പാഠം പഠിക്കാത്ത സഞ്ജു! ഈ ഗുരുതര പിഴവുകൾ ചാടിച്ചത് വലിയ കുഴിയിൽ, ചങ്ക് പറിച്ച് കൊടുത്ത ആരാധകർക്ക് നിരാശ
മുംബൈയോട് ഇതേ പോലെ വൻ സ്കോര്‍ നേടിയിട്ടും രാജസ്ഥാൻ തോറ്റിരുന്നു. അതേ പിഴവുകള്‍ വീണ്ടും ആവര്‍ത്തിച്ചത് ആരാധകരെ ശരിക്കും അലോസരപ്പെടുത്തിയിട്ടുണ്ട്.
ജയ്പുര്‍: നിര്‍ണായകമായ ഒരു മത്സരത്തില്‍ 200ന് മുകളില്‍ റണ്‍സ് ടീം സ്കോര്‍ ചെയ്തിട്ടും തോല്‍വിയേറ്റതോടെ കടുത്ത നിരാശയില്‍ രാജസ്ഥാൻ റോയല്‍സ് ആരാധകര്‍. മുംബൈയോട് ഇതേ പോലെ വൻ സ്കോര്‍ നേടിയിട്ടും രാജസ്ഥാൻ തോറ്റിരുന്നു. അതേ പിഴവുകള്‍ വീണ്ടും ആവര്‍ത്തിച്ചത് ആരാധകരെ ശരിക്കും അലോസരപ്പെടുത്തിയിട്ടുണ്ട്. ടൂര്‍ണമെന്‍റിന്‍റെ ആദ്യ പകുതി പിന്നിട്ടപ്പോള്‍ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന ടീമാണ് ഇപ്പോള്‍ പ്ലേ ഓഫില്‍ കളിക്കുമോ എന്ന് പോലും ഉറപ്പില്ലാത്ത അവസ്ഥയില്‍ വന്നു നില്‍ക്കുന്നത്.
ഇതിന്‍റെ എല്ലാ ഉത്തരവാദിത്തവും ടീം മാനേജ്മെന്‍റിനും പരിശീലകൻ കുമാര്‍ സംഗക്കാരയ്ക്കും നായകൻ സഞ്ജു സാംസണുമാണ്. തോല്‍വിയില്‍ നിന്ന് ഒരു പാഠവും പഠിക്കാത്ത സഞ്ജുവിനെതിരെ ആരാധകര്‍ ശക്തമായി പ്രതികരിക്കുന്നുണ്ട്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാന്‍റെ തോല്‍വിക്ക് കാരണമാണ് പ്രധാന മൂന്ന് പിഴവുകള്‍ ഇവയാണ്.
1. സഞ്ജു വരുത്തിയ ബൗളിംഗ് മാറ്റങ്ങള്‍
മുംബൈക്കെതിരെ അവസാന ഓവര്‍ ജേസണ്‍ ഹോള്‍ഡറിന് നല്‍കിയത് പോലെ ഇത്തവണയും സഞ്ജുവിന് വലിയ ഒരു അബദ്ധം സംഭവിച്ചു. അനുഭവസമ്പത്ത് ഒട്ടുമില്ലാത്ത പുതുമുഖ താരം കുല്‍ദീപ് യാദവിന് 19-ാം ഓവര്‍ എന്തിനാണ് നല്‍കിയതെന്നാണ് ആരാധകരുടെ ചോദ്യം. രണ്ടോവറില്‍ 41 റണ്‍സ് വേണ്ടിയിരുന്ന സണ്‍റൈസേഴ്സിന് ഇത് ശരിക്കും ലോട്ടറി അടിച്ച പോലെയായി. ആദ്യ രണ്ട് പന്തും ഫുള്‍ ടോസ് ലഭിച്ച ഗ്ലെൻ ഫിലിപ്സിന് കാര്യങ്ങള്‍ നിസാരമായി. ആ ഓവറില്‍ 24 റണ്‍സാണ് സണ്‍റൈസേഴ്സ് അടിച്ചു കൂട്ടിയത്. 19-ാം ഓവര്‍ കളി ജയിപ്പിക്കുമെന്ന ക്രിക്കറ്റ് ലോകത്തെ ചൊല്ല് സഞ്ജു മറന്നു പോയി. സന്ദീപ് ശര്‍മ്മ, ഒബേദ് മക്‌കോയി എന്നിവര്‍ക്ക് ഓവറുകള്‍ ബാക്കിയുള്ളപ്പോഴാണ് സഞ്ജു ഇത്തരമൊരു റിസ്ക്ക് എടുത്തത്.
2. ഇംപാട്ക് പ്ലെയറിന്‍റെ ഉപയോഗം
ഇംപാക്ട് പ്ലെയറിനെ ഉപയോഗപ്പെടുത്തുന്ന കാര്യത്തില്‍ കഴിഞ്ഞ കുറച്ച് മത്സരങ്ങളായി രാജസ്ഥാൻ റോയല്‍സ് നിരാശപ്പെടുത്തുന്നുണ്ട്. മുംബൈക്കെതിരെ തോറ്റ കളിയില്‍ കുല്‍ദീപ് സെന്നിനെ ഉപയോഗിച്ച തന്ത്രമാണ് പിഴച്ചത്. സണ്‍റൈസേഴ്സിന് എതിരെ ഒബേദ് മക്‌കോയിയെ കൊണ്ട് വരുന്നത് 17-ാം ഓവറിലാണ്. മൂന്ന് വിദേശ താരങ്ങളെ മാത്രം ആദ്യ ഇലവനില്‍ പരീക്ഷിച്ച രാജസ്ഥാൻ മക്‌കോയിയെ പോലെ ഐപിഎല്ലിലും രാജസ്ഥാനും വേണ്ടി കളിച്ച് പരിചയമുള്ള ഒരു താരത്തെ കൊണ്ട് വന്നത് ഏറെ വൈകിയാണ്.
ഈ സീസണില്‍ ആദ്യമായി അവസരം ലഭിക്കുന്ന താരത്തെ ഡെത്ത് ഓവറില്‍ കൊണ്ട് വരുന്നതിന്‍റെ യുക്തിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഒരു സിക്സും ഫോറും വഴങ്ങിയെങ്കിലും ഒരു വിക്കറ്റിനുള്ള അവസരം താരം ഉണ്ടാക്കിയിരുന്നു. ഇത് സഞ്ജു തന്നെയാണ് പാഴാക്കിയത്. 17-ാം ഓവറില്‍ കൊണ്ട് വന്നിട്ടും ഡെത്തില്‍ എറിഞ്ഞ് പരിചയമുള്ള മക്‌കോയിക്ക് പിന്നെ ഒരു അവസരം കൊടുത്തില്ല എന്നത് ആശ്ചര്യപ്പെടുത്തുന്നതാണ്.
3. റണ്‍ഔട്ട് അവസരം
ഹൈരദാരാബാദ് ഇന്നിംഗ്സില്‍ മുരുഗന്‍ അശ്വിന്‍ എറഞ്ഞ പന്ത്രണ്ടാം ഓവറില്‍ അഭിഷേക് ശര്‍മയെ റണ്ണൗട്ടാക്കാന്‍ ലഭിച്ച അവസരമാണ് നായകൻ സഞ്ജു തന്നെയാണ് നഷ്ടമാക്കിയത്. ഷോര്‍ട്ട് പോയന്‍റില്‍ ഷിമ്രോണ്‍ ഹെറ്റ്മെയറുടെ കൈകളിലേക്ക് നേരെ അടിച്ച പന്തില്‍ റണ്ണോടാന്‍ ശ്രമിച്ച അഭിഷേകിനെ രാഹുല്‍ ത്രിപാഠി തിരിച്ചയച്ചു. ഇതിനകം ഹെറ്റ്മെയറുടെ ത്രോ എത്തിയെങ്കിലും പന്ത് കൈയിലെത്തും മുമ്പ് സഞ്ജുവിന്‍റെ ഗ്ലൗസ് തട്ടി ഒരു ബെയ്ല്‍സിളകി.