കോലി ആദ്യ സെഞ്ചുറി നേടിയപ്പോഴത്തെ കഥ ഓര്‍ക്കുന്നോ? അന്ന് നെഞ്ചോട് ചേര്‍ത്തത് വേറെയാരുമല്ല! വീഡിയോ കാണാം
2009 ഡിസംബര്‍ 24ന് രാജ്യാന്തര ക്രിക്കറ്റില്‍ കോലി ആദ്യ സെഞ്ചുറി നേടിയപ്പോള്‍ ഒപ്പം പിന്തുണ നല്‍കിയത് ഗംഭീര്‍ ആയിരുന്നു
ലഖ്നൗ: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സിനെതിരായ ആര്‍സിബിയുടെ വിജയത്തിന് പിന്നാലെ വിരാട് കോലിയും ഗൗതം ഗംഭീറും തമ്മിലുണ്ടായ വാക്കേറ്റമാണ് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ച. ഇരുവരുടെയും ആരാധകര്‍ ഇതേ ചൊല്ലി പോരടിക്കുമ്പോള്‍ ഇരുവരും തമ്മിലുണ്ടായിരുന്ന അടുപ്പവും സ്നേഹവുമെല്ലാം എവിടെപ്പോയെന്നാണ് ചോദ്യം ഉയരുന്നത്. യുവതാരമായ കോലിക്ക് വേണ്ടി തനിക്ക് കിട്ടിയ പ്ലെയര്‍ ഓഫ് ദി മാച്ച് പോലും കൊടുത്ത പഴയ ഗൗതം ഗംഭീറിന്‍റെ കഥയാണ് ആരാധകര്‍ ഓര്‍മ്മപ്പെടുത്തുന്നത്.
2009 ഡിസംബര്‍ 24ന് രാജ്യാന്തര ക്രിക്കറ്റില്‍ കോലി ആദ്യ സെഞ്ചുറി നേടിയപ്പോള്‍ ഒപ്പം പിന്തുണ നല്‍കിയത് ഗംഭീര്‍ ആയിരുന്നു. ഗംഭീര്‍ ആ സമയം ഇന്ത്യക്ക് വേണ്ടി ആറോളം വര്‍ഷം കളിച്ച് കഴിഞ്ഞിരുന്നു. കൊല്‍ക്കത്ത ഈഡൻ ഗാര്‍ഡൻസില്‍ നടന്ന മത്സരത്തില്‍ 316 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ ഗംഭീറിന്‍റെയും കോലിയുടെയും മികവില്‍ വിജയത്തിലെത്തി. വീരേന്ദര്‍ സെവാഗിനെയും സച്ചിൻ ടെൻഡുല്‍ക്കറിനെയും നേരത്തെ നഷ്ടപ്പെട്ട ഇന്ത്യക്ക് വേണ്ടി ഗംഭീറും കോലിയും ചേര്‍ന്ന് 224 റണ്‍സ് കൂട്ടുക്കെട്ട് പടുത്തുയര്‍ത്തുകയായിരുന്നു.
137 പന്തില്‍ 14 ഫോറുകളോടെ 150 റണ്‍സാണ് ഗംഭീര്‍ അടിച്ചുകൂട്ടിയത്. 114 പന്തില്‍ 11 ഫോറും ഒരു സിക്സും നേടി കോലി 107 റണ്‍സും നേടി. മത്സരശേഷം ഗംഭീറിനെയാണ് പ്ലെയര്‍ ഓഫ് ദി മാച്ചായി തെരഞ്ഞെടുത്തത്. എന്നാല്‍, അത് കോലി നല്‍കണമെന്ന് ഗംഭീര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രസന്‍റര്‍ ആയിരുന്ന രവി ശാസ്ത്രി കോലിയെ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്കാരം വാങ്ങുന്നതിനായി ക്ഷണിക്കുകയായിരുന്നു.
അതേസമയം, ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരത്തിനിടെ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട വിരാട് കോലിക്കും ഗൗതം ഗംഭീറിനും നവീന്‍ ഉല്‍ ഹഖിനും പിഴ ചുമത്തിയിരുന്നു. ആര്‍സിബി താരമായ കോലിയും ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സ് മെന്ററായ ഗൗതം ഗംഭീറും മാച്ച് ഫീയുടെ 100 ശതമാനവും പിഴയടയ്ക്കണം. ലഖ്‌നൗവിന്റെ അഫ്ഗാനിസ്ഥാന്‍ താര നവീന്‍ ഉള്‍ ഹഖിന് മാച്ച് ഫീയുടെ 50 ശതമാനമാണ് പിഴ. ഐപിഎല്‍ ചട്ടം ലംഘിച്ചുവെന്നാണ് അച്ചടക്ക സമിതി വ്യക്തമാക്കുന്നത്.