ദുബെ വെടിക്കെട്ടായി, ജഡേജ-ധോണി ഫിനിഷിംഗില്ല; സിഎസ്‌കെയ്‌ക്ക് പൊരുതാവുന്ന സ്കോര്‍
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പ്രതീക്ഷിച്ച മികവിലേക്ക് സ്വന്തം തട്ടകത്തില്‍ തുടക്കത്തില്‍ ഉയര്‍ന്നില്ല
ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 145 റണ്‍സ് വിജയലക്ഷ്യം. ചെന്നൈയിലെ ചെപ്പോക്കില്‍ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ സിഎസ്‌കെ പതിഞ്ഞ തുടക്കത്തിനും മധ്യനിര ഓവറുകള്‍ക്കും ശേഷം നിശ്ചിത 20 ഓവറില്‍ 144-6 എന്ന സ്കോറിലേക്ക് കരകയറി. ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ ശിവം ദുബെയും രവീന്ദ്ര ജഡേജയുമാണ് സിഎസ്‌കെയെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത്. ഒരവസരത്തില്‍ 72-5 എന്ന നിലയിലായിരുന്നു ചെന്നൈ. സുനില്‍ നരെയ്‌നും വരുണ്‍ ചക്രവര്‍ത്തിയും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ 48 റണ്‍സെടുത്ത ദുബെയാണ് ടോപ് സ്കോറര്‍.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പ്രതീക്ഷിച്ച മികവിലേക്ക് സ്വന്തം തട്ടകത്തില്‍ തുടക്കത്തില്‍ ഉയര്‍ന്നില്ല. ഇന്നിംഗ്‌സിലെ നാലാം ഓവറില്‍ ഓപ്പണര്‍ റുതുരാജ് ഗെയ്‌ക്‌വാദ്(13 പന്തില്‍ 17) വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ പുറത്തായി. ഗെയ്‌ക്‌വാദ്-കോണ്‍വേ സഖ്യം ഇക്കുറി 31 റണ്‍സ് മാത്രമാണ് ഓപ്പണിംഗ് വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. മൂന്നാമനായി ക്രീസിലെത്തിയ അജിങ്ക്യ രഹാനെയും(11 പന്തില്‍ 16) അധികം വളരാന്‍ ചക്രവര്‍ത്തി അനുവദിച്ചില്ല. എട്ടാം ഓവറിലെ അവസാന പന്തില്‍ രഹാനെയെ ജേസന്‍ റോയിയുടെ കൈകളില്‍ എത്തിക്കുകയായിരുന്നു. മറ്റൊരു ഓപ്പണറായ ദേവോണ്‍ കോണ്‍വേ കരകയറ്റും എന്ന് തോന്നിച്ചെങ്കിലും 28 പന്തില്‍ 30 റണ്‍സെടുത്ത് നില്‍ക്കേ ഷര്‍ദ്ദുല്‍ ഠാക്കൂര്‍ മടക്ക ടിക്കറ്റൊരുക്കി.
നരിയായി നരെയ്‌ന്‍
പിന്നാലെ അമ്പാട്ടി റായുഡുവിനെയും(7 പന്തില്‍ 4), മൊയീന്‍ അലിയേയും(2 പന്തില്‍ 1) സുനില്‍ നരെയ്‌ന്‍ ഒരേ ഓവറില്‍ പുറത്താക്കിയതോടെ കെകെആര്‍ പിടിമുറുക്കി. അഞ്ച് വിക്കറ്റ് നഷ്‌ടമായപ്പോള്‍ 11 ഓവറില്‍ 72 റണ്‍സേ സിഎസ്‌കെയ്‌ക്ക് ഉണ്ടായിരുന്നുള്ളൂ. ഇതിന് ശേഷം ശിവം ദുബെ-രവീന്ദ്ര ജഡേജ സഖ്യത്തിലായി പ്രതീക്ഷകളെല്ലാം. ഇരുവരും ക്രീസില്‍ നില്‍ക്കേ 17 ഓവറിലെ സ്കോര്‍ 115-5. ഫിനിഷിംഗില്‍ കാര്യമായൊന്നും ചെയ്യാന്‍ ജഡേജയ്‌ക്ക് കഴിയാതെ വന്നെങ്കിലും ദുബെ ടീമിന് പൊരുതാവുന്ന സ്കോര്‍ ഉറപ്പിച്ചു. വൈഭവ് അറോറയുടെ 20-ാം ഓവറിലെ നാലാം പന്തില്‍ ജഡേജ(24 പന്തില്‍ 20) പുറത്തായി. അഞ്ചാം പന്തില്‍ ഫ്രീഹിറ്റ് മുതലാക്കാന്‍ എം എസ് ധോണിക്കായില്ല. ദുബെ 34 പന്തില്‍ 48* ഉം, ധോണി 3 പന്തില്‍ 2* ഉം റണ്‍സുമായി പുറത്താവാതെ നിന്നു.
പ്ലേയിംഗ് ഇലവനുകള്‍
ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റുതുരാജ് ഗെയ്‌ക്‌വാദ്, ദേവോണ്‍ കോണ്‍വേ, അജിങ്ക്യ രഹാനെ, അമ്പാട്ടി റായുഡു, ശിവം ദുബെ, മൊയീന്‍ അലി, രവീന്ദ്ര ജഡേജ, എം എസ് ധോണി(ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), ദീപക് ചാഹര്‍, തുഷാര്‍ ദേശ്‌പാണ്ഡെ, മഹീഷ് തീക്‌ഷന.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: റഹ്‌മാനുള്ള ഗുര്‍ബാസ്(വിക്കറ്റ് കീപ്പര്‍), ജേസന്‍ റോയി, നിതീഷ് റാണ(ക്യാപ്റ്റന്‍), ആന്ദ്രേ റസല്‍, റിങ്കു സിംഗ്, ഷര്‍ദ്ദുല്‍ താക്കൂര്‍, സുനില്‍ നരെയ്‌ന്‍, വൈഭവ് അറോറ, ഹര്‍ഷിത് റാണ, സുയാഷ് ശര്‍മ്മ, വരുണ്‍ ചക്രവര്‍ത്തി.
Read more: ധോണി 2.0; 'തല'യുടെ തനിപ്പകര്‍പ്പ്! നോ-ലുക്ക് റണ്ണൗട്ടുമായി അനൂജ് റാവത്ത്- വീഡിയോ