'13 കളിയായി അവന്‍ ഒരു ഫിഫ്റ്റിയെങ്കിലും അടിച്ചിട്ട്'; പൃഥ്വി ഷാക്കെതിരെ തുറന്നടിച്ച് റിക്കി പോണ്ടിംഗ്
ഈ സീസണില്‍ മാത്രമല്ല, കഴിഞ്ഞ സീസണില്‍ അവസാനം കളിച്ച അഞ്ചോ ആറോ മത്സരങ്ങളിലും അവന്‍റെ പ്രകടനം മോശമായിരുന്നു. കഴിഞ്ഞ സീസണിലെയും ഈ സീസണിലെയും കണക്കെടുത്താല്‍ 13 മത്സരങ്ങളായി ഒരു അര്‍ധസെഞ്ചുറി പോലും ഓപ്പണറായി ഇറങ്ങി അവന്‍ അടിച്ചിട്ടില്ല.
ദില്ലി: ഐപിഎല്ലില്‍ തുടര്‍ തോല്‍വികളില്‍ വലഞ്ഞ ഡല്‍ഹി ക്യാപിറ്റല്‍സ് അവസാനം കളിച്ച രണ്ട് കളികളും ജയിച്ച് വിജയപാതയിലാണെങ്കിലും പോയന്‍റ് പട്ടികയില്‍ ഇപ്പോഴും അവസാന സ്ഥാനത്താണ്. ഇന്ന് ഹോം മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടാനിറങ്ങുകയാണ് ഡല്‍ഹി. ഇതിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഓപ്പണര്‍ പൃഥ്വി ഷായുടെ മോശം പ്രകടനത്തെ രൂക്ഷമായി വിമര്‍ശിച്ച് ടീം പരിശീലകനായ റിക്കി പോണ്ടിംഗ്.
ഈ സീസണില്‍ ആറ് മത്സരങ്ങളില്‍ 47 റണ്‍സ് മാത്രമാണ് പൃഥ്വി ഷാ നേടിയത്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ കഴിഞ്ഞ എവേ മത്സരത്തില്‍ പൃഥ്വി ഷായെ പുറത്തിരുത്തിയാണ് ഡല്‍ഹി ഇറങ്ങിയത്. ഇന്നും പഥ്വി ഷാക്ക് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം കിട്ടുമോ എന്ന് ഉറപ്പില്ല. ഇതിനിടെയാണ് ഷായ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പരിശീലകന്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്.
കഴിവും പ്രതിഭയുമുള്ള കളിക്കാരനാണ് പൃഥ്വി ഷാ, അതുകൊണ്ടാണ് അവനെ ഞങ്ങള്‍ ലേലത്തിന് മുമ്പ് നിലനിര്‍ത്തിയത്. കാരണം അവന്‍ കുറച്ചു പന്തുകളെങ്കിലും കളിച്ചാല്‍ ആ കളിയില്‍ ഞങ്ങള്‍ക്ക് 95 ശതമാനം വിജയസാധ്യതയുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. എന്നാല്‍ ഈ സീസണില്‍ ഇതുവരെ പ്രതിഭക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ അവന് കഴിഞ്ഞിട്ടില്ല.
ഈ സീസണില്‍ മാത്രമല്ല, കഴിഞ്ഞ സീസണില്‍ അവസാനം കളിച്ച അഞ്ചോ ആറോ മത്സരങ്ങളിലും അവന്‍റെ പ്രകടനം മോശമായിരുന്നു. കഴിഞ്ഞ സീസണിലെയും ഈ സീസണിലെയും കണക്കെടുത്താല്‍ 13 മത്സരങ്ങളായി ഒരു അര്‍ധസെഞ്ചുറി പോലും ഓപ്പണറായി ഇറങ്ങി അവന്‍ അടിച്ചിട്ടില്ല. ഈ സീസണില്‍ കളിച്ച ആറ് കളികളില്‍ 40 റണ്‍സോ മറ്റോ ആണ് അവനാകെ അടിച്ചത്. ഞങ്ങള്‍ക്കിപ്പോള്‍ വേണ്ടത് അതല്ല.
മറ്റ് ടീമുകളിലെ യുവതാരങ്ങള്‍ ടോപ് ഓര്‍ഡറില്‍ തകര്‍ത്തടിക്കുമ്പോഴാണ് അവനിങ്ങനെ നിറം മങ്ങുന്നത്. അവരൊക്കെ പൃഥ്വിയെക്കാള്‍ മികച്ച പ്രകടനമാണ് ഈ സീസണില്‍ പുറത്തെടുക്കുന്നത്. പൃഥ്വിയെ പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കുക എന്നത് ബുദ്ധിമുട്ടാണെങ്കിലും അങ്ങനെ ചെയ്യേണ്ടിവന്നതാണ്. ഇന്നത്തെ മത്സരത്തില്‍ ഹൈദരാബാദിനെ തോല്‍പ്പിച്ച് ഡല്‍ഹിക്ക് വിജയക്കുതിപ്പ് തുടരാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പോണ്ടിംഗ് പറഞ്ഞു.