ഭദ്ര റജിൻ: എന്റെ ശബ്ദം കേൾക്കുന്നത് എനിക്കിപ്പോഴും ചമ്മലാണ്

മാർച്ച് ഏഴിന് തീയേറ്ററുകളിൽ എത്തുന്ന "വടക്കൻ" എന്ന സൂപ്പർനാച്ചുറൽ ത്രില്ലറിൽ ഭദ്ര റജിൻ പാടിയ "കേട്ടിങ്ങോ..." എന്ന പാട്ട് പുറത്തിറങ്ങി. ഭദ്ര സംസാരിക്കുന്നു.

Bhadra Rajin Malayalam singer interview vadakkan movie

ഭദ്ര റജിൻ മലയാളത്തിൽ വ്യത്യസ്തമായ ശബ്ദംകൊണ്ട് ശ്രദ്ധിക്കപ്പെടുന്ന പാട്ടുകാരിയാണ്. ഭദ്ര പാടിയ ഏറ്റവും പുതിയ പാട്ട്, മാർച്ച് ഏഴിന് തീയേറ്ററുകളിൽ എത്തുന്ന "വടക്കൻ" എന്ന സൂപ്പർനാച്ചുറൽ ത്രില്ലറിന് വേണ്ടിയാണ്. "കേട്ടിങ്ങോ നിങ്ങ കേട്ടിങ്ങോ നിങ്ങ വെള്ളിടിവെട്ടും കൊടിത്തോറ്റം..." എന്ന ഗാനം എഴുതിയിരിക്കുന്നത് ബികെ ഹരിനാരായണനും ഈണം നൽകിയിരിക്കുന്നത് ബിജിബാലുമാണ്. ഭദ്ര റജിൻ സംസാരിക്കുന്നു:

Bhadra Rajin Malayalam singer interview vadakkan movie

Latest Videos

ചോദ്യം: "വടക്കനി"ലെ ആദ്യ പാട്ട് പുറത്തിറങ്ങിയത് ഭദ്രയുടെതാണ്. പുള്ളുവൻപാട്ടും നാടൻപാട്ടും ഒക്കെ ഓർമ്മപ്പെടുത്തുന്ന "കേട്ടിങ്ങോ നിങ്ങ കേട്ടിങ്ങോ നിങ്ങ വെള്ളിടിവെട്ടും കൊടിത്തോറ്റം..." എങ്ങനെയാണ് ഭദ്ര പാടുന്നത്?

ഭദ്ര റജിൻ: സം​ഗീത സംവിധായകൻ ബിജിബാൽ സാർ ആണ് എന്നോട് പാട്ടിനെക്കുറിച്ച് പറഞ്ഞത്. "വടക്കൻ" ഒരു പാരാനോർമൽ ഹൊറർ സിനിമയാണ്. പക്ഷേ, ഒരു സാധാരണ പ്രേതപ്പടം അല്ല. ഇതിൽ തെയ്യം, പഴയ ഓർമ്മകൾ അങ്ങനെ കുറച്ച് സം​ഗതികളുണ്ട്. പാട്ടിന്റെ ഫീൽ ഒരുതരം ഹോണ്ടിങ് (haunting) ആയിരിക്കും എന്നതാണ് എന്നോട് പറഞ്ഞത്. ഇതിലെ ഭാഷ അൽപ്പം പഴയതാണ്. നിഘണ്ടുവച്ച് നോക്കേണ്ടി വരും ചില വാക്കുകളുടെ അർത്ഥം. വരികളെഴുതിയ ബി.കെ. ഹരിനാരായണൻ സാർ അത്യാവശ്യം ​ഗവേഷണം ഒക്കെ നടത്തിയിട്ടുണ്ട്.

ബിജിബാലിനൊപ്പം ഇതിന് മുൻപും ഭദ്ര പാടിയിട്ടുണ്ട്...

അതെ. മുൻപ് "വെള്ളം" സിനിമയിൽ ഒരു പാട്ട് പാടി. പിന്നെ "തങ്കം", അതിൽ ഒരു റീൽ സോങ് പാടി. ഇനിയും മൂന്നാല് പാട്ടുകൾ ഇറങ്ങാനുണ്ട്. പിന്നെ, ഈ പാട്ട്... "കേട്ടിങ്ങോ..." ഇതും സ്പെഷ്യലായിട്ടുള്ള പാട്ടാണ്.

ബിജിബാലിനായി പാടുന്നതിൽ ഏറ്റവും രസകരമായ സം​ഗതി എന്താണ്?

ഇപ്പോഴുള്ള സം​ഗീതസംവിധായകരിൽ ഏറ്റവും എളുപ്പം വർക്ക് ചെയ്യാൻ പറ്റുന്നയാൾ ബിജിബാൽ സാർ ആണ്. കാരണം, പരമാവധി മൂന്ന് ടേക്കിനപ്പുറം അദ്ദേ​ഹം പോകില്ല. പേഴ്സണൽ ഇമോഷൻസ് പാട്ടിൽ വരുത്താൻ അദ്ദേഹം സമ്മതിക്കില്ല. ചിലപ്പോൾ നമുക്ക് തോന്നും, ഒന്നുകൂടെ പാടിയാൽ പെർഫെക്റ്റ് ആകും എന്ന്. പക്ഷേ, സാർ പറയും, "അത് മതി." പല മ്യൂസിക് ഡയറക്ടർമാരും മണിക്കൂറുകളോളം റെക്കോർഡിങ്ങിന് എടുക്കുമ്പോൾ സാർ ചിലപ്പോൾ അര മണിക്കൂറിൽ പാട്ട് തീർക്കും. അതിന് ഒരു കാരണം അദ്ദേഹം വളരെ ടെക്നിക്കലി കഴിവുള്ളയാളാണ് എന്നത്കൂടെക്കൊണ്ടാണ്. ഫീൽ ആണ് അദ്ദേഹത്തിന് നിർബന്ധം. ഇമോഷൻസ് കൊണ്ടുവരാൻ പറ്റണം.

"വടക്കനി"ലെ പാട്ട് ഉൾപ്പെടെ, ഭദ്രയുടെ പാട്ടുകൾ അധികവും ഫോക് (നാടൻപാട്ട്) സ്വഭാവമുള്ളതാണ്. അതിന് കാരണം ഈ വ്യത്യസ്തമായ ശബ്ദം തന്നെയാകും അല്ലേ?

ബിജിബാൽ സാർ പറയുന്നത് എന്നെ ഇത് പാടാൻ വിളിച്ചത് എന്റെ ശബ്ദം മിഡ് റേഞ്ചിൽ ​ഗെയിൻ ഉള്ള വോയ്സ് ആണ് എന്നതുകൊണ്ടാണ് എന്നാണ്. നാടൻപാട്ടുകൾ എപ്പോഴും മിഡ് അല്ലെങ്കിൽ ലോവർ റേഞ്ച് ആണെന്ന് എനിക്ക് തോന്നാറുണ്ട്. അതിന് എന്റെ ശബ്ദം ചേരുന്നുണ്ടാകും.

ഭദ്രയ്ക്ക് വ്യക്തിജീവിതത്തിൽ ഫോക് സം​ഗീതവുമായി എന്തെങ്കിലും ബന്ധമുണ്ടോ, ജനിച്ചസ്ഥലമോ പഠിച്ച സം​ഗീതരീതിയോ അങ്ങനെ...

ഒരു ബന്ധവും ഇല്ല! ഞാൻ പക്കാ എറണാകുളം കാരിയാണ്. വീട് തൃപ്പൂണിത്തുറയിലാണ്. ജനിച്ചതും വളർന്നതും ആലുവയിലാണ്.

ഭദ്രയെ ആളുകൾ തിരിച്ചറിയാൻ സാധ്യതയുള്ള ഒരു പാട്ട് മ്യൂസിക് മോജോയിൽ പാടി "റാസയ്യയോ..." ആണ്. ആ പാട്ട് എങ്ങനെയാണ് പരിചയപ്പെടുന്നത്?

കോളേജിൽ റാം​ഗിങ്ങിന്റെ ഭാ​ഗമായി കിട്ടിയതാണ്, നാക്കുളുക്കുന്ന പാട്ടാണല്ലോ. കോളേജിൽ നിന്ന് ഇറങ്ങി പിന്നീട് മ്യൂസിക് മോജിയിൽ ഈ പാട്ട് പാടാൻ അച്ഛനാണ് ഓർമ്മിപ്പിച്ചത്. ഞാനും എന്റെ സുഹൃത്ത് സുദീപ് പാലനാടും ഒരു ബാൻഡ് ആയിട്ടാണ് പങ്കെടുത്തത്. ആ സമയത്ത് പാട്ടിന്റെ വരികളൊക്കെ മറന്നുപോയിരുന്നു. പിന്നീട് കോളേജിലെ പഴയ ഒരു സീനിയറിനെ വിളിച്ച് വരികൾ എഴുതിയെടുത്താണ് പാടിയത്. പാടാൻ മടിയായിരുന്നു. പക്ഷേ, അത് ഹിറ്റ് ആയി. പ്രതീക്ഷിക്കാതെ കിട്ടിയ ലോട്ടറിയാണ് ആ പാട്ട്.

മറ്റൊരു ശ്രദ്ധിക്കപ്പെട്ട പാട്ട് "ഹൃദയ"ത്തിലെ "പുതിയൊരു ലോകം..."

അതെ. ഹിഷാം പെട്ടന്ന് വിളിച്ചതാണ്. വോയിസ് ചെക്ക് ചെയ്യാനാണെന്ന് മാത്രമേ പറഞ്ഞുള്ളൂ. അന്ന് ഞാൻ ​ഗർഭിണിയായിരുന്നു. ഞാൻ സ്റ്റുഡിയോയിൽ പോയി, നേരെ കാണുന്നത് വിനീത് ശ്രീനിവാസനെ! എന്റെ കിളി മൊത്തം പോയി. വിനീതേട്ടൻ പറഞ്ഞു, സാരമില്ല, നമുക്ക് പാടിനോക്കാം എന്ന്. അതിൽ സ്വരം വരുന്ന ഒരു ഭാ​ഗം ഉണ്ട്. അത് എന്റെ മനോധർമ്മം പോലെ പാടിക്കോളാൻ പറഞ്ഞു. ഞാൻ പാടി, അത് കേട്ടപ്പോൾ വിനീതേട്ടന്റെ മുഖത്തെ ഭാവം കണ്ടപ്പോൾ എനിക്ക് മനസ്സിലായി എല്ലാം ഒ.കെ ആയെന്ന്. ഒറ്റടേക്കിലാണ് അത് ശരിയായത്.

ഭദ്രയുടെ ശബ്ദം തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. പക്ഷേ, ഇതേ ശബ്ദം കാരണം അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടോ?

ആദ്യം ശബ്ദം ഒരു പരിമിതിയായിട്ട് തോന്നിയിരുന്നു. ഞാൻ സം​ഗീതം വളരെ സീരിയസ് ആയിട്ട് എടുത്തിന് ശേഷം ഹിന്ദുസ്ഥാനി ക്ലാസിക്കൽ പഠിക്കാൻ ഉസ്താദ് ഫയാസ് ഖാന്റെ അടുത്തെത്തി. അപ്പോഴാണ് എനിക്ക് സം​ഗീതത്തെക്കുറിച്ച് മനസ്സിലായി തുടങ്ങിയത്. സം​ഗീതം ഒരു കരിയറാക്കാൻ തീരുമാനിച്ചപ്പോൾ എല്ലാവരും എല്ലായിടത്തും ഡെമോ സി.ഡി കൊടുക്കണം എന്ന് പറഞ്ഞു. അങ്ങനെ ഒത്തിരിപ്പേരെ കണ്ട് ഡെമോ സി.ഡി. കൊടുക്കും. അപ്പോഴെല്ലാം ഹൈ റേഞ്ചിൽ പാടാൻ പറ്റില്ലേ? എന്നതാണ് സ്ഥിരമായി കേട്ടിരുന്ന ചോദ്യം. എന്റെ ശബ്ദം ഹൈ പിച്ചിൽ പാടാൻ കുറച്ച് ബുദ്ധിമുട്ടാണ്. അങ്ങനത്തെ പാട്ടുകൾ പാടുമ്പോൾ‌ സ്ട്രെയിൻ കാരണം അവസരം പലതും പോയി. അന്ന് സങ്കടം തോന്നിയിരുന്നു. പക്ഷേ, പിന്നീട് അതേ സം​ഗീത സംവിധായകർ തന്നെ പാട്ടുപാടാൻ വിളിച്ചിട്ടുണ്ട്. നമുക്ക് ക്ഷമവേണം. അവസരങ്ങൾ വരും. കാലം തെളിയിക്കും എന്ന് പറയില്ലേ? അതു തന്നെ. 

സ്വന്തം ശബ്ദം തന്നെ പുറത്ത് റേഡിയോയിലും ടിവിയിലും ഒക്കെ കേൾക്കുമ്പോൾ സന്തോഷം തോന്നാറുണ്ടോ?

എനിക്ക് ഇപ്പോഴും ചമ്മലാണ്. വേറെ എവിടെങ്കിലും എന്റെ പാട്ട് കേട്ടാൽ ഞാൻ മുങ്ങും. ഇപ്പോൾ കൂടെയുള്ളവർ എന്നെ ഉന്തും, പരിചയപ്പെടുത്തും. ഇപ്പോഴും സ്വന്തമായി ഞാനാണ് ആ പാട്ട് പാടിയത് എന്ന് പറയാൻ പേടിയാണ്. ഒരുതവണ ഞാൻ മൂന്നാറിൽ ഒരു റിസോർട്ടിൽ പോയപ്പോൾ അവർ എന്നെ തിരിച്ചറിഞ്ഞു. റെസ്റ്റോറന്റിൽ എന്റെ പാട്ടുകൾ ഇട്ടുതന്നു. എനിക്ക് ചിരിക്കാനും വയ്യ. അന്നേരത്തെ എന്റെ എക്സ്പ്രഷൻ എന്തായിരുന്നു എന്ന് കൂടെയുള്ളവരോട് ചോദിച്ചാലറിയാം.

ഭദ്ര എപ്പോഴും കേൾക്കാനിഷ്ടപ്പെടുന്ന അഞ്ച് പാട്ടുകൾ പറയൂ...

അയ്യോ! ഇങ്ങനെ പെട്ടന്ന് അഞ്ച് പാട്ട് ചോദിച്ചാൽ ഞാൻ പെടും. ഈ അഭിമുഖം കഴിഞ്ഞ് എനിക്ക് ഒരുപാട് പാട്ടുകൾ ഓർമ്മവരും. ഞാൻ പാട്ടുകേൾക്കുന്നത് എന്താണോ എന്റെ ഇമോഷൻ അത് അനുസരിച്ചാണ്.

1. ചിരുത - സുദീപ് പാലനാട്. (സുദീപ് തന്നെ എഴുതി, പാടിയ പാട്ടാണ്. ഇതിനും ഒരു ഹോണ്ടിങ് സ്വഭാവമുണ്ട്.)
2. രാക്കിളി തൻ... - പെരുമഴക്കാലം (ഇതിൽ ഒരു ഹിന്ദുസ്ഥാനി ആലാപ് പാടിയത് എന്റെ ​ഗുരുവാണ്. അദ്ദേഹത്തിന്റെ ശബ്ദം കേൾക്കുമ്പോൾ ഞാൻ സ്വയം ​ഗ്രൗണ്ടഡ് ആകും.)
3. ഇന്നലെ നീയൊരു സുന്ദരരാ​ഗമായെൻ.. - സ്ത്രീ (പഴയ പാട്ടുകൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അമ്മ എപ്പോഴും പാടിത്തരും.)
4. ഒരു രാത്രി കൂടെ വിടവാങ്ങവേ... - സമ്മർ ഇൻ ബത്ലഹേം (ഈ പാട്ടിന്റെ സം​ഗീതവും കവിതയും എനിക്ക് ഒരുപോലെ ഇഷ്ടമാണ്.)
5. പാലാഴി തേടും - സ്വപാനം

(വ്യക്തതയ്ക്ക് വേണ്ടി സംഭാഷണം എഡിറ്റ് ചെയ്തിട്ടുണ്ട്. അഭിമുഖത്തിന്റെ പ്രസക്തഭാ​ഗങ്ങൾ)

 

click me!