വൈദ്യുതി ബില്ല് കൂടുമ്പോൾ ജീവനക്കാർക്ക് നേരെ ശബ്ദമുയർത്തുക, ബോസിന് ആരോടെങ്കിലും പ്രശ്നമുണ്ടായാൽ അവർക്ക് ലീഗൽ നോട്ടീസ് അയക്കുക, സാലറി കട്ട് ചെയ്യുക, എപ്പോഴും ജീവനക്കാരെ നിരീക്ഷിച്ചു കൊണ്ടിരിക്കുക, ജീവനക്കാർ പരസ്പരം സംസാരിക്കാൻ സമ്മതിക്കാതിരിക്കുക, ഷൂ ഇട്ട് അകത്തേക്ക് പ്രവേശിക്കാൻ വിടാതിരിക്കുക തുടങ്ങി ഒരുപാട് കാര്യങ്ങളാണ് ബോസ് ചെയ്യുന്നത്.
റെഡ്ഡിറ്റ് പോസ്റ്റിൽ മിക്കവാറും കണ്ടുവരുന്ന പോസ്റ്റുകൾ പലപ്പോഴും ജോലി സംബന്ധമായ വിഷയങ്ങളായിരിക്കും. സ്ഥാപനങ്ങളിൽ നിന്നും മേലുദ്യോഗസ്ഥരിൽ നിന്നും അനുഭവിക്കേണ്ടി വരുന്ന പ്രശ്നങ്ങളെ കുറിച്ചും മറ്റും അനേകങ്ങളാണ് പോസ്റ്റിടാറ്. അതിനെ എങ്ങനെ മറികടക്കാം തുടങ്ങിയ സംശയങ്ങളും പലരും ചോദിക്കാറുണ്ട്. അതുപോലെ, ഒരു യുവതി കുറിച്ച പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. തന്റെ ബോസിനെ കുറിച്ചാണ് യുവതി പോസ്റ്റിൽ പറയുന്നത്.
തന്റെ ബോസ് ഓഫീസിൽ നടപ്പിലാക്കുന്ന ചൂഷണത്തിന്റെ പരിധിയിൽ പെടുത്താവുന്ന ചില നിയമങ്ങളാണ് യുവതി പറയുന്നത്. തികച്ചും ടോക്സിക് ആയ ഒന്നാണ് ഈ ഓഫീസിലെ സാഹചര്യം എന്ന് ആരായാലും പറഞ്ഞുപോവും.
അതിൽ വൈദ്യുതി ബില്ല് കൂടുമ്പോൾ ജീവനക്കാർക്ക് നേരെ ശബ്ദമുയർത്തുക, ബോസിന് ആരോടെങ്കിലും പ്രശ്നമുണ്ടായാൽ അവർക്ക് ലീഗൽ നോട്ടീസ് അയക്കുക, സാലറി കട്ട് ചെയ്യുക, എപ്പോഴും ജീവനക്കാരെ നിരീക്ഷിച്ചു കൊണ്ടിരിക്കുക, ജീവനക്കാർ പരസ്പരം സംസാരിക്കാൻ സമ്മതിക്കാതിരിക്കുക, ഷൂ ഇട്ട് അകത്തേക്ക് പ്രവേശിക്കാൻ വിടാതിരിക്കുക തുടങ്ങി ഒരുപാട് കാര്യങ്ങളാണ് ബോസ് ചെയ്യുന്നത് എന്നാണ് യുവതിയുടെ പോസ്റ്റിൽ പറയുന്നത്.
എപ്പോഴും സിസിടിവി നോക്കിക്കൊണ്ടിരിക്കുമെന്നും ആരെങ്കിലും പരസ്പരം സംസാരിച്ചാൽ സീറ്റ് മാറ്റുമെന്ന് പറയുമെന്നും പോസ്റ്റിൽ പറയുന്നു. 'Icy_Diet8893' എന്ന യൂസറാണ് പോസ്റ്റ് റെഡ്ഡിറ്റിൽ ഷെയർ ചെയ്തിരിക്കുന്നത്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്.
ഇത് ഏതെങ്കിലും ചെറിയ ഒരു ഓഫീസ് ആയിരിക്കണം എന്നാണ് പലരും പറഞ്ഞത്. അല്ലാതെ എവിടെയാണ് ഒരു ബോസ് ഇങ്ങനെ പെരുമാറുക എന്ന് പലരും ചോദിച്ചു. എന്തിനാണ് ആ ഓഫീസിൽ തുടരുന്നത്, അവിടെ നിന്നും എത്രയും പെട്ടെന്ന് മാറൂ എന്ന് പറഞ്ഞവരും അനേകം ഉണ്ട്.