത്. ഇത് മോശം സിനിമയാകില്ല, ഉറപ്പാണ്. എന്നെ ആയിരം പേർക്ക് ഇഷ്ടമില്ലെങ്കിൽ എന്നെ ഇഷ്ടപ്പെടുന്ന 10,000 പേർ ഈ പടം കാണും. അവർ ഇത് പരാജയപ്പെടാതിരിക്കാൻ സഹായിക്കും. ഇതൊരു ഫാമിലി എന്റർടെയ്നർ ആണ്. എല്ലാ കുടുംബങ്ങളിലെയും പ്രശ്നങ്ങൾ ഇതിൽ കാണാം. ഇത് വ്യത്യസ്തമായ അനുഭവമാകും.