പറഞ്ഞത് ചെറിയ വാക്കല്ലെന്നറിയാം, പണം വാങ്ങിയില്ലേയടക്കമുള്ള എല്ലാ ആരോപണങ്ങൾക്കും മറുപടി; മനസ് തുറന്ന് ഹണി റോസ്

By Gowry Priya J  |  First Published Jan 6, 2025, 10:44 PM IST

ഒരാളെയും വേദനിപ്പിക്കാത്ത വ്യക്തി, ഇതിൽ കൂടുതൽ സഹിക്കാനാകില്ല..


'ഞാൻ നിങ്ങളുടെ നേരെ വരും, അസഭ്യ അശ്ലീല ഭാഷപണ്ഡിതമാന്യന്മാരെ, നിയമം അനുശാസിക്കുന്ന  എല്ലാ സാധ്യതകളും പഠിച്ച് നിങ്ങൾക്കെതിരെ യുദ്ധം ചെയ്യും'. തനിക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം അശ്ലീല കമന്‍റുകളും ദ്വയാർത്ഥ പ്രയോഗങ്ങളും നടത്തി, സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ  കമന്റുകൾ രേഖപ്പെടുത്തിയവർക്കെതിരെ യുദ്ധ പ്രഖ്യാപനം നടത്തേണ്ടി വന്നിരിക്കുകയാണ് നടി ഹണി റോസിന്.

എല്ലാ സീമകളും ലംഘിച്ചുള്ള അപവാദപ്രവചനങ്ങൾ ഇനി അനുവദിക്കാനാവില്ലെന്ന് ഹണി റോസ് തറപ്പിച്ച് പറയുന്നു. 'ഇത്രകാലത്തെ ജീവിതത്തിനിടയിൽ ഒരാളെപ്പോലും വേദനിപ്പിക്കാത്ത വ്യക്തിയാണ്. ഇരുപത് വർഷത്തെ കരിയറിൽ താനൊരിക്കലും നേരിടാത്ത തരം അപമാനങ്ങൾ സഹിക്കേണ്ടി വന്നു. തെറ്റിദ്ധാരണകൾ താനുണ്ടാക്കിയതല്ല, എല്ലാ സ്ത്രീകൾക്കുമായി യുദ്ധം പ്രഖ്യാപിക്കുന്നു ന്ന് പറഞ്ഞത് അതിന്‍റെ പൂർണ്ണ ഉത്തരവാദിത്തോടെയാണ്- ഹണി റോസ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് മനസ് തുറക്കുന്നു.

Latest Videos

ഒരാളെയും വേദനിപ്പിക്കാത്ത വ്യക്തി, ഇതിൽ കൂടുതലാകില്ല

ഞാനൊരു മോശം അഭിനേത്രിയല്ല. വസ്ത്രധാരണത്തിൻ്റെ പേരിലായിരിക്കും ഞാൻ പഴികേട്ടിട്ടുണ്ടാവുക. കണ്ണാടിയിൽ നോക്കി ഒരുങ്ങി ഇറങ്ങുമ്പോൾ എനിക്ക് കംഫേർട്ടബിൾ ആണെന്ന് ഉറപ്പ് വരുത്തിയിട്ടുള്ള വസ്ത്രങ്ങൾ മാത്രമാണ് ധരിക്കുന്നത്. അതിൽ നിങ്ങൾക്ക് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരിക്കാം. കാരണം കാണുന്ന ആളുകളുടെ കണ്ണിലാണ് സൗന്ദര്യമെന്ന് പറയുന്നത് പോലെ തന്നെയാണത്. അങ്ങനെ പറയുന്നതിൽ പ്രശ്നമുണ്ടെന്ന് കരുതുന്നയാൾ പോലുമല്ല ഞാൻ.

പക്ഷേ അതിനൊരു സഭ്യമായ ഭാഷയുണ്ട്. ആ രീതിയിൽ നിങ്ങൾക്ക് ഉറപ്പായും എന്നെ വിമർശിക്കാം. ഇത് അങ്ങനെയല്ല. 'സോഷ്യൽ അബ്യൂസ്' ആണ് ഞാൻ നേരിടുന്നത്. ഏറ്റവും മോശവും ഹീനവുമായ വാക്കുകളാണ് എനിക്ക് നേരെ പ്രയോഗിച്ചിട്ടുള്ളത്. കഴിഞ്ഞ മൂന്ന് വർഷമായി ദിവസവും ഞാനിതൊക്കെ കേട്ടുകൊണ്ടിരിക്കുകയാണ്. ഞാൻ മാത്രമല്ല, മാതാപിതാക്കൾ, ബന്ധുക്കൾ, എന്നെ ചുറ്റിപ്പറ്റി ജീവിക്കുന്നവർ, എന്നെ സ്നേഹിക്കുന്നവരെല്ലാം ഇതിൽ അനുഭവിക്കുകയാണ്.

ഇത്രകാലത്തെ ജീവിതത്തിനിടയിൽ ഒരാളെപ്പോലും വേദനിപ്പിക്കാത്ത വ്യക്തിയാണ് ഞാൻ. ഇരുപത് വർഷമായി സിനിമ ഇൻഡസ്ട്രിയിൽ വന്നിട്ട്. ഇതിനിടയിൽ ഞാനായി ഒരു പ്രശ്നമുണ്ടാക്കാനോ അത്തരം സാഹചര്യങ്ങളുടെ ഭാഗമാകാനോ പോയിട്ടില്ല. അങ്ങനെ താല്പര്യമില്ലാത്ത ഒതുങ്ങി ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ. ഇത്തരം മോശം കമൻ്റുകൾ വന്നിട്ടും പലപല മാർഗങ്ങൾ സ്വീകരിക്കാനുള്ള ശ്രമങ്ങൾ ഉണ്ടായിരുന്നു. പല ചിന്തകളാണ് വന്നത്. കുടുംബമായി ഇരുന്ന് ആലോചിച്ചു. വിദഗ്ദാഭിപ്രായങ്ങൾ തേടി. മുഖ്യമന്ത്രിയെ ചെന്നുകാണാം അല്ലെങ്കിൽ പ്രധാനമന്ത്രിക്ക് പരാതി നൽകാം അങ്ങനെ പലതും ആലോചിച്ചിരുന്നു. എന്നിട്ടും ഒന്നിലേയ്ക്കും ഇതുവരെ പോകാതിരുന്നത് വാർത്തയിൽ നിറയാൻ താല്പര്യമില്ലാത്തതുകൊണ്ടും ഇതൊരു പ്രശ്നമാക്കേണ്ടെന്നും കരുതിയാണ്. 

ഇതിൽ കൂടുതൽ സഹിക്കാൻ വയ്യ, പരമാവധിയായിക്കഴിഞ്ഞു. കാരണം ഇതൊരു സാമൂഹിക പ്രശ്നമാണ്. എൻ്റെ മാത്രം പ്രശ്നമായി കാണുന്നില്ല. ഇതിൽ ഏറ്റവും ബാധിച്ച വ്യക്തി ഞാനാണെങ്കിൽ കൂടി. സമൂഹമാധ്യമങ്ങൾ സജീവമായവരോ അല്ലാത്തവരോ ആയ സ്ത്രീകൾ ഇതിൽ ബാധിക്കപ്പെടുന്നുണ്ട്. സാധാരണക്കാരായ സ്ത്രീകൾ പോലും ഇത് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. 

അന്ന് സംഭവിച്ചത്..

ഞാനിതുവരെ അനുഭവിച്ചുകൊണ്ടിരുന്നത് വെർച്വൽ ലോകത്തിരുന്നുള്ള ഫേക്ക് അക്കൗണ്ടുകൾ വഴിയോ അല്ലാതെയോ നടത്തുന്ന അധിക്ഷേപ കമൻ്റുകൾ ആയിരുന്നു. ഒരിക്കലും ഒരാളും എനിക്ക് നേരെ നിന്ന് ഒരു രീതിയിലും മോശമായി പെരുമാറിയിട്ടില്ല. ഈ ഇരുപത് വർഷത്തിനിടയിൽ ഇത് ആദ്യമായാണ് ഇത്തരത്തിൽ ഒരു അനുഭവം. 

ഒരു വ്യക്തി ക്ഷണിച്ചിട്ടല്ല സ്ഥാപനം ക്ഷണിച്ചത് പ്രകാരമാണ് പോസ്റ്റിൽ പരാമർശിക്കുന്ന സംഭവം നടക്കുന്ന വേദിയിലേയ്ക്ക് അതിഥിയായി പോയത്. ആ സ്ഥാപനത്തിൻ്റെ ഉദ്ഘാടകയാവുകയായിരുന്നു അന്നെൻ്റെ ജോലി. ആയിരക്കണക്കിനു പേർ കാണികളായി പങ്കെടുത്ത ചടങ്ങിൽ നിന്നാണ് ഈ വ്യക്തിയിൽ നിന്ന് അപമാനിക്കുന്ന തരത്തിൽ പരാമർശമുണ്ടാകുന്നത്. രാഷ്ട്രീയക്കാരുൾപ്പെടെ മറ്റ് അതിഥികളും അന്നവിടെ ഉണ്ടായിരുന്നു. ഉദ്ഘാടനച്ചടങ്ങ് കഴിഞ്ഞ് സ്ഥാപനത്തിനകത്ത് ചെന്നപ്പോഴും എൻ്റെ ശരീരത്തെപ്പറ്റി മോശം പരാമർശങ്ങൾ ആവർത്തിക്കുകയാണുണ്ടായത്. ഇങ്ങനെയൊരു പെരുമാറ്റമുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല. എനിക്കതൊരു ഷോക്ക് ആയിരുന്നു.

അടുത്ത നിമിഷം എൻ്റെ തലയിൽകൂടി പോകുന്ന ചിന്തകൾ പലതാണ്. എങ്ങനെ പ്രതികരിക്കണമെന്ന് മനസിലാകുന്നില്ല. അത്രയും വലിയ ജനക്കൂട്ടമാണ് മുന്നിലുള്ളത്. അതും ഇങ്ങനെയൊരു ചടങ്ങ് നടക്കുന്ന സമയത്ത്. എങ്ങനെ പ്രതികരിക്കും, ഞാൻ പ്രതികരിച്ചാൽ അയാൾ ഇനിയെന്താകും പറയുക? വേദിയിൽ പ്രതികരിക്കേണ്ടതില്ല എന്ന എൻ്റെ തീരുമാനം നൂറുശതമാനവും ശരിയായിരുന്നെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്. കാരണം നിങ്ങൾ എന്താണ് ഇങ്ങനെ പറഞ്ഞതെന്ന് ചോദിച്ചാൽ അയാൾ പറയും ഞാൻ നല്ല രീതിയിൽ ആണല്ലോ ഉദ്ദേശിച്ചതെന്ന്. കാരണം അതാണല്ലോ ദ്വയാർത്ഥ പ്രയോഗങ്ങളുടെ ഉദ്ദേശം. നിങ്ങൾക്ക് മോശമെന്ന് തോന്നുന്നെങ്കിൽ അങ്ങനെയെടുക്കാം എന്ന് പറഞ്ഞൊഴിയും. പക്ഷേ അത്തരം പ്രയോഗങ്ങൾക്ക് ഒരിക്കലും ഡബിൾ മീനിങ് ഇല്ല, ഒറ്റ അർഥമേയുള്ളൂ. ഒരാളെ അപമാനിക്കുകയും ഏറ്റവും മോശമായി ചിത്രീകരിക്കുകയും ചെയ്യുകയെന്ന് മാത്രം.

വീട്ടിൽ വന്നയുടനെ അച്ഛനമ്മമാരുമായി സംസാരിക്കുകയും ഈ വ്യക്തിക്കൊപ്പം മറ്റൊരു വേദി പങ്കിടില്ലെന്ന് എന്നെ പരിപാടിയിലേയ്ക്ക് ക്ഷണിച്ച മാനേജർ മുഖേന അറിയിക്കുകയും ചെയ്തു. അവിടെയുണ്ടായ സംഭവങ്ങൾ അങ്ങേയറ്റം ബുദ്ധിമുട്ടുണ്ടാക്കിയെന്ന് കൂടി കൃത്യമായി അയാളോട് പറയണമെന്ന് മാരേജറോട് ആവശ്യപ്പെട്ടിരുന്നു. പോസ്റ്റിൽ പറയുന്ന വ്യക്തിയെ സ്റ്റേജിൽ വച്ചും മറ്റുമായി ഒന്നോരണ്ടോ തവണയാണ് ആകെ കണ്ടിട്ടുള്ളത്. അതിനു മുമ്പോ ശേഷമോ ഫോണിലോ അല്ലാതെയോയുള്ള സംസാരങ്ങൾ ഉണ്ടായിട്ടില്ല.

ഒരുമാസം കഴിഞ്ഞു കാണും, ഞാൻ പങ്കെടുക്കുന്ന മറ്റൊരു ചടങ്ങിൽ ഈ വ്യക്തികൂടിയുണ്ടെന്ന് തലേദിവസം അറിയുകയാണ്. ആ ചടങ്ങിനു മുന്നോടിയായി എൻ്റെ ശരീരത്തെ വച്ച് വളരെ മോശം പരാമർശങ്ങൾ നടത്തിക്കൊണ്ട് ഇയാൾ ഒരു പ്രൊമോ വീഡിയോ ചെയ്തു. ഞാനും ഇയാളും ചടങ്ങിനു വരുന്നു എന്ന തരത്തിൽ. ആ പരിപാടിയിൽ ഇയാളുണ്ടെന്ന് മുമ്പേ അറിയുമായിരുന്നെങ്കിൽ ഞാൻ പിന്മാറുമായിരുന്നു. ആ ചടങ്ങിലും ഇത്തരത്തിലുള്ള പരാമർശം ഇയാളുടെ ഭാഗത്തുനിന്നുമുണ്ടായി.

അതുകഴിഞ്ഞ് ഇയാളുടെ സ്ഥാപനത്തിൻ്റെ ചടങ്ങിലേയ്ക്ക് തന്നെ മാനേജർ എന്നെ വിണ്ടും വിളിച്ചു. 'ഞാൻ ചെയ്യില്ല ചേട്ടാ, അന്നേ പറഞ്ഞതാണ് ഇതിൽ താല്പര്യമില്ലെന്ന്' എന്ന് തന്നെ വ്യക്തമാക്കി. മനേജർ വീണ്ടും വിളിച്ച് ഈ വ്യക്തിയുടെ ഭാഗത്തു നിന്ന് ഇനി ഇങ്ങനെയൊന്നും ഉണ്ടാകില്ല, ചടങ്ങിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടു. ആ വ്യക്തിയുടെ ഭാഗത്തുനിന്ന് അതുണ്ടായിക്കഴിഞ്ഞു, ഇനി ആ സ്ഥാപനവുമായി സഹകരിക്കാനാകില്ലെന്നും അതിൻ്റെ കാരണം അയാളെ ബോധ്യപ്പെടുത്തണമെന്നും വീണ്ടും ആവശ്യപ്പെശ്യപ്പെട്ടാണ് ആ കോൾ അവസാനിപ്പിച്ചത്.

ശേഷം ഒരു ഓൺലൈൻ ചാനലിന് അഭിമുഖം കൊടുത്തിരിക്കുന്നു. 'ഞാൻ നടി എന്നല്ലേ വിളിച്ചുള്ളൂ ഇങ്ങനെ വിളിച്ചില്ലല്ലോ', 'ഇവർ എൻ്റെ കൂടെയാണോ എന്ന് പലരും ചോദിച്ചു' എന്നൊക്കെ പറയുന്നു. ഒരാളെ മോശമായി ചിത്രീകരിക്കാൻ എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്യാനാണ് നോക്കുന്നത്. ഇതിലധികം സഹിക്കാനാകില്ല. പിന്നാലെയാണ് നിയമ സഹായം തേടിയതും ഫേസ്ബുക്കിൽ ഞാൻ അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ട് വ്യക്തമാക്കിയതും.

പണം തന്നിരുന്നു, ശരിയാണ്.

പണം കൊടുത്ത് ആരുടെയും ആത്മാഭിമാനത്തെ വിലയ്ക്ക് വാങ്ങാം എന്ന തോന്നലിനോടാണ് ഞാൻ എൻ്റെ നയം വ്യക്തമാക്കുന്നത്. ഇത്രയും കാലം ഇത്രയധികം ബുദ്ധിമുട്ടിച്ചിട്ടും ഒരുവാക്ക് മിണ്ടാതെയിരുന്നത് എൻ്റെ പ്രകൃതം അങ്ങനെയായതുകൊണ്ടാണ്. എന്നെ ഇതിലേയ്ക്ക് വലിച്ചുകൊണ്ടിട്ടതാണ്. ഇനിയും ഞാൻ മിണ്ടാതിരുന്നാൽ വളരെ മോശം സന്ദേശമാകും സമൂഹത്തിൽ നൽകുക. 

ഇതൊക്കെ കേട്ടിട്ടും ഇവരവിടെപ്പോയി ചിരിച്ചുകൊണ്ട് നിന്നു, പണം വാങ്ങിച്ചതുകൊണ്ടല്ലേ ഒന്നും ചെയ്യാത്തത് എന്നൊക്കെയാണ് ആളുകൾ പറയുന്നത്. തെറ്റിദ്ധാരണകൾ ഞാനായിട്ട് ഉണ്ടാക്കുന്നതല്ല. ഒരു നിമിഷം കൊണ്ട് ഒരു വാക്കുകൊണ്ടാണ് നമ്മളെ സമൂഹത്തിൻ്റെ മുമ്പിൽ മോശക്കാരാക്കിയത്. പിന്നെ അതങ്ങനെയല്ലെന്ന് തെളിയിക്കേണ്ട ബാധ്യത എനിക്കുമേൽ വരികയാണ്. വലിയ ബാധ്യതയും ഉത്തരവാദിത്തവും മാനസിക ബുദ്ധിമുട്ടും നമുക്കുമേലിട്ടിട്ട് മോശം പറഞ്ഞയാൾ വളരെ കൂൾ ആയി അയാളുടെ ജീവിതവുമായി മുന്നോട്ട് പോകുന്നു. 

പണം വാങ്ങി തന്നെയാണ് ഞാൻ ആ ചടങ്ങിന് പോയത്. അതിലൊരു സംശയവും വേണ്ട. പണം വാഗ്ദാനം ചെയ്താണ് രണ്ടാമതും ചടങ്ങിലേക്ക് ക്ഷണിച്ചത്. പണം വാങ്ങിയും അല്ലാതെ വ്യക്തി ബന്ധങ്ങളുടെ പേരിൽ പങ്കെടുക്കുന്ന പരിപാടികളുമുണ്ട്. ഞാനീ ചടങ്ങുകളിൽ പങ്കെടുക്കുന്നത് എനിക്കിഷ്ടമുള്ളതുകൊണ്ടും ഞാനത് ആസ്വദിക്കുന്നതു കൊണ്ടുമാണ്. 

ഇതൊരു ബിസിനസ് തന്നെയാണ്. പണം നൽകി ഒരു സെലിബ്രിറ്റിയെ ക്ഷണിക്കുമ്പോൾ അത്രയും ക്രൗഡ് അവിടെ വരും. അവർക്ക് നല്ല ബിസിനസ് നടക്കും. അതാണല്ലോ ലക്ഷ്യം. ആരും അങ്ങോട്ടും ഇങ്ങോട്ടും സേവനം ചെയ്യുന്നതല്ല. 20 വർഷമായി സിനിമ ചെയ്യുന്നു, പ്രോഗ്രാമുകൾ ചെയ്യുന്നു. ഞാൻ ചെയ്യുന്ന തൊഴിൽ ആസ്വദിച്ച് ചെയ്യുകയാണ്. 

ചിലത് തടയാനാകില്ല, ആക്ഷൻസ് എടുക്കാൻ പറ്റും

എൻ്റെ സോഷ്യൽ മീഡിയ പേജുകളിൽ ഞാനിടുന്ന വീഡിയോകളിലൊന്നും 'ഇവർ പറയുന്ന' വൃത്തികേടുകൾ ഇല്ല. ഈ വീഡിയോകൾ വരുന്നത് അവിടെ വരുന്നയാളുകൾ എടുത്ത് പ്രചരിപ്പിക്കുമ്പോഴാണ്. അവരെടുക്കുന്ന വിഡിയോകളുടെ ആങ്കിൾ എങ്ങനെയായിരുക്കണമെന്ന് എനിക്ക് തീരുമാനിക്കാനാകില്ല. ഇവരെവിടെ നിന്നാണ് ഷൂട്ട് ചെയ്യുന്നതെന്ന് ഞാൻ കാണുന്നത് പോലുമില്ല. പലപ്പോഴും തലയ്ക്ക് മുകളിൽ നിന്നോ ഏറ്റവും താഴെ നിന്നോ ആണ് ഇവരിതൊക്കെ ചിത്രീകരിക്കുന്നത്. ഇതൊന്നും എൻ്റെ കൈയ്യിൽ നിൽക്കുന്ന കാര്യങ്ങളല്ല. മോശമായി ഷൂട്ട് ചെയ്താൽ മോശമായി തന്നെയേ വരൂ. അയ്യോ ഇതെന്താണിങ്ങനെ എന്ന് തോന്നും. ഒരു സാരി ശരിയാക്കിയിടുമ്പോഴാകും അത് പകർത്തുന്നത്. എനിക്കെങ്ങനെയാണ് ഇത് തടയാനാവുക. പക്ഷേ ആക്ഷൻസ് എടുക്കാൻ പറ്റും. അതിന് മുന്നോടിയായാണ് ഇപ്പോൾ നീങ്ങുന്നത്.

ചെറിയ വാക്കല്ലെന്നറിയാം

'എല്ലാ സ്ത്രീകൾക്കുമായി യുദ്ധം പ്രഖ്യാപിക്കുന്നു' എന്ന് പറഞ്ഞത് ഒരു ചെറിയ വാക്കല്ലെന്നറിയാം. സൂക്ഷിച്ച്, ചിന്തിച്ച് പ്രയോഗിച്ചത് തന്നെയാണ്. അത്രമാത്രം ഞാൻ അനുഭവിച്ച് കഴിഞ്ഞു. എന്നെ എല്ലായിടത്തും ചിരിച്ച് മാത്രമേ നിങ്ങൾ കണ്ട് കാണുകയുള്ളൂ. അടുത്ത കാലത്ത് എൻ്റെ മാനസികാരോഗ്യം മുഴുവൻ താറുമാറായി. ഡിപ്രഷനും ആങ്സൈറ്റിക്കും മരുന്നെടുക്കേണ്ടി വരുന്നു. 

എൻ്റെ കുടുംബവും എനിക്ക് ചുറ്റുമുള്ളവരും ഞാനുണ്ടാക്കിയ ബന്ധങ്ങളുമെല്ലാം വളരെ നല്ല മനുഷ്യരാണ്. എനിക്ക് ബുദ്ധിമുട്ടുകളുണ്ടാകുന്നത് എന്നെ നന്നായി അറിയുകപോലും ചെയ്യാത്ത സമൂഹത്തിൽ നിന്നാണ്. എനിക്ക് സന്തോഷമായി സമാധാനത്തോടെ ജീവിക്കാൻ പരിരക്ഷ നൽകുന്ന നിയമമുള്ള രാജ്യത്താണ് ഞാൻ ജീവിക്കുന്നത്. എന്നിട്ടും എനിക്ക് ഇതൊക്കെ നടക്കുന്നത് എന്തുകൊണ്ടാണ്? ഒരു സ്ത്രീയായതുകൊണ്ട് മാത്രം ഇതൊക്കെ സഹിക്കുകയും അനുഭവിക്കുകയും ചെയ്യേണ്ടിവരുന്നത് വളരെ മോശമായ അവസ്ഥയാണ്.

നിയമപരമായി മുന്നോട്ട്

വളരെ മോശം കമൻ്റുകൾ ചെയ്തയാളുകൾക്കെതിരെ പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. അവരതിൽ കൃത്യമായും നടപടി സ്വീകരിക്കുന്നുണ്ട്. നിയമനടപടികളുമായി മുന്നോട്ട് പോകും. പോസ്റ്റിൽ പരാമർശിക്കുന്ന വ്യക്തിയുടെ ഭാഗത്തു നിന്ന് എന്തെങ്കിലും തരത്തിൽ ചെറിയൊരു നീക്കമെങ്കിലും വന്നാൽ പരാതി ഫയൽ ചെയ്ത് തന്നെ മുന്നോട്ട് പോകും. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് വലിയ പിന്തുണ ലഭിക്കുന്നുണ്ട്. നിങ്ങളിത് നേരത്തെ ചെയ്യണമായിരുന്നുവെന്ന് പറഞ്ഞ് പിന്തുണയറിയിക്കുന്നവരുണ്ട്. സഹപ്രവർത്തകരും സംഘടനയുമെല്ലാം വലിയ പിന്തുണയാണ്.

click me!