കഷ്ടതകളെ ബൗള്‍ഡാക്കിയ അശ്വനി കുമാര്‍, മുംബൈയുടെ പേസ് സെൻസേഷൻ
അശ്വിനി കുമാര്‍ എന്ന 23കാരൻ ഇടം കയ്യില്‍ പന്തെടുത്തിട്ട് ഒരു പതിറ്റാണ്ട് പിന്നിടുന്നു
തന്റെ ഗ്രാമത്തില്‍ നിന്ന് 11 കിലോ മീറ്റര്‍ താണ്ടണമായിരുന്നു അവന് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്റെ സ്റ്റേഡിയത്തിലെത്താൻ. പലപ്പോഴും സൈക്കിളായിരുന്നു അവന് കൂട്ട്. ഹര്‍കേഷിനോട് 30 രൂപ വാങ്ങി ഷെയര്‍ ഓട്ടോ പിടിച്ച് മൈതാനത്തേക്ക് പായുന്ന അശ്വിനി കുമാറിനെ ഝാൻജേരിയിലെ തെരുവുകള്‍ ഇന്ന് ഓര്‍ക്കുന്നുണ്ടാകും. രാവിലെ അഞ്ച് മണിക്ക് ആരംഭിക്കുന്ന പരിശീലനം അവസാനിക്കുന്നത് രാത്രി പത്ത് മണിക്കാണ്. വെയിലും മഴയുമൊന്നും അതിന് തടസമായില്ല. അശ്വിനിയുടെ പന്ത് നേരിടാത്ത യുവത ഝാൻജേരിയില്‍ തന്നെയുണ്ടാകില്ല. നെറ്റ്സില്‍ രണ്ടോ മൂന്നോ ഓവര്‍ എറിഞ്ഞ് തൃപ്തിപ്പെടുന്ന താരമായിരുന്നില്ല അശ്വിനി, പതിനഞ്ച് ഓവര്‍ വരെ എറിയും. പരിശീലകരായിരുന്നു പലപ്പോഴും അശ്വിനിയെ തടഞ്ഞിരുന്നത്.