കൊവിഡ് കാലത്തെ ക്വാറന്റൈൻ കഥ പറഞ്ഞ് 'അരികിൽ'; വൈറലായി ഹ്രസ്വചിത്രം
പ്രവാസിയായ ഒരാൾ നാട്ടിലെത്തിയാൽ അയാളെ എങ്ങനെയാണ് സ്വീകരിക്കേണ്ടതെന്നും അയാൾക്ക് നൽകേണ്ട ക്വാറന്റൈൻ സജ്ജീകരണങ്ങൾ എന്തൊക്കെയാണെന്നും വളരെ കൃത്യമായി തന്നെ ഈ ഹ്രസ്വ ചിത്രം പറഞ്ഞു തരുന്നുണ്ട്.
കൊച്ചി: ഒമാനിൽ നിന്നും നാട്ടിലെത്തുന്ന അഷ്റഫ് എന്ന പ്രവാസിയെക്കുറിച്ചും അയാളുടെ ക്വാറന്റൈൻ ജീവിതത്തെക്കുറിച്ചും പറയുന്ന ഹ്രസ്വചിത്രമാണ് അരികിൽ. അയാൾ തിരിച്ചെത്തുമ്പോൾ വീടിന്റെ പടിവാതിലിൽ അമ്മയും അച്ഛനും ഭാര്യയും കുഞ്ഞും നോക്കി നിൽക്കുന്നുണ്ട്. അടുത്ത് വരാനും സംസാരിക്കാനും സാധിക്കില്ലല്ലോ എന്ന സങ്കടം മാത്രമേയുള്ളൂ അവരുടെ മുഖത്ത്. അകലം പാലിച്ചു കൊണ്ട് തന്നെയാണ് അഷ്റഫ് കുടുംബാംഗങ്ങളോട് സംസാരിക്കുന്നതും ഇടപഴകുന്നതും. ഒരു വീട്ടിൽ രണ്ട് മുറികളിലിരുന്നാണ് ഫോണിലൂടെ അഷ്റഫ് ഭാര്യയോട് സംസാരിക്കുന്നത്, മോളുറങ്ങിയോ എന്ന് ചോദിക്കുന്നത്.
ആരോഗ്യപ്രവർത്തകരിലൊരാൾ വീട്ടിൽ വന്ന് നിർദ്ദേശങ്ങൾ നൽകുന്നതിൽ നിന്നാണ് 'അരികിൽ' ആരംഭിക്കുന്നത്. പിന്നീട് വീട്ടുകാർക്കൊപ്പമിരുന്ന് അഷ്റഫ് ഭക്ഷണം കഴിക്കുന്നുണ്ട്, വീഡിയോ കോൺഫറൻസിംഗിലൂടെയാണെന്ന് മാത്രം. പ്രവാസിയായ ഒരാൾ നാട്ടിലെത്തിയാൽ അയാളെ എങ്ങനെയാണ് സ്വീകരിക്കേണ്ടതെന്നും അയാൾക്ക് നൽകേണ്ട ക്വാറന്റൈൻ സജ്ജീകരണങ്ങൾ എന്തൊക്കെയാണെന്നും വളരെ കൃത്യമായി തന്നെ ഈ ഹ്രസ്വ ചിത്രം പറഞ്ഞു തരുന്നുണ്ട്.
സണ്ണി വെയ്ൻ ആണ് അഷ്റഫ് എന്ന പ്രവാസിയായി എത്തുന്നത്. എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഐ.എം.എ. കൊച്ചി, ഡി.എം.ഒ. എറണാകുളം, എൻ.എച്ച്.എം. എറണാകുളം എന്നിവ ചേർന്ന് പ്രവാസി മലയാളികൾക്കായി ഒരുക്കിയ ഹ്രസ്വചിത്രമാണ് 'അരികിൽ'. സണ്ണി വെയ്ൻ ആണ് അഷറഫ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടൻ മോഹൻലാൽ ഫേസ്ബുക് പേജ് വഴിയാണ് ഈ ഹ്രസ്വചിത്രം പുറത്തിറക്കിയത്. അമൃത് സംവിധാനം ചെയ്ത ചിത്രത്തിന്റെ കോ-ഡയറക്ടർ ആരോൺ വിനോദ് മാത്യു ആണ്.